തിരുവനന്തപുരം: തനിക്കെതിരെയുള്ള കാസര്‍ഗോഡ് ഭൂമിദാനക്കേസ് സര്‍ക്കാറിന്റെ പ്രതികാരനടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. കുഞ്ഞാലിക്കുട്ടിയുടെ പെണ്‍വാണിഭത്തിനും അഴിമതിക്കുമെതിരായി പോരാടിയതിനുള്ള പ്രതികാരനടപടിയാണിതെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ പ്രതികാരത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂട്ടുനില്‍ക്കുകയാണ്. ഇതിന് മുമ്പും ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം നേരിട്ട് അഴിമതി വിരുദ്ധപോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.[]
കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍് വി.എസ് അച്യുതാനന്ദനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിരുന്നു. കേസില്‍ വി.എസിനെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വക്കം ജി. ശശീന്ദ്രന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയിരുന്നു.

വി.എസിനെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പ്രതിയാക്കുന്നതില്‍ നിയമപ്രശ്‌നമില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് വിജിലന്‍സിന് നല്‍കിയ നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ വി.എസിനെ പ്രതിയാക്കരുതെന്നും അദ്ദേഹത്തിനെതിരേ തെളിവുകളില്ലെന്നും അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ നല്‍കിയ നിയമോപദേശം വിജിലന്‍സ് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് വീണ്ടും നിയമോപദേശം തേടിയത്.

ഈ കേസിന്റെ കുറ്റപത്രം തയാറാക്കുന്നത് ഉടന്‍ തന്നെ വേണമെന്ന നിലയിലായിരുന്നു സര്‍ക്കാര്‍. കേസിന്റെ എഫ്.ഐ.ആര്‍ തന്നെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹരജി ഉടന്‍ തന്നെ ഹൈക്കോടതി പരിഗണിക്കും.

ഭൂമിദാനക്കേസില്‍ ഇടപെട്ട വിവരാവകാശ കമ്മീഷണര്‍ കെ.നടരാജനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

വി.എസ്. സ്ഥിരം അഴിമതിക്കാരനല്ലെന്നും ആ പരിഗണന നല്‍കി ആദ്യ റിപ്പോര്‍ട്ടില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും ഡി.വൈ.എസ്.പി. കുഞ്ഞനോട് കെ. നടരാജന്‍ ആവശ്യപ്പെട്ടു. ആരുടെയും നിര്‍ദേശപ്രകാരമല്ല താനിത് ആവശ്യപ്പെടുന്നതെന്നും നമ്മള്‍ തമ്മിലുള്ള പേഴ്‌സണല്‍ ബന്ധംകൊണ്ട് പറഞ്ഞുവെന്നേയുള്ളൂവെന്നും നടരാജന്‍ പറഞ്ഞിരുന്നു.