സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ എന്നറിയപ്പെടുന്ന പ്ലെയേഴ്സാണ് മെസിയും എംബാപ്പെയും. ഇരുവരിലും ആരാണ് മികച്ചതെന്ന തർക്കം ഫുട്ബോൾ ലോകത്ത് സജീവമാണ്. ഫുട്ബോൾ ആരാധകർ മുതൽ വിദഗ്ധർ വരെ ഇരുതാരങ്ങളുടെയും പക്ഷം പിടിