ദുല്‍ഖര്‍ കൂളാണ്, അദ്ദേഹത്തോടൊപ്പം വീണ്ടും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്: മധുബാല
Malayalam Cinema
ദുല്‍ഖര്‍ കൂളാണ്, അദ്ദേഹത്തോടൊപ്പം വീണ്ടും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്: മധുബാല
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 5th August 2026, 11:00 pm

1992ല്‍ പുറത്തിറങ്ങിയ മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലെ ടൈറ്റില്‍ ക്യാരക്ടറായി ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് പരിചിതയായ അഭിനേത്രിയാണ് മധുബാല. തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, മലയാളം തുടങ്ങി ഇന്ത്യയിലെ മുന്‍നിര സിനിമാ മേഖലകളിലെല്ലാം സജീവമായ താരം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു വര്‍ഷ വാസുദേവ് സംവിധാനം ചെയ്ത ചിന്ന ചിന്ന ആസൈ.

ചിന്ന ചിന്ന ആസൈ.. Photo: The New Indian Express

ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ നായികയായിട്ടായിരുന്നു മധുബാല വേഷമിട്ടത്. വാരണാസിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ അപര്‍ണ ബാലമുരളി, വിഷ്ണു അഗസ്ത്യ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നെങ്കിലും തിയേറ്ററില്‍ ചിത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലാതെ മാറുകയായിരുന്നു.

ചിന്ന ചിന്ന ആസൈയുമായി ബന്ധപ്പെട്ട് മലയാളം സ്‌പോട്ട്‌ലൈറ്റ് എന്ന് ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാളത്തില്‍ ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുള്ള നടന്‍ ആരാണെന്ന അവതാരകയുടെ ചോദ്യത്തിന് മധുബാല നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. യുവതാരം ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു മലയാള സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു താരം നല്‍കിയ മറുപടി. ദുല്‍ഖറിനൊപ്പം സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിന്റെ തമിഴ് വേര്‍ഷനില്‍ താരം വേഷമിട്ടിരുന്നു.

‘ദുല്‍ഖറിനൊപ്പം വീണ്ടും അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തോടൊപ്പം തമിഴ്-മലയാളം ബൈ ലിങ്ക്വല്‍ ആയി ഷൂട്ട് ചെയ്ത വായ് മൂടി പേസാവും എന്ന ചിത്രത്തിലാണ് ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചത്. അതിന് ശേഷം ദുല്‍ഖറിന്റെ വര്‍ക്കുകളെല്ലാം ഞാന്‍ ഫോളോ ചെയ്യാറുണ്ട്. അദ്ദേഹം ഭയങ്കര കൂളാണ്.

വായ് മൂടി പേസാവും. Photo: IMDB

മറ്റ് താരങ്ങളെല്ലാം അങ്ങനെയാണെങ്കിലും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ ഒരു സെന്റിമെന്റ്‌സിന്റെ കൂടെ ഭാഗമാണ്. കാരണം മലയാളത്തില്‍ എന്റെ ആദ്യ ചിത്രം മമ്മൂട്ടി സാര്‍ക്കൊപ്പമായിരുന്നു അതുപോലെ തമിഴില്‍ ദുല്‍ഖറിന്റെ ആദ്യ ചിത്രം എനിക്കൊപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വന്ന് അദ്ദേഹത്തോടൊപ്പം ഒരു ചിത്രം ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്,’ മധുബാല പറഞ്ഞു.

Content Highlight: Madhu balatalks about her wish to act with Dulquer Salman in an Malayalam movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.