മൂന്ന് വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണിലേക്കുള്ള ദുല്‍ഖറിന്റെ തിരിച്ചുവരവ്, മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്ന്, ഐ ആം ഗെയിമിനായി പ്രേക്ഷകരെ കാത്തിരിക്കാന്‍ പ്രേരിപ്പിച്ച എലമെന്റുകള്‍ ഇത് രണ്ടുമാണ്. മൂന്ന് വര്‍ഷം മുമ്പുള്ള ഓണം സീസണില്‍ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ കിങ് ഓഫ് കൊത്തയെ ക്ലാഷില്‍ തോല്പിച്ച ആര്‍.ഡി.എക്‌സിന്റെ സംവിധായകനെയാണ് ഡി.ക്യു ഇത്തവണ കൂടെക്കൂട്ടിയത്.

I’m game/ Dulquer salmaan X page
മോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളറെ കൈയില്‍ കിട്ടിയപ്പോള്‍ നഹാസ് ഹിദായത്ത് വ്യത്യസ്തമായൊരു കഥയാണ് ഇത്തവണ പറയാന്‍ ശ്രമിച്ചത്. ഒരു ഴോണറില്‍ മാത്രം ഒതുക്കി നിര്‍ത്താതെ നാലഞ്ച് ഴോണറുകളിലൂടെ കഥ പറഞ്ഞ ചിത്രം അത്യാവശ്യം നല്ലൊരു ശ്രമമായി തോന്നി. ഒരുപാട് ഗംഭീരമാക്കാന്‍ പറ്റുന്ന സിനിമയെ ശരാശരിക്ക് മുകളിലെത്തിച്ചു എന്നേ ഐ ആം ഗെയിമിനെ വിശേഷിപ്പിക്കാന്‍ സാധിക്കുള്ളൂ.

ഗാംബ്ലിങ്, ഫാന്റസി എന്നീ ഴോണറുകള്‍ ഗംഭീരമായപ്പോള്‍ ആക്ഷന്‍ ശരാശരിയായും സ്‌പോര്‍ട്‌സ് മോശവുമായി അനുഭവപ്പെട്ടു. മലയാളത്തില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു കഥയെ ഇത്രയും വലിയ ബജറ്റില്‍ അവതരിപ്പിച്ചതിന് ആദ്യം കൈയടി നല്‍കണം. തിരിച്ചുവരാനായി സേഫ് സോണിലെ സിനിമകള്‍ ചെയ്യുന്നതിന് പകരം ഇത്തരമൊരു ‘ഗാംബ്ലിങ്’ നടത്തിയ ദുല്‍ഖറിനെ എടുത്തുപറേയണ്ടതുണ്ട്.

ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങളൊന്നുമില്ലാതെ, ചൂതുകളിച്ച് പണമെല്ലാം കളഞ്ഞ്, എല്ലാവരുടെയും കണ്ണില്‍ ‘ലൂസര്‍’ എന്ന് മുദ്രകുത്തപ്പെട്ട ഡാന്‍ ജോണിന്റെ കഥയാണ് ഐ ആം ഗെയിം. സ്വന്തമായൊരു ഐഡന്റിറ്റിയുണ്ടാക്കാനായി ഭാഗ്യത്തെ കൂട്ടുപിടിക്കുന്ന ഡാനിന് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന അപകടവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ആകെത്തുക.
ട്രെയ്‌ലറില്‍ കണ്ടതെല്ലാം ഐ ആം ഗെയിമിന്റെ ചെറിയ ഭാഗങ്ങള്‍ മാത്രമാണ്. പ്രധാന പ്ലോട്ട് ട്രെയ്‌ലറില്‍ ഒരിടത്തും കാണിച്ചിട്ടില്ല. സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാല്‍ അതിവിടെ പറയാനും കഴിയില്ല. റിലീസിന് മുമ്പ് ഏറ്റവും പേടിച്ചിരുന്ന ആ ഒരു എലമെന്റ് വളരെ ഗംഭീരമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

വളരെ മികച്ച ആദ്യപകുതിയാണ് സിനിമയുടേത്. എന്നാല്‍ ഫസ്റ്റ് ഹാഫ് തന്ന ഹൈ പോയിന്റ് സെക്കന്‍ ഹാഫില്‍ മെയിന്റെയിന്‍ ചെയ്യാന്‍ സംവിധായകന് സാധിക്കാതെ പോയി. ഒരുപാട് സാധ്യതകളുണ്ടായിരുന്ന പ്ലോട്ടിനെ സാധാരണ സോപ്പുപെട്ടി പ്രതികാര കഥയിലേക്ക് ഒതുക്കിയപ്പോള്‍ ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന സിനിമാനുഭവമായി ഐ ആം ഗെയിം മാറി.

