ചന്ദ്രോത്സവത്തിലെ ആ ഷോട്ടിൽ ലാൽ സാറിന്റെ ടൈമിംഗ് അവിശ്വസനീയമായിരുന്നു: അളഗപ്പൻ
malayalam movie
ചന്ദ്രോത്സവത്തിലെ ആ ഷോട്ടിൽ ലാൽ സാറിന്റെ ടൈമിംഗ് അവിശ്വസനീയമായിരുന്നു: അളഗപ്പൻ
നന്ദന. ടി
Tuesday, 25th August 2026, 7:59 am

മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് അളഗപ്പൻ. ദൂരദർശൻ ടെലിഫിലിമുകൾ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ കരിയർ ആരംഭിക്കുന്നത്. സമ്മാനം എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനായി ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു. പിന്നീട് അഗ്നിസാക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മനസ്സിനക്കരെ, കാഴ്ച, അച്ചുവിന്റെ അമ്മ തുടങ്ങി ശ്രദ്ധേയമായ നിരവധിയേറെ സിനിമകൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു. 2013-ൽ ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പട്ടം പോലെ എന്ന ചിത്രം സംവിധാനം ചെയ്തതും അദ്ദേഹമാണ്.

നിരവധി ചലച്ചിത്ര-ടെലിവിഷൻ പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം, ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ ചിത്രമായ ചന്ദ്രോത്സവത്തിൽ പ്രവർത്തിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ്.

അളഗപ്പൻ. Photo. Screen grab/ Youtube

ചന്ദ്രോത്സവം എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ചിറക്കൽ ശ്രീഹരി എന്ന കഥാപാത്രം കുളത്തിലേക്ക് വീഴുന്ന ഷോർട്ടിനെ കുറിച്ച് സംസാരിക്കുകയാണ് അഴകപ്പൻ

‘ചന്ദ്രോത്സവം സിനിമയിൽ ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്ന ലാൽ സാറിന്റെ ഒരു പെർഫോമൻസ് ഉണ്ട്. സർ അവതരിപ്പിച്ച കഥാപാത്രം ഒരു കുളത്തിന്റെ അരികിലിരുന്ന് സംസാരിക്കുന്നതും, തുടർന്ന് പെട്ടെന്ന് പുഴയിലേക്ക് വീഴുന്നതുമായ ഒരു ഷോട്ട്.

അത് സിനിമയുടെ സംവിധായകനായ രഞ്ജിത്തിന്റെ പ്ലാനിൽ ഇല്ലായിരുന്നു. ഞാൻ ക്രെയ്ൻ ഉപയോഗിച്ച് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ എനിക്ക് പെട്ടെന്ന് തോന്നിയതാണ്, ലാലേട്ടൻ അവിടെയിരുന്നുകൊണ്ട് പിന്നിലേക്ക് പോയി വെള്ളത്തിലോട്ട് വീഴുമ്പോൾ ഒരു വിഷ്വൽ ബ്യൂട്ടി ഉണ്ടാകുമല്ലോ എന്ന്,’ അളഗപ്പൻ പറഞ്ഞു.

എന്നാൽ ആ ഷോട്ട് എടുക്കാൻ ബുദ്ധിമുട്ടായതുകൊണ്ട് അത് ഒഴിവാക്കാൻ സംവിധായകൻ പറഞ്ഞെങ്കിലും, ഷോട്ട് മനോഹരമായിരിക്കും എന്നതുകൊണ്ടുതന്നെ അത് താൻ ചെയ്യുമെന്ന് മോഹൻലാൽ പറയുകയായിരുന്നു എന്നും അളഗപ്പൻ ഓർത്തെടുക്കുന്നു.

‘ഞാൻ ലാൽ സാറിന്റെ അടുത്ത് പോയിട്ട് ‘ലാൽ സർ, ആ വെള്ളത്തിലേക്ക് വീണ് ഒരു സ്പ്ലാഷ് ഓവർ ഒക്കെ വരുകയാണെങ്കിൽ കാണാൻ നല്ല രസമുണ്ടാകും, അങ്ങനെ ഒരു ഷോർട് ചെയ്യാൻ പറ്റുമോ എന്ന്. ആ സമയം, എന്നെ വെള്ളത്തിൽ ഇറക്കണം അല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോൾ തന്നെ ഞാൻ പറഞ്ഞു, ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ എന്ന്.

പിന്നെ രഞ്ജിത്ത് വന്ന് എന്നോട് ചോദിച്ചു, അഴകപ്പൻ എന്താണ് ഈ കാണിക്കുന്നത്, ലാലേട്ടൻ വെള്ളത്തിൽ വീണാൽ കോസ്റ്റ്യൂം നനയും, മുടിയുടെ കോമ്പിങ് മാറും. അങ്ങനെ ഞാൻ അത് ഒഴിവാക്കി. എന്നാൽ ആ സമയം ലാൽ സർ എന്നെ അടുത്ത് വിളിച്ച് പറഞ്ഞു, ഞാൻ അത് ചെയ്യാം, വേറെ ആരോടും പറയണ്ട എന്ന് അളഗപ്പൻ പറഞ്ഞു.

മോഹനലാൽ ആ ഷോട്ട് ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്നെകിലും, ആ ഷോർട് എടുക്കുമ്പോൾ ഉള്ള അദേഹത്തിന്റെ ടൈമിംഗ് അവിശ്വസനീയമായിരുന്നു എന്നും അളഗപ്പൻ കൂട്ടിച്ചേർത്തു.

ചന്ദ്രോത്സവം. Photo. Screen grab/ Youtube

‘പുള്ളി അത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ടൈമിംഗ് വിശ്വസിക്കാൻ പറ്റാത്തതായിരുന്നു. ക്യാമറ ഹോൾഡ് ചെയ്യുന്ന ആ സെക്കൻഡിൽ തന്നെ സർ വെള്ളത്തിലേക്ക് വീണു. അത് സിനിമയിൽ വളരെ പോയറ്റിക് ആയൊരു ബ്യൂട്ടിഫുൾ ഷോട്ട് ആയിരുന്നു,’ അഴകപ്പൻ ഓർത്തെടുത്തു.

Content Highlight: Alagappan talks about shooting experience with Mohanlal in Chandrolsavam movie

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം