കുടുംബനായകന്റെ തിരിച്ചുവരവ്: ലോനപ്പന്റെ മാമ്മോദീസ റിവ്യൂ
D Review
കുടുംബനായകന്റെ തിരിച്ചുവരവ്: ലോനപ്പന്റെ മാമ്മോദീസ റിവ്യൂ
എഡിറ്റര്‍
Saturday, 2nd February 2019, 6:54 pm

നാട്ടിന്‍പുറത്തെ സാധാരണക്കാരനായാണ് ജയറാം എന്ന നടന്‍ മലയാളിയുടെ സങ്കല്‍പ്പത്തിലുള്ളത്. അത്തരം സിനിമകളിലൂടെയാണ് അദ്ദേഹം വിജയം കൊയ്തതും. അത് അരക്കിട്ടുറപ്പിക്കുന്ന ചിത്രമാണ് “ലോനപ്പന്റെ മാമ്മോദീസ.” ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷിനോയ് മാത്യു ആണ്. ക്യാമറ സുധീര്‍ സുരേന്ദ്രനും എഡിറ്റിങ് രഞ്ജന്‍ എബ്രഹാമുമാണ്.

തൃശ്ശൂരിലെ ഒരു നാട്ടിന്‍പുറത്തുകാരന്‍ വാച്ച് കട ഉടമയായാണ് ലോനപ്പനിലൂടെ ജയറാം ഇത്തവണ എത്തുന്നത്. വാച്ച് ഷോപ്പ് നടത്തിപ്പൊക്കെയുണ്ടെങ്കിലും ജീവിതത്തില്‍ പൊതുവെ ഒന്നിനോടും താല്‍പര്യമില്ലാത്ത മട്ടിലാണ് ലോനപ്പന്‍. നല്ല നിലയില്‍ ജീവിക്കുന്നവരോടുള്ള അസൂയയും കുശുമ്പുമെല്ലാം അയാള്‍ക്കുണ്ട്. രണ്ട് ചേച്ചിമാരും ഒരു അനുജത്തിയുമാണ് ലോനപ്പന്. ലോനപ്പനടക്കം ആരും വിവാഹിതരല്ല. ചെറുപ്പത്തില്‍ അപ്പനും അമ്മയും മരിച്ചതും സാമ്പത്തികപ്രശ്നങ്ങളുമെല്ലാമാണ് അതിന് കാരണം. ലോനപ്പന്റെ എളയപ്പന്റെ മകനായ ബാബുവാകാട്ടെ (ജോജു ജോര്‍ജ്ജ്) ഗള്‍ഫില്‍ പോയി പണമുണ്ടാക്കിയ പുത്തന്‍പണക്കാരനാണ്.

 

ഒരിക്കല്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന് പോയ ലോനപ്പന്‍ തന്റെ സഹപാഠികളെല്ലാം ജോലിക്കാരായിരിക്കുന്നതും, കല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നതും കാണുന്നു. താന്‍ മാത്രം ഒന്നുമായില്ല എന്ന ചിന്ത അയാളെ പിടികൂടുന്നു. ചെറുപ്പത്തില്‍ കഥയെഴുത്തും മറ്റുമായി കുട്ടികള്‍ക്കിടയില്‍ സ്റ്റാര്‍ ആയിരുന്ന ലോനപ്പന്‍. എന്നാല്‍ ജീവിത്തതിന്റെ ചൂടില്‍ ആ സ്വപ്നങ്ങളെല്ലാം കരിഞ്ഞുപോയി. 40 വയസ്സ് കഴിഞ്ഞ തനിക്കിനി എന്ത് ചെയ്യാന്‍ പറ്റും എന്നായിരുന്നു അയാളുടെ ചിന്ത. എന്നാല്‍ വലിയൊരു സ്വപ്നമുണ്ടാകുകയും, പ്രായം എത്രയായാലും അതിന് വേണ്ടി പ്രയത്നിച്ചാല്‍ അത് സഫലമാകുമെന്നുമുള്ള തത്വത്തിന്റെ പിന്‍ബലത്തില്‍ ലോനപ്പന്‍ ഉയരങ്ങള്‍ കീഴടക്കുന്നു. തന്നിലെ സര്‍ഗ്ഗാത്മകതയെ പോഷിപ്പിച്ചെടുക്കാന്‍ തടസങ്ങള്‍ക്കിടയിലൂടെയും അയാള്‍ക്ക് കഴിയുന്നു.

പച്ചപ്പുള്ള നാട്ടിന്‍പുറമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അത് ഭംഗിയില്‍ ചിത്രീരണം നടത്തിയിട്ടുണ്ട് ക്യാമറാമാന്‍.  എഡിറ്റിങ് താളത്തിലാണ്. പശ്ചാത്തലസംഗീതം, പ്രത്യേകിച്ച് ക്ലൈമാക്സ് രംഗത്തിലേത് മികച്ചതാണ്. മൂന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി വരുന്ന ഗാനങ്ങളും കൊള്ളാം.

 

എടുത്തുപറയത്തക്ക പ്രകടനം ജയറാം, നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ഹരീഷ കണാരന്‍, നിയാസ് ബക്കര്‍ എന്നിവരുടേതാണ്. കുറേക്കാലത്തിന് ശേഷം തന്റെ സ്വതസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ജയറാമിന് കിട്ടിയ കഥാപാത്രം കൂടിയാണ് ലോനപ്പന്‍. വൈകാരിക രംഗങ്ങളിലെ ഭാവാഭിനയത്താല്‍ പ്രേക്ഷകരില്‍ വിങ്ങലുണ്ടാക്കുന്ന പ്രകടനം ആവര്‍ത്തിച്ചിട്ടുണ്ട് ജയറാം. വാച്ച് ഷോപ്പിലെ സഹായിയായ ഹരീഷ് കണാരന്റെ ഷമീര്‍ എന്ന കഥാപാത്രം ചിരിക്കൊപ്പം നല്ല അഭിനയമുഹൂര്‍ത്തങ്ങളുടേതും കൂടിയാണ്. സീരിയില്‍ രംഗത്ത് പ്രശസ്തയായ നിഷ സാരംഗിന്റെ മികച്ച കഥാപാത്രമാണ് ലോനപ്പനിലെ സിസിലി.

അയല്‍ക്കാരനായും സഹോദരനായും മകനായുമെല്ലാം തിളങ്ങിയ ജയറാം സിനിമകളുടെ നിരയിലേയ്ക്കാണ് ലോനപ്പനും എത്തുന്നത്. അല്‍പ്പം ചിരിക്കൊപ്പം പുതുമയുള്ളൊരു കഥയും പ്രതീക്ഷിച്ച് ടിക്കറ്റെടുക്കുന്നവരെ നിരാശരാക്കില്ല “ലോനപ്പന്റെ മാമ്മോദീസ.”