ഇത്തരം കഥകളില്‍ ടോപ്പായി നില്‍ക്കേണ്ടത് വില്ലന്റെ സൈഡാണ്. എന്നാല്‍ ഈ സിനിമയിലേക്ക് വന്നാല്‍ ഒരു ഇംപാക്ടുമില്ലാത്ത വില്ലനെയാണ് കാണാന്‍ സാധിക്കുക. ഗ്രാന്‍ഡ്വര്‍ കൊണ്ടും പ്രസന്റേഷന്‍ കൊണ്ടും ടോപ്പാണെങ്കിലും വില്ലന്റെ ടെറര്‍ ഫീല്‍ ഒരിടത്തും പ്രേക്ഷകരിലേക്കെത്തിയില്ല. സമീപകാലത്ത് കണ്ടുവരുന്ന കാമിയോ ട്രെന്‍ഡ് ഇതിലുമുണ്ട്. യാതൊരു ഇംപാക്ടുമില്ലാത്ത ഇംപാക്ട് പ്ലെയറെപ്പോലെയായിരുന്നു ആ സീന്‍.
പ്രകടനങ്ങളിലേക്ക് നോക്കിയാല്‍ ദുല്‍ഖറാണ് ഏറ്റവും വലിയ പോസിറ്റീവ്. ദുല്‍ഖര്‍ എന്ന സ്റ്റാറിന്റെ ചുമലിലാണ് സിനിമ നില്‍ക്കുന്നത്. ദുല്‍ഖറില്ലാത്ത സീനുകള്‍ സിനിമയെ വല്ലാതെ പിന്നോട്ട് വലിക്കുന്നുണ്ട്. ഒന്ന് പാളിയാല്‍ കൊത്ത രാജുവിനെക്കാള്‍ വലിയ ട്രോള്‍ മെറ്റീരിയലായേക്കാവുന്ന ചില സീനുകള്‍ ദുല്‍ഖര്‍ കൈയടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമ ഏറ്റവും ഇന്‍ട്രസ്റ്റിങ്ങാകേണ്ട സെക്കന്‍ഡ് ഹാഫില്‍ പകുതിയിലധികം സമയവും നായകനെ സ്‌ക്രീനില്‍ കാണിക്കുന്നില്ല. അത്രയും നേരം നായകനെ മാറ്റി നിര്‍ത്താതെ നോണ്‍ ലീനിയറായി ആ സീനുകള്‍ കാണിച്ചിരുന്നെങ്കില്‍ ഗംഭീരമായേനെ.
ദുല്‍ഖറിന് ശേഷം ഈ സിനിമയില്‍ ഏറ്റവും പ്രാധാന്യമുള്ള റോള്‍ ആന്റണി വര്‍ഗീസിനാണ്. പെപ്പെ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്ന ‘കിന്റല്‍ ഇടി’ ഈ സിനിമയിലുമുണ്ട്. അത് വേറൊരു രീതിയിലാണെന്ന് മാത്രം. ആ ഇടികള്‍ നന്നായെങ്കിലും ആന്റണിയുടെ ചില സീനുകള്‍ സിനിമയുടെ ട്രാക്കില്‍ നിന്ന് മാറി നില്‍ക്കുന്നതുപോലെ തോന്നി.

