ഫുട്ബോളിൽ എല്ലാം നേടിയിട്ടും ഇപ്പോഴും തനിക്ക് ജീവിതത്തിൽ ദുഖമുണ്ടാക്കുന്ന കാര്യമെന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസി. ഇംഗ്ലീഷ് ഭാഷ പഠിക്കാൻ സാധിക്കാത്തതിൽ തനിക്ക് ഖേദമുണ്ടെന്നാണ് മെസി പറഞ്ഞത്.

വലിയ ആളുകളെ കാണാനും സംസാരിക്കാനും അവസരം ലഭിക്കുമ്പോൾ ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ഒന്നും പറയാൻ പറ്റിയില്ലെന്നും മെസി വ്യക്തമാക്കി. മെക്സിക്കൻ പോഡ്‌കാസ്റ്റായ മിറോ ഡി അട്രാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അർജന്റൈൻ ഇതിഹാസം.

‘കുട്ടിയായിരുന്നപ്പോൾ എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ സമയമുണ്ടായിരുന്നു. എന്നാൽ ഞാൻ പഠിച്ചില്ല. അതിൽ ഇപ്പോൾ എനിക്ക് വലിയ വിഷമമുണ്ട്. വലിയ ആളുകളെ കാണാനും സംസാരിക്കാനും അവസരം കിട്ടിയപ്പോൾ ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് ഒന്നും സംസാരിക്കാൻ സാധിച്ചില്ല. അപ്പോൾ ഞാൻ വിചാരിക്കും. ഞാൻ എന്തൊരു വിഡ്ഢിയാണെന്ന്. ഒരുപാട് സമയം വെറുതെ കളഞ്ഞല്ലോ എന്ന്. ചെറുപ്പമായിരിക്കുമ്പോൾ ഇതിന്റെ വില നമുക്ക് മനസിലാവില്ല. അതുകൊണ്ടാണ് ഞാൻ എന്റെ മക്കളോട് പറയാറ് നന്നായി പഠിക്കണം നല്ല വിദ്യാഭ്യാസം നേടണമെന്ന്,’ മെസി പറഞ്ഞു.

അതേസമയം അർജന്റീനയുടെ നീലക്കുപ്പായത്തിലെ നീണ്ട 21 വർഷത്തെ ഐതിഹാസിക യാത്ര അവിസ്മരണനീയമായി മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും പടിയിറങ്ങിയിരുന്നു. ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസിയുടെ അവസാന മത്സരം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന വിജയിച്ച മത്സരത്തിൽ രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടിയാണ് മെസി തിളങ്ങിയത്.

2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഓഗസ്റ്റ് 31ന് അർജന്റൈൻ ഇതിഹാസത്തിന്റെ പടിയിറക്കം. എന്നാൽ ജന്മനാടിനായി അവസാന പോരാട്ടത്തിനായി വീണ്ടും മെസി കളത്തിലിറങ്ങുകയായിരുന്നു.

ഫുട്ബോളിൽ സ്വന്തമാക്കാനാവുന്ന നേട്ടങ്ങളെല്ലാം കൈവരിച്ചാണ് മെസിയുടെ മടക്കം. ലോകകപ്പ്‌, കോപ്പ അമേരിക്ക, ഫൈനൽസീമ, അണ്ടർ 20 ലോകകപ്പ്, ഒളിമ്പിക്സ് ഗോൾഡ് മെഡൽ തുടങ്ങിയ ഒട്ടനവധി കിരീടങ്ങൾ അർജന്റീനക്കൊപ്പം സ്വന്തമാക്കിയാണ് മെസി കളമൊഴിഞ്ഞത്.

വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ ഇന്റർ മയാമിക്ക് വേണ്ടി മെസി മിന്നും പ്രകടനം തുടരുകയാണ്. ഡി. സി യുണൈറ്റഡിനെതിരെ മയാമി നാല് ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ മെസി ഇരട്ട ഗോൾ നേടി തിളങ്ങിയിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചാലും ക്ലബ്ബ് ഫുട്ബോളിൽ പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി മെസി കുതിക്കുകയാണ്.

മേജർ ലീഗ് സോക്കറിൽ ഒക്ടോബർ 15നാണ് മെസിയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. ന്യൂയോർക്ക് സിറ്റിയാണ് മയാമിയുടെ എതിരാളികൾ.

 

Content Highlight: Lionel Messi talks his regret at not being able to learn English