2026 ഫിഫ ലോകകപ്പില്‍ ഫ്രാന്‍സും സ്വീഡനും തമ്മിലുള്ള മത്സരത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നാളെ പുലര്‍ച്ചെ 2.30നാണ് മത്സരം. ഈസ്റ്റ് റൂഥര്‍ഫോഡിലെ ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്‌റ്റേഡിയമാണ് വേദി.
മത്സരത്തിനിറങ്ങുമ്പോള്‍ ഫ്രാന്‍സ് ആരാധകര്‍ ഉറ്റുനോക്കുന്നത് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പ്രകടനമാണ്. ഇന്ന് കളത്തിലിറങ്ങുമ്പോള്‍ താരം ഗോള്‍ നേടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
സ്വീഡനെതിരെ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡും താരത്തെ കാത്തിരിക്കുന്നുണ്ട്. മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ അല്ലാതെ വെറും ഒരു ഗോള്‍ കൂടി നേടാന്‍ സാധിച്ചാല്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് എംബാപ്പെയ്ക്കുള്ള അവസരം. ഒരു ഗോള്‍ നേടിയാല്‍ ഈ നേട്ടത്തില്‍ സാക്ഷാല്‍ ലയണല്‍ മെസിക്കൊപ്പമെത്താനും ഫ്രഞ്ച് നായകന് സാധിക്കും.
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരങ്ങള്‍
മിറോസ്ലാവ് ക്ലോസെ (ജര്‍മനി) – 16
ലയണല്‍ മെസി (അര്‍ജന്റീന) – 15
റൊണാള്‍ഡോ നസാരിയോ (ബ്രസീല്‍) – 14
കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) – 14
ഗെര്‍ഡ് മുള്ളര്‍ (ജര്‍മനി) – 13
ഗ്രൂപ്പ് ഐയില്‍ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഫ്രാന്‍സ് റൗണ്ട് ഓഫ് 32ലേക്ക് കുതിച്ചത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സെനഗലിനെതിരെ 3-1 എന്ന നിലയിലാണ് ഫ്രാന്‍സ് വിജയം സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ ഇറാക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിനും ഫ്രാന്‍സ് പരാജയപ്പെടുത്തി.
നോര്‍വേയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കും എംബാപ്പെയും സംഘവും വിജയിച്ചു. നിലവില്‍ 10 ഗോളുകളാണ് ടീം നേടിയത്. വെറും രണ്ട് ഗോളുകള്‍ മാത്രം വഴങ്ങിയാണ് ഫ്രാന്‍സിന്റെ തേരോട്ടം.
Content Highlight: Kylian Mbappe Need One Non Penalty Goal For Great Record Achievement In FIFA World Cup