ഡി.സി റിലീസായതുകൊണ്ട് കയ്ച്ചലായി, അല്ലേല്‍ ഇപ്പോള്‍ എയറിലായേനെ... കാട്ടാളനില്‍ അധികം ട്രോള്‍ കിട്ടാതെ പോയ ലോകേഷിന്റെ കാമിയോ
Malayalam Cinema
ഡി.സി റിലീസായതുകൊണ്ട് കയ്ച്ചലായി, അല്ലേല്‍ ഇപ്പോള്‍ എയറിലായേനെ... കാട്ടാളനില്‍ അധികം ട്രോള്‍ കിട്ടാതെ പോയ ലോകേഷിന്റെ കാമിയോ
അമര്‍നാഥ് എം.
Monday, 17th August 2026, 7:59 am

ഈ വര്‍ഷം ഒരുപാട് ഫ്‌ളോപ്പ് സിനിമകളുണ്ടെങ്കിലും അതില്‍ ഏറ്റവും മോശമെന്ന് എല്ലാവരും ഒരുപോലെ വിശേഷിപ്പിക്കുന്ന ചിത്രമാണ് കാട്ടാളന്‍. 40 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. ഒരുതരത്തിലും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കാത്ത കാട്ടാളന്‍ കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു.

സിനിമാ ട്രോള്‍ പേജുകള്‍ക്ക് കാട്ടാളന്‍ വലിയ ചാകരയാണ് സമ്മാനിക്കുന്നത്. ഓരോ സീനും പ്രത്യേകം ട്രോള്‍ മെറ്റീരിയലാകാനുള്ള വകുപ്പ് അണിയറപ്രവര്‍ത്തകര്‍ തന്നെ നല്‍കുന്നുണ്ട്. ക്രിഞ്ച് പോലും തോറ്റുപോകുന്ന തരത്തിലുള്ള ഡയലോഗും ആദ്യാവസാനം വായ തുറക്കാതെ ആറ്റിറ്റിയൂഡ് പിടിച്ചുനിന്ന ഹനാന്‍ ഷായും ട്രോള്‍ മെറ്റീരിയാലാണ്.

എന്നാല്‍ ഇതിനിടയില്‍ അധികം എയറിലാകാതെ രക്ഷപ്പെട്ടുപോയ ഒരാളാണ് തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ്. അണിയറപ്രവര്‍ത്തകര്‍ വലിയ രീതിയില്‍ കൊട്ടിഘോഷിച്ച് കാമിയോ റോളില്‍ കൊണ്ടുവന്ന ലോകേഷിന് തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ട്രോളുകള്‍ ലഭിച്ചിരുന്നു. ഒ.ടി.ടി റിലീസ് സമയത്ത് ലോകേഷ് ഒരിക്കല്‍ കൂടി എയറിലാകുമെന്ന് കരുതിയെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു.

ലോകേഷ് നായകനായ തമിഴ് ചിത്രം ഡി.സി ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുകയാണ്. കൂലിക്ക് ശേഷം മീം പേജുകളുടെ ഇരയായ ലോകേഷ് ഇപ്പോള്‍ ട്രോളന്മാര്‍ക്ക് തന്റെ പെര്‍ഫോമന്‍സിലൂടെ മറുപടി നല്‍കി. ഇക്കാരണം കൊണ്ട് തന്നെ കാട്ടാളനിലെ കാമിയോ അധികം എയറിലാകാതെ പോവുകയും ചെയ്തു.

കഥ എങ്ങനെ അവസാനിപ്പിക്കണമെന്നറിയാത്ത സംവിധായകര്‍ ആളെപ്പറ്റിക്കാനായി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സെക്കന്‍ഡ് പാര്‍ട്ട് സ്‌കാമിന്റെ ഭാഗമായാണ് ലോകേഷിനെ കൊണ്ടുവന്നത്. ആനക്കൊമ്പ് കടത്തുന്ന കാര്‍ട്ടലിന്റെ തലവനായ ലിയോ കബ്രാള്‍ എന്ന കഥാപാത്രമായാണ് ലോകേഷ് വേഷമിട്ടത്. അഞ്ച് മിനിറ്റ് തികച്ചില്ലാത്ത ഈ വേഷത്തിനായി ലോകേഷിനെ എന്തിനാണ് കൊണ്ടുവന്നതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.

വയലന്‍സ് കൊണ്ട് മാത്രം മാര്‍ക്കറ്റ് ചെയ്ത് ഹിറ്റായ മാര്‍ക്കോയുടെ പാത പിന്തുടര്‍ന്ന് ഒരുക്കിയ ചിത്രമാണ് കാട്ടാളന്‍. നല്ലൊരു പ്ലോട്ടിനെ മോശം തിരക്കഥ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഇല്ലാതാക്കിയ ചിത്രമെന്ന് കാട്ടാളനെ വിശേഷിപ്പിക്കാം. റണ്‍വേ, പുഷ്പ, മാര്‍ക്കോ എന്നീ സിനിമകളെ മിക്‌സ് ചെയ്‌തൊരുക്കിയ കാട്ടാളന്‍ അടുത്തൊന്നും എയറില്‍ നിന്ന് ഇറങ്ങില്ലെന്ന് ഉറപ്പാണ്.

Content Highlight: Lokesh’s cameo in Kattalan movie not discussing in troll pages

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം