ചരിത്രം കുറിച്ച് ലിയോ; ലോകകപ്പിന് ശേഷം തൂക്കിയത് ഇതിഹാസ നേട്ടം
Football
ചരിത്രം കുറിച്ച് ലിയോ; ലോകകപ്പിന് ശേഷം തൂക്കിയത് ഇതിഹാസ നേട്ടം
സുദേവ് എ
Friday, 7th August 2026, 11:46 am

ലോകകപ്പിന് ശേഷം വീണ്ടും റെക്കോഡ് വേട്ട തുടര്‍ന്ന് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ഇന്റര്‍ മയാമിക്കൊപ്പം ലീഗ്സ് കപ്പിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനായാണ് മെസി മാറിയത്. ലീഗ്സ് കപ്പില്‍ സാന്‍ ലൂയിസിനെതിരെയുള്ള മത്സരത്തില്‍ ഇരട്ട ഗോളും ഒരു അസിസ്റ്റും നേടിയാണ് മെസി തിളങ്ങിയത്.

ടൂര്‍ണമെന്റില്‍ 14 ഗോളുകള്‍ നേടിയാണ് മെസി കുതിക്കുന്നത്. ലോസ് ആഞ്ചലസ് എഫ്.സി താരം ഡെനീസ് ബൗഗയെ മറികടന്നാണ് മെസി ലീഗ്സ് കപ്പ് ചരിത്രത്തിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.

മത്സരത്തിലെ ഇരട്ട ഗോളുകള്‍ക്ക് പിന്നാലെ ഫുട്‌ബോളിലെ തന്റെ ഗോള്‍ നേട്ടം 921 ആക്കി ഉയര്‍ത്താനും മെസിക്ക് സാധിച്ചു. ഈ ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ മെസി ക്ലബ്ബ് ഫുട്‌ബോളിലും തന്റെ ആധിപത്യം തുടരുകയാണ്. ഒരു ഹാട്രിക് ഉള്‍പ്പടെ എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസിയുടെ സമ്പാദ്യം.

മെസിയുടെ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ മയാമി 4-2ന്റെ വമ്പന്‍ വിജയമായിരുന്നു സാന്‍ ലൂയിസിനെതിരെ സ്വന്തമാക്കിയത്. മത്സരത്തില്‍ മെസിക്ക് പുറമെ ടെലാസ്‌കോ സെഗോവിയ, മൈക്കല്‍ എന്നിവരും ഗോള്‍ നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. സാന്‍ ലൂയിസിന് വേണ്ടി ഡേവിഡ് റോഡ്രിഗസ്, റാഫ ലോറന്റ് എന്നിവരാണ് ലക്ഷ്യം കണ്ടത്.

മത്സരത്തില്‍ ബോള്‍ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും ഇന്റര്‍ മയാമിയേക്കാള്‍ അധിപത്യം സാന്‍ ലൂയിസിനായിരുന്നു. 56 ശതമാനം ബോള്‍ പൊസഷന്‍ മത്സരത്തില്‍ നിലനിര്‍ത്തിയ സാന്‍ ലൂയിസ് 16 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ ഏഴെണ്ണവും ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. മറുഭാഗത്ത് എട്ട് ഷോട്ടുകളില്‍ നിന്നും അഞ്ച് ഷോട്ടുകള്‍ മെസിയും സംഘവും ലക്ഷ്യത്തിലെത്തിച്ചു.

ലീഗ്‌സ് കപ്പില്‍ മോണ്ടറെക്കെതിരെയാണ് മെസിയും സംഘത്തിന്റെയും അടുത്ത മത്സരം. ഓഗസ്റ്റ് ഒമ്പതിനാണ് മത്സരം നടക്കുന്നത്.

അതേസമയം എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫററന്‍സില്‍ രണ്ടാം സ്ഥാനത്താണ് ഇന്റര്‍ മയാമി. 18 മത്സരങ്ങളില്‍ നിന്നും 11 വിജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയും അടക്കം 38 പോയിന്റാണ് മയാമിക്കുള്ളത്.

 

Content Highlight: Lionel Messi create a huge record in leagues cup history

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.