അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ കരിയര്‍ ആരംഭിച്ച് 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് ലാല്‍ ജോസ്. മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയെ നായകനാക്കിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് മീശമാധവന്‍, പട്ടാളം, അറബിക്കഥ, ചാന്ത്പൊട്ട്, ക്ലാസ്മേറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായി ലാല്‍ ജോസ് മാറിയിരുന്നു.

ലാല്‍ ജോസ്. Photo: X.com

സംവിധായകന്റെ കരിയറില്‍ വലിയ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി 2017ല്‍ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം. ബെന്നി പി. നായരമ്പലം തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മിച്ചത്. ചിത്രത്തിലെ എന്റമ്മേടെ ജിമിക്കിക്കമ്മല്‍ എന്ന ഗാനം വന്‍ തോതില്‍ വൈറലാകുകയും കുറഞ്ഞ സമയം കൊണ്ട് യൂട്യൂബില്‍ കോടിക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിലൂടെ കിട്ടിയ ഹൈപ്പ് വെളിപാടിന്റെ പുസ്തകത്തിന് തിയേറ്ററില്‍ മുതലാക്കാന്‍ സാധിച്ചിരുന്നില്ല.

അടുത്തിടെ സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വെളിപാടിന്റെ പുസ്തകം പരാജയപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. വെളിപാടിന്റെ പുസ്തകം ഒരു ഇന്റര്‍നാഷണല്‍ സബ്‌ജെക്ടായിരുന്നുവെന്നും എന്നാല്‍ ഇത് പ്രേക്ഷകരിലേക്ക് കണ്‍വേ ചെയ്യാന്‍ സാധിക്കാത്തതാണ് ചിത്രത്തിന്റെ പരാജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

‘ചില സമയത്ത് നമ്മുടെ മനസിലുള്ള രീതിയിലേക്ക് സിനിമ വരാതെ പോകും. വെളിപാടിന്റെ പുസ്തകത്തിന് അതാണ് സംഭവിച്ചത്. വെളിപാടിന്റെ പുസ്തകത്തിന്റെ ക്രക്‌സ് നോക്കുമ്പോള്‍ ഒരു ഇന്റര്‍നാഷണല്‍ ഫിലിമാണ്. ഒരു ആക്ടര്‍ ആദ്യമായി ഒരു സിനിമയിലഭിനയിക്കുന്നു, പക്ഷേ അഭിനയിച്ച ആ ക്യാരക്ടറില്‍ നിന്നും അയാള്‍ക്ക് തിരിച്ച് ഇറങ്ങാന്‍ സാധിക്കുന്നില്ല എന്ന് പറയുന്നത് ഇന്റര്‍നാഷണല്‍ വിഷയമാണ്.

വെളിപാടിന്റെ പുസ്തകം. Photo: X.com

പക്ഷേ നേരത്തേ പറഞ്ഞതുപോലെ വര്‍ക്ക് ഔട്ട് ചെയ്ത് വന്നപ്പോള്‍ ആളുകള്‍ക്ക് അത് കിട്ടിയില്ല. നമ്മുടെ ഉള്ളില്‍ അത് ഉണ്ടായിരുന്നത് കൊണ്ട് ചിത്രത്തില്‍ അത് ഉണ്ട് എന്നാണ് നമ്മള്‍ വിചാരിക്കുന്നത്. മാത്രമല്ല ജിമിക്കിക്കമ്മല്‍ പാട്ട് ഇറങ്ങിയപ്പോള്‍ വേറെയൊരു പ്രതീക്ഷ ചിത്രത്തിന് വന്നു. ക്യാപസിലെ ഒരു ഫണ്‍ സോങ് പോലെ നമ്മള്‍ സാധാരണയായിട്ട് ചെയ്ത ഒരു പാട്ടാണ്. പക്ഷേ ഒരുപാട് പേര്‍ ആ പാട്ട് കാണുകയും ചിത്രത്തിന് ഒരു മുന്‍വിധി ഉണ്ടാക്കുകയും ചെയ്തു,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose talks about Velipadinte Pusthakam Movie