[] വാഷിങ്ടണ്‍: പ്രമുഖരായ അഞ്ച് മുസ്‌ലീം പൗരാവകാശ ്രപവര്‍ത്തകരായ അഭിഭാഷകരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം അമേരിക്കന്‍ ചാരസംഘടനകള്‍ നിരീക്ഷിച്ചതായി എഡ്വേര്‍ഡ് സ്‌നോഡന്റെ പുതിയ വെളിപ്പെടുത്തല്‍. എന്‍.എസ്.എ, എഫ്.ബി.ഐ എന്നീ അമേരിക്കന്‍ രഹസ്യാന്വേഷണ-ചാര സംഘടനകള്‍ നിരീക്ഷിച്ചവരില്‍ ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു. അവരുടെ ഇമെയിലും ചോര്‍ത്തിയതായി സ്‌നോഡന്‍ വ്യക്തമാക്കി.

സ്‌നോഡന്‍ പുതിയ ഡോക്യുമെന്റിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തറിയിച്ചത്. അമേരിക്കന്‍ ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പുറത്തുവിട്ട മുന്‍ എന്‍.എസ്.എ ഉദ്യോഗസ്ഥനാണ് അദ്ദേഹം.

നിരീക്ഷിക്കപ്പെട്ടവരില്‍ അമേരിക്കന്‍ മുസ്‌ലീം ഉന്നതോദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. അമേരിക്കയില്‍ ഏറ്റവും പ്രധാനപ്പെട്ട മുസ്‌ലീം – അമേരിക്കന്‍ പൗരാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിന്റെ ഡയറക്ടര്‍, അമേരിക്കന്‍ ആഭ്യന്തരസുരക്ഷയിലെ മുന്‍ ഉദ്യോഗസ്ഥന്‍ എന്നിവരും ഉള്‍പ്പെടുന്നു. തീവ്രവാദ ബന്ധം ആരോപിച്ചാണ് ഇവരുടെ വിവരങ്ങള്‍ ചോര്‍ത്തുകയും ഇവരെ നിരീക്ഷിക്കുകയും ചെയ്തിരുന്നത്.

അമേരിക്കയിലെ നിയമകാര്യസ്ഥനായ അസിം ഗഫൂറാണ് നിരീക്ഷിച്ചവരുടെ പട്ടികയിലുള്ള ഇന്ത്യന്‍ വംശജന്‍. തീവ്രവാദ ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാലാണ് അസിം ഗഫൂറിനെയും നിരീക്ഷിച്ചത്.

തന്റെ പേര് മുസ്‌ലീം നാമമായ അബ്ദുള്‍ റഹിമാന്‍ എന്നായതുകൊണ്ടാണ് താന്‍ നിരീക്ഷിക്കപ്പെട്ടതെന്ന് അസിം പറഞ്ഞു. താന്‍ ഇന്ത്യക്കാരനായതും സൗദി അറേബ്യയില്‍ പോയതും നിരീക്ഷിക്കപ്പെടുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകനായ ഫൈസല്‍ ഗില്‍ ആണ് നിരീക്ഷിക്കപ്പെട്ട മറ്റൊരു മുസ്‌ലീം പൗരാവകാശ പ്രവര്‍ത്തകന്‍. കൂടാതെ കാലിഫോര്‍ണിയ സ്‌റ്റേറ്റ് സര്‍വ്വകലാശാലയിലെ പ്രഫസറായ അഗ സയ്ദ്, നിഹാദ് അവാദ് എന്നിവരാണ് നിരീക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്ന മറ്റുള്ളവര്‍. പലസ്തീന്‍ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് അഗ സയ്ദ്.