അറിയാത്ത കാര്യമാണെങ്കിൽ അറിയില്ലെന്ന് പറയും, വിവാദ വിഷയങ്ങളിൽ താത്പര്യമില്ലെന്ന് ലെന
മലയാള സിനിമയിൽ രണ്ട് പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ലെന. സ്പിരിറ്റ്, ട്രാഫിക്, എന്ന് നിന്റെ മൊയ്തീൻ, ആർട്ടിക്കിൾ 21, ഓളം, ആതിര തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച താരം. അഭിനേത്രി എന്നതിലുപരി എഴുത്തുകാരി, മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും ശ്രദ്ധേയയാണ്.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കാറുള്ള വ്യക്തിയാണ് ലെന. എന്നാൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിൽ യാതൊരുവിധ ഭയമോ ആശങ്കയോ അനുഭവപ്പെട്ടിട്ടില്ല എന്ന് പറയുകയാണ് നടി. പിങ്ക് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ലെന. Photo. Screen grab/ Youtube
ഒരു പ്രത്യേക അജണ്ടയോടുകൂടിയല്ല താൻ സംസാരിക്കുന്നത് എന്നതുകൊണ്ടുതന്നെ, തന്റെ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിൽ യാതൊരുവിധ ഭയവും അനുഭവപ്പെടാറില്ല എന്ന് വ്യക്തമാക്കുകയാണ് ലെന.
‘ഞാൻ ഒരു പ്രത്യേക അജണ്ടയൊന്നും വെച്ചല്ല സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ എനിക്ക് എന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിൽ ഭയം ഉണ്ടാവാറില്ല. ഞാൻ എന്റെ പേഴ്‌സണൽ അനുഭവങ്ങളും തിരിച്ചറിവുകളും മാത്രമാണ് പങ്കുവെക്കാറുള്ളത്. അതുകൊണ്ടുതന്നെ നമ്മൾ പേടിക്കേണ്ട ഒരു ആവശ്യവും അവിടെയില്ല.
എനിക്കറിയാത്ത ഒരു കാര്യമാണെങ്കിൽ എനിക്കതിനെക്കുറിച്ച് അറിയില്ലെന്നുതന്നെ ഞാൻ പറയും. പിന്നെ വിവാദപരമായ പൊതുവിഷയങ്ങളിൽ അഭിപ്രായം പറയുന്നതിൽ എനിക്ക് താത്പര്യമില്ല. മീഡിയയിൽ നടക്കുന്ന വിഷയങ്ങളിലൊന്നും ഞാൻ അങ്ങനെ അഭിപ്രായങ്ങൾ പറയാറുമില്ല,’ നടി പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യം എന്നത് എല്ലാവർക്കും ബാധകമായതുകൊണ്ടുതന്നെ, ആളുകളുടെ പ്രതികരണങ്ങളോട് പേടി തോന്നാറില്ലെന്നും തന്റെ കാഴ്ചപ്പാടിൽ നിന്നും വിപരീതമായ അഭിപ്രായങ്ങളെയും ഉൾക്കൊള്ളാറുണ്ടെന്നും നടി പറയുന്നു.
‘ട്രെൻഡിങ് ആയിട്ടുള്ള കാര്യങ്ങളിൽ ആവശ്യമില്ലാതെ പോയി ഇടപെടുമ്പോഴാണ് പബ്ലിക് അതിനോട് പ്രതികരിക്കുന്നത്. പിന്നെ ജനങ്ങളുടെ പ്രതികരണങ്ങളെ എനിക്ക് പേടിയില്ല, കാരണം എല്ലാവർക്കും സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു വിഷയത്തിലുള്ള എന്റെ കാഴ്ചപ്പാടിൽ നിന്നും നേർവിപരീതമായിരിക്കാം എതിരെ നിൽക്കുന്ന ഒരാളുടെ അഭിപ്രായം എന്നത്. അത് പക്ഷെ പ്രശ്നമുള്ള കാര്യമല്ല,’ ലെന പറഞ്ഞു.
ഒരു എഴുത്തുകാരി എന്ന നിലയിലേക്ക് കൂടി താൻ വളർന്നതുകൊണ്ടു മാത്രമാണ് ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്താൻ ഇന്ന് തനിക്ക് സാധിക്കുന്നത് എന്നും ലെന കൂട്ടിച്ചേർത്തു
‘ഞാൻ പലപ്പോഴും എന്നിലെ എഴുത്തുകാരിയിൽ നിന്നുകൊണ്ടാണ് എന്റെ അഭിപ്രായങ്ങൾ പങ്കുവെക്കാറുള്ളത്. ഒരുപക്ഷേ ഞാൻ ഒരു എഴുത്തുകാരി അല്ലായിരുന്നെങ്കിൽ ഇതൊന്നും സംസാരിക്കുകയേ ഇല്ലായിരുന്നു. അഭിനയം പോലെതന്നെ ദൈവം എനിക്ക് തന്ന ഒരു അനുഗ്രഹമായിട്ടാണ് ഞാൻ എഴുത്തിനെയും കാണുന്നത്. അത് എല്ലാവർക്കും ചെയ്യാൻ പറ്റണമെന്നില്ല,’ നടി പറഞ്ഞു.
തന്റെ നാൽപ്പതുകളിൽ ജീവിതത്തിലെ വിധി തുറന്നുതന്ന മറ്റൊരു വഴിയായിട്ടാണ് താൻ എഴുത്തിനെ കാണുന്നത് എന്നും നടി പറയുന്നു
‘എന്റെ നാൽപ്പതുകളിലേക്ക് എത്തുന്നത് വരെ ഞാൻ ഒരു എഴുത്തുകാരിയാകും എന്ന് വിചാരിച്ചിട്ടുപോലുമില്ലായിരുന്നു. അതിനുമുമ്പ് വരെ എന്നോട് ആരെങ്കിലും എഴുത്തിനെക്കുറിച്ച് ചോദിച്ചിരുന്നെങ്കിൽ അതിനൊരു ചാൻസുമില്ല എന്ന് തന്നെ ഞാൻ പറയുമായിരുന്നു. വിധി തുറന്നുതരുന്ന ജീവിതത്തിലെ വഴികളായിട്ടാണ് ഞാൻ ഇതിനെയൊക്കെ കാണുന്നത്. അതുകൊണ്ട് പേടിക്കാനായിട്ട് അതിലൊന്നുമില്ല,’ ലെന പറഞ്ഞു.

ലെന. Photo. Screen grab/ Youtube
Content Highlight: Lena talks about having no fear when expressing her personal opinions on various topics