ഇത് നമ്മുടെ നിവിനല്ലേ, ലെജന്‍ഡ് ശരവണന്റെ പുതിയ ടീസറിനെ ട്രോളി സിനിമാപേജുകള്‍
Indian Cinema
ഇത് നമ്മുടെ നിവിനല്ലേ, ലെജന്‍ഡ് ശരവണന്റെ പുതിയ ടീസറിനെ ട്രോളി സിനിമാപേജുകള്‍
അമര്‍നാഥ് എം.
Thursday, 5th February 2026, 7:23 am

ശരവണ സ്റ്റോറിന്റെ ഉടമ എന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് ശരവണന്‍. പരസ്യങ്ങളിലൂടെ ശ്രദ്ധ നേടിയ ശരവണന്‍ പിന്നീട് സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. 2023ല്‍ പുറത്തിറങ്ങിയ ലെജന്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ശരവണന്‍ തന്റെ സിനിമാ എന്‍ട്രി നടത്തിയത്. ട്രോള്‍ പേജുകളുടെയും റോസ്റ്റ് പേജുകളുടെയും ഇരയായി ലെജന്‍ഡ് മാറി.

എന്നാല്‍ ട്രോളിലൊന്നും തളരില്ലെന്ന് പറഞ്ഞുകൊണ്ട് ശരവണന്‍ തന്റെ രണ്ടാമത്തെ ചിത്രവും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ലീഡര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി. ആക്ഷനും വയലന്‍സും ചേര്‍ന്ന ചിത്രമാണ് ലീഡറെന്ന് ടീസറിലൂടെ വ്യക്തമാണ്. എന്നാല് ടൈറ്റില്‍ ടീസറിനെയും ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമാപേജുകള്‍.

ശരവണന്‍ Photo: Screen grab/ Think Music India

ശരവണനെ കാണാന്‍ നിവിന്‍ പോളിയെപ്പോലെ ഉണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നിവിന്‍ തമിഴില്‍ ഇത്രയും നന്നായി ആക്ഷന്‍ ചെയ്യുമോ എന്നാണ് പലരും ചോദിക്കുന്നത്. ശരവണന്റെ പുതിയ ഗെറ്റപ്പ് കാണുമ്പോള്‍ നിവിന്‍ പോളിയുടെ നല്ല സാമ്യതയുണ്ടെന്ന് നേരത്തെ ട്രോളുകളുണ്ടായിരുന്നു. ഇപ്പോഴിതാ പുതിയ ടീസറിലേക്കും നിവിനെ ട്രോളന്മാര്‍ വലിച്ചിഴച്ചിരിക്കുകയാണ്.

ടൈറ്റിലും ടീസറും കാണുമ്പോള്‍ ഇത് രാഷ്ട്രീയവും വയലന്‍സും നിറഞ്ഞ കഥയായി തോന്നുമെങ്കിലും ചിത്രത്തിന്റെ കഥ അതല്ലെന്ന് ശരവണന്‍ ടീസര്‍ ലോഞ്ചില്‍ പറഞ്ഞു. അച്ഛനും മകളും തമ്മിലുള്ള ഇമോഷണല്‍ ബോണ്ടിനാണ് ലീഡര്‍ പ്രാധാന്യം നല്‍കുന്നതെന്നും അത് കൃത്യമായി വന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ശരവണന്‍ Photo: Screen grab/ Think Music India

എതിര്‍നീച്ചല്‍, കൊടി എന്നീ ചിത്രങ്ങളൊരുക്കിയ ദുരൈ സെന്തില്‍കുമാറാണ് ലീഡറിന്റെ സംവിധായകന്‍. ലെജന്‍ഡ് പോലെ ശരവണന്‍ എന്ന നടനെ മാത്രം ഫോക്കസ് ചെയ്തുകൊണ്ടുള്ള കഥയാണ് ലീഡറിന്റേതുമെന്ന് ടീസര്‍ അടിവരയിടുന്നുണ്ട്. ട്രോളന്മാര്‍ക്കുള്ള പുതിയ ഇരയായി ലീഡര്‍ മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ആന്‍ഡ്രിയയാണ് ചിത്രത്തിലെ നായിക. പായല്‍ രാജ്പുത്, ശ്യാം, ലാല്‍, വി.ടി.വി ഗണേഷ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആദ്യ സിനിമയിലേത് പോലെ ഈ ചിത്രത്തിന്റെയും നിര്‍മാണം ശരവണന്‍ തന്നെയാണ്. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

Content Highlight: Legend Saravanan’s new movie teaser getting trolls

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം