ന്യൂദല്‍ഹി: എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ലക്ഷ്യമിട്ട് ദല്‍ഹി പൊലീസ് സി.പി.ഐ.എം ആസ്ഥാനമായ എ.കെ.ജി ഭവനില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി. എന്ത് തോന്ന്യവാസവും കാണിക്കാമെന്ന നിലയിലേക്ക് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പോലീസ് അധഃപതിച്ചിരിക്കുകയാണെന്ന് എ.കെ.ജി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ബേബി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് വേട്ടക്കെതിരെ സുപ്രീം കോടതി നിലപാടെടുത്തിട്ടും അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന നിലപാടാണ് മോദിയുടെയും അമിത് ഷായുടെയും പൊലീസ് സ്വീകരിക്കുന്നത്. എ.കെ.ജി സെന്ററില്‍ അതിക്രമിച്ച് കയറിയ മോദിയുടെയും അമിത് ഷായുടെയും പൊലീസിന്റെ നടപടിയെ കുറിച്ച് പറയാന്‍ തെമ്മാടിത്തം എന്നുള്ള വാക്കെങ്കിലും ഉപയോഗിക്കണമെന്നും എം.എ. ബേബി പറഞ്ഞു.
‘ഇന്നലെ സുപ്രീം കോടതിക്ക് തന്നെ പറയേണ്ടിവന്നു. വിദ്യാര്‍ത്ഥി സമരത്തിന് നേരെ ജന്തര്‍ മന്ദറില്‍ പോലീസ് നടത്തിയ ക്രൂരമായ വേട്ട. അതില്‍ സുപ്രീം കോടതി ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍.
എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് പൊലീസ്. തെമ്മാടിത്തം എന്നുള്ള വാക്കെങ്കിലും ഉപയോഗിക്കണം ഈ ഇവിടെ ഇപ്പോ എ.കെ.ജി ഭവനില്‍ വന്നിട്ട് മോഡിയുടെയും അമിത്ഷായുടെയും പൊലീസ് കാണിക്കാന്‍ ശ്രമിച്ച കാര്യങ്ങളെ വിശേഷിപ്പിക്കാന്‍,’ ബേബി പറഞ്ഞു.
നരേന്ദ്ര മോദി ഡൊണാള്‍ഡ് ട്രംപിന് പഠിക്കുകയാണെന്ന് തോന്നുന്നു. വെനസ്വേലയിലെ പ്രസിഡന്റിനെ ട്രംപ് അയച്ച സൈനികര്‍ പോയി അവിടുത്തെ സുരക്ഷാഭടന്മാരെയും ഒക്കെ വകവരുത്തിയിട്ട് പിടിച്ചുകൊണ്ടുപോയി ന്യൂയോര്‍ക്കിലെ ഒരു ജയിലില്‍ ഇട്ടിരിക്കുകയാണ്. ഒരു രാജ്യത്തിന്റെ ഭരണത്തലവനെയാണ് ട്രംപ് ഇത്തരത്തില്‍ ചെയ്തത്.
ഇറാനിലെ ഭരണ നേതൃത്വത്തില്‍ പെട്ട ഒരുപാട് ആളുകളെ അമേരിക്ക ഇസ്രയേലുമായി ചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്തുകയുണ്ടായി. അതിന്റെ ഒരു ചെറിയ പതിപ്പ് പ്രതിപക്ഷത്തില്‍ പെട്ടവര്‍ക്ക് നേര്‍ക്ക് ട്രംപിന്റെ മാതൃകയില്‍ മോദി ചെയ്യുകയാണെന്നും ബേബി പറഞ്ഞു.
യാതൊരു പ്രതികാര നടപടികളും ഉണ്ടാവില്ലെന്നും വിദ്യാര്‍ത്ഥി നേതാക്കന്മാരുടെ പേരില്‍ കേസുകള്‍ ഒന്നും എടുക്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ആ പറഞ്ഞതും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ബേബി പറഞ്ഞു.
രാജ്യത്തെ കള്ളം പറഞ്ഞു പറ്റിക്കാം എന്നാണ് മോദിയും അമിത്ഷായും എല്ലാം കൂടി തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോഴാണ്, ജനപ്രതിനിധികളെല്ലാം ഡല്‍ഹിയില്‍ ഉള്ളപ്പോഴാണ് ഇത്ര വലിയ ക്രിമിനല്‍ കുറ്റം ആണ് ഇവര്‍ കാണിച്ചിരിക്കുന്നതെന്നും ബേബി ചൂണ്ടിക്കാട്ടി.
ഇത് തൊഴിലാളിവര്‍ഗ പ്രസ്ഥാനം അംഗീകരിക്കുന്ന പ്രശ്‌നമേ ഇല്ല. എന്ത് വിലകൊടുത്തും ഈ പൊലീസ് രാജിനെതിരായിട്ട് ഉറച്ച പോരാട്ടം ഞങ്ങള്‍ നടത്തുക തന്നെ ചെയ്യും.
ജോണ്‍ ബ്രിട്ടാസില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ വിവരം നെയിം പ്ലേറ്റ് ഇല്ലാത്ത, യൂണിഫോമില്‍ അല്ലാത്തവര്‍ പൊലീസിനൊപ്പം വന്നെന്നാണ്. സോനം വാങ്ചുക്കിനെ സമരസ്ഥലത്തു നിന്നും തട്ടിക്കൊണ്ടുപോയത് പോലെ ഐഷി ഘോഷിനെ പാര്‍ട്ടി ഓഫീസില്‍ നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള ഒരു പദ്ധതിയാണ് മോദിയും അമിത്ഷായും ഡല്‍ഹി പൊലീസും കൂടെ ചേര്‍ന്ന് തയ്യാറാക്കിയതെന്ന് വേണം അനുമാനിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇതൊന്നും വിജയിക്കാന്‍ പോകുന്നില്ല. വിപരീതകാലേ വിനാശബുദ്ധി എന്ന് പ്രസിദ്ധമായിട്ടുള്ള ഒരു ചൊല്ലുണ്ട്. ഇതാണ് മോഡിയുടെയും അമിത്ഷായുടെയും ഈ പിത്തലാട്ടങ്ങള്‍ കാണുമ്പോള്‍ ഒരു പ്രതികരണം എന്ന നിലയില്‍ പറയാനുള്ളത്,’ ബേബി പറഞ്ഞു.
നാളെ ഇത് എനിക്ക് നേരെയോ എം.പിമാര്‍ക്ക് നേരെയോ വരാം. പക്ഷേ ഭയത്തിന് വിരാമമിടാന്‍ കഴിഞ്ഞു. ഭയരഹിതമായി പ്രതികരിക്കാന്‍ ഈ രാജ്യം ഉണരുകയാണ്. ജന്തര്‍മന്ദറില്‍ നടന്ന സമരം അതിന് സഹായിച്ചു. അതാണ് ഈ ഭരണകൂടത്തെ പരിഭ്രാന്തിയിലേക്ക് തള്ളിവിടുന്നതെന്നും ബേബി പുറഞ്ഞു.
ഇന്ന് വൈകിട്ടോടെയാണ് ദല്‍ഹി പൊലീസ് എ.കെ.ജി സെന്ററിലെത്തിയത്. എന്നാല്‍ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് തിരിച്ചുപോയി. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് ആണെങ്കില്‍ യൂണിഫോം ധരിച്ചും നെയിം പ്ലേറ്റ് ധരിച്ചും മടങ്ങി വരണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മടങ്ങിപ്പോയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ സി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായിരുന്നു ഐഷി ഘോഷ്. സി.ജെ.പിക്കൊപ്പം ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ വിദ്യാര്‍ത്തി സംഘടനകളുടെ പ്രതിനിധികളും ജന്തര്‍ മന്ദറിലെ നിരാഹാര സമരത്തില്‍ അടക്കം പങ്കാളികളായിരുന്നു.
Content Highlight: MA Baby on Delhi Police’s Move to Arrest Aishe Ghosh
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.