നായികയായ കയദുവിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു പാട്ട്, കുറച്ച് ഡയലോഗുകള്‍. അത്രമാത്രമേയുള്ളൂ. ഡയലോഗ് ഡെലിവറിയില്‍ പലയിടത്തും ലിപ് സിങ്ക് ഇഷ്യു മുഴച്ചു നില്‍ക്കുകയായിരുന്നു. എങ്കിലും ദുല്‍ഖര്‍- കയദു കോമ്പോ നല്ലതായിരുന്നു.
വില്ലനായ മിഷ്‌കിനൊപ്പം വലിയൊരു ഗ്യാങ് ഉണ്ടെങ്കിലും അതെല്ലാം സീറോ ഇംപാക്ടായിരുന്നു. കില്ലിലെ വില്ലനായി വേഷമിട്ട പാര്‍ത്ഥ് തിവാരി, ജയിലര്‍ ഫെയിം ഹര്‍ഷദ് എന്നിവരുടെ വില്ലനിസം ഒരു ഇംപാക്ടും ഉണ്ടാക്കാതെ പോയി. മിഷ്‌കിന്‍ മികച്ച പെര്‍ഫോമന്‍സായിരുന്നെങ്കിലും ക്യാരക്ടര്‍ ഡെവലപ്‌മെന്റ് പോരായിരുന്നു.
ടെക്‌നിക്കല്‍ മേഖലയിലേക്ക് നോക്കിയാല്‍ എല്ലാവരും നല്ലവണ്ണം പണിയെടുത്തിട്ടുണ്ട്. ജിംഷി ഖാലിദിന്റെ ഫ്രെയിമുകളാണ് അതില്‍ എടുത്തുപറയേണ്ടത്. റിച്ച് വിഷ്വലുകള്‍ കൊണ്ട് നിറഞ്ഞുനില്‍ക്കുകയായിരുന്നു ജിംഷി. അന്‍ബറിവ് ഡ്യൂവോയുടെ ആക്ഷനുകളും ഗംഭീരമായിരുന്നു. ഇന്റര്‍വെല്ലിന് മുമ്പുള്ള ഹാന്‍ഡ് ടു ഹാന്‍ഡ് ഫൈറ്റും ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള കഫേ ഫൈറ്റും അതില്‍ എടുത്തു പറയേണ്ട ഒന്നാണ്. എന്നാല്‍ ആര്‍.ഡി.എക്‌സില്‍ ഓരോ ഫൈറ്റ് സീനിന് മുമ്പുള്ള സ്റ്റേജ് സെറ്റിങ്ങും ഫൈറ്റിന് ശേഷമുള്ള സാറ്റിസ്ഫാക്ഷനും ഇവിടെ മിസ്സിങ്ങാണ്.

എന്നാല്‍ ഇതിനെയെല്ലാം കൃത്യമായി പ്രസന്റ് ചെയ്യേണ്ട എഡിറ്റിങ് ഫീല്‍ഡില്‍ ചെറിയ പാളിച്ചകള്‍ വന്നിട്ടുണ്ട്. ഒന്നിലധികം സിനിമകള്‍ ഒരുമിച്ച് ചെയ്യുന്നതുകൊണ്ടാകാം, ചമന്റെ കട്ടുകള്‍ക്ക് ഒരു കംപ്ലീറ്റ്‌നെസ് തോന്നിയില്ല. ജേക്‌സ് ഒരുക്കിയ ബി.ജി.എമ്മുകളും പാട്ടുകളും നന്നായിരുന്നു. മിഷ്‌കിന് നല്‍കിയ ബി.ജി.എം വേറെ ലെവല്‍.
ഇത്രയും ബജറ്റിലൊരുക്കിയ സിനിമയെ പിന്നോട്ടുവലിച്ചവയില്‍ ഒന്ന് വി.എഫ്.എക്‌സാണ്. സ്റ്റേഡിയം സീന്‍, കാര്‍ ചേസ് സീന്‍ എന്നിവയില്‍ ആര്‍ട്ടിഫിഷ്യാലിറ്റി മുഴച്ചുനിന്നു. അജയന്‍ ചാലിശ്ശേരി സിനിമയുടെ ലോകം കൃത്യമായി ഒരുക്കിയിട്ടുണ്ട്.
മൊത്തത്തില്‍ ഇന്ത്യ മുഴുവന്‍ വളരെയധികം പ്രശംസിക്കേണ്ട വലിയൊരു ഗോള്‍ഡന്‍ ചാന്‍സ് സെക്കന്‍ഡ് ഹാഫ് കാരണം മിസ്സായി. എന്നിരുന്നാലും ദുല്‍ഖര്‍ എന്ന സ്റ്റാറിന്റെ പെര്‍ഫോമന്‍സിന് വേണ്ടി മാത്രം ഒരു കൈ നോക്കാവുന്ന സിനിമാനുഭവമെന്ന് ഐ ആം ഗെയിമിനെ വിശേഷിപ്പിക്കാം.
Content Highlight: I’m Game movie review
