ഒരു താരത്തെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അയാള്‍ക്ക് മതിയായ അവസരങ്ങള്‍ നല്‍കണം: ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍
Cricket
ഒരു താരത്തെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അയാള്‍ക്ക് മതിയായ അവസരങ്ങള്‍ നല്‍കണം: ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍
ശ്രീരാഗ് പാറക്കല്‍
Monday, 6th July 2026, 3:59 pm

ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിക്ക് പിന്തുണ നല്‍കി മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശിക്ക് വേണ്ടത്ര അവസരങ്ങള്‍ നല്‍കണമെന്നും ഒരു യുവതാരത്തെ ടീമിലെടുത്തിട്ട് കുറച്ച് മത്സരങ്ങള്‍ കളിപ്പിച്ച ശേഷം വിശ്രമം നല്‍കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു താരത്തെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അയാള്‍ക്ക് മതിയായ അവസരങ്ങള്‍ നല്‍കണമെന്നും അടുത്ത 20 വര്‍ഷത്തേക്കുള്ള ഒരു നിക്ഷേപമാണ് വൈഭവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശിക്ക് വേണ്ടത്ര അവസരങ്ങള്‍ നല്‍കുകയും അദ്ദേഹം എങ്ങനെ പ്രകടനം നടത്തുമെന്ന് വിലയിരുത്തുകയും വേണം. ഒരു യുവതാരത്തെ ടീമിലെടുത്തിട്ട് കുറച്ച് മത്സരങ്ങള്‍ കളിപ്പിച്ച ശേഷം വിശ്രമം നല്‍കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അദ്ദേഹത്തിന് ഇപ്പോള്‍ വിശ്രമത്തിന്റെ ആവശ്യമില്ല. വര്‍ഷം മുഴുവന്‍ തുടര്‍ച്ചയായി കളിക്കാന്‍ അദ്ദേഹത്തിന് കഴിയും.

വൈഭവ് സൂര്യവംശി

പ്രത്യേകിച്ച് ഒരു ബാറ്ററായതിനാല്‍, ഒരു ബൗളര്‍ക്ക് വേണ്ടതുപോലുള്ള ഫിറ്റ്‌നസ് അദ്ദേഹത്തിന് ആവശ്യമില്ല. ദീര്‍ഘനേരം ബാറ്റ് ചെയ്യുന്നത് അദ്ദേഹത്തിന്റെ ഏകാഗ്രതയും മാനസിക കരുത്തും കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഒരു താരത്തെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അയാള്‍ക്ക് മതിയായ അവസരങ്ങള്‍ നല്‍കണം. അടുത്ത 20 വര്‍ഷത്തേക്കുള്ള ഒരു നിക്ഷേപമാണ് വൈഭവ് എന്ന് ഓര്‍ക്കണം. ഇപ്പോള്‍ അദ്ദേഹത്തിന് ഏറ്റവും ആവശ്യം ഗൗതം ഗംഭീറിന്റെയും ശ്രേയസ് അയ്യരുടെയും, ടീമിലെ മറ്റ് താരങ്ങളുടെയും പിന്തുണയാണ്. ഏതാനും മത്സരങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ടീമിന്റെ പിന്തുണ അദ്ദേഹത്തിന് തുടര്‍ന്നും ലഭിക്കണം,’ സ്‌പോര്‍ട്സ്റ്റാറിനോട് ശിവരാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു വൈഭവ് സൂര്യവംശി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. സൂപ്പര്‍ താരം സഞ്ജു സാംസണിന് പകരക്കാരനായിട്ടായിരുന്നു 15 വയസുകാരന്‍ കളത്തിലിറങ്ങിയത്.

മത്സരത്തില്‍ 10 പന്തില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ 14 റണ്‍സ് നേടിയാണ് വൈഭവ് മടങ്ങിയത്. അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ താരം ആദ്യ സിക്‌സര്‍ പറത്തിയത് അറ്റാക്കിങ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിനെയായിരുന്നു. വില്‍ ജാക്‌സിന്റെ പന്തില്‍ സ്റ്റെപ് ഔട്ട് ചെയ്ത് ബിഗ് ഹിറ്റിന് ശ്രമിച്ചപ്പോള്‍ 15കാരനെ ജോസ് ബട്‌ലര്‍ സ്റ്റംപ് ചെയ്താണ് പുറത്താക്കിയത്.

വൈഭവ് കളത്തിലിറങ്ങിയതോടെ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു.

അതേസമയം മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്നു. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ജൂലൈ ഏഴിനാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.

Content Highlight: Laxman Sivaramakrishnan Talking About Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