2026ലെ ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവും അര്‍ഹന്‍ അവനാണ്: ലോഥര്‍ മത്തൗസ്
Football
2026ലെ ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവും അര്‍ഹന്‍ അവനാണ്: ലോഥര്‍ മത്തൗസ്
സുദേവ് എ
Wednesday, 19th August 2026, 10:42 am

2026 സീസണിലെ ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവും അര്‍ഹനായ താരം ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ജര്‍മന്‍ ഇതിഹാസം ലോഥര്‍ മത്തൗസ്. ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് സൂപ്പര്‍താരം ഹാരി കെയ്‌നിനെയാണ് ജര്‍മന്‍ ഇതിഹാസം ബാലണ്‍ ഡി ഓറിനായി പിന്തുണച്ചത്.

ബയേണ്‍ മ്യൂണിക്കിനൊപ്പം കെയ്ന്‍ രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കിയെന്നും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയെന്നുമാണ് ലോഥര്‍ മത്തൗസ് സ്‌കൈയിലെ തന്റെ കോളത്തില്‍ കുറിച്ചത്.

‘ബയേണ്‍ മ്യൂണിക്കിനൊപ്പം കെയ്ന്‍ രണ്ട് ആഭ്യന്തര കിരീടങ്ങള്‍ നേടി. ലോകകപ്പിലും ചാമ്പ്യന്‍സ് ലീഗിലും ഫൈനലിലെത്താന്‍ സാധിച്ചില്ലെന്നത് മാത്രമാണ് അദ്ദേഹത്തിനുള്ള ഒരേയൊരു കുറവ്. സ്ഥിരമായി മികച്ച പ്രകടനമാണ് കെയ്ന്‍ കാഴ്ചവെച്ചത്. അദ്ദേഹത്തിന് ഒരു മോശം കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. എന്റെ അഭിപ്രായത്തില്‍ ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവും അര്‍ഹനായ താരം കെയ്ന്‍ തന്നെയാണ്,’ ലോഥര്‍ മത്തൗസ് കുറിച്ചു.

കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം രണ്ട് കിരീടങ്ങളാണ് കെയ്ന്‍ സ്വന്തമാക്കിയത്. ബുണ്ടസ്ലീഗ കിരീടവും ഡി.എഫ്.ബി പോക്കലുമാണ് ജര്‍മന്‍ വമ്പന്മാരൊപ്പം കെയ്ന്‍ സ്വന്തമാക്കിയത്.

ബവേറിയന്‍സിന്റെ മുന്നേറ്റനിരയില്‍ ഗോള്‍ഡായിച്ചുകൂട്ടി ശ്രദ്ധേയമായ പ്രകടനവും കെയ്ന്‍ നടത്തിയിരുന്നു. 61 ഗോളുകളാണ് ഇംഗ്ലണ്ട് താരം ബയേണ്‍ മ്യൂണിക്കിന് വേണ്ടി അടിച്ചുകൂട്ടിയത്. ഇതില്‍ 36 ഗോളുകളും താരം ബുണ്ടസ്ലീഗയിലാണ് നേടിയത്.

എന്നാല്‍ യൂറോപ്പിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ കെയ്‌നിന് സാധിച്ചില്ല. ചാമ്പ്യന്‍സ് ലീഗില്‍ സെമി ഫൈനല്‍ വരെ മുന്നേറാനാണ് ബയേണ്‍ മ്യൂണിക്കിന് സാധിച്ചത്. സെമിയില്‍ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നോട് പരാജയപ്പെട്ടാണ് ടീം മടങ്ങിയത്.

2026 ഫിഫ ലോകകപ്പിലും സെമി ഫൈനല്‍ വരെ മുന്നേറാന്‍ കെയ്‌നിന് സാധിച്ചിരുന്നു. സെമിയില്‍ അര്‍ജന്റീനക്ക് മുന്നില്‍ കീഴടക്കിയാണ് ഇംഗ്ലണ്ട് ലോകകപ്പെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങിയത്.

കിരീടം നഷ്ടമായെങ്കിലും ലോകകപ്പിലെ കെയ്നിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് താരം തിളങ്ങിയത്. ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോള്‍ നേട്ടം 14 ആക്കി ഉയതാനും കെയ്‌നിന് സാധിച്ചിരുന്നു.10 ഗോളുകള്‍ നേടിയ മുന്‍ താരം ഗാരി ലിനേക്കറെ മറികടന്നാണ് ഇംഗ്ലണ്ട് നായകന്‍ കുതിച്ചത്.

2026ലെ ബാലണ്‍ ഡി ഓര്‍ വിജയിയെ ഒക്ടോബര്‍ 30നാണ് തെരഞ്ഞെടുക്കുക. ഇത്തവണ ബാലണ്‍ ഡി ഓറിന് പുതിയ അവകാശിയുണ്ടാവുമോയെന്നാണ് ഫുട്ബാള്‍ ലോകം ഉറ്റുനോക്കുന്നത്.

 

Content Highlight: Lothar Matthaus talks Harry Kane deserve 2026 Ballon d or award

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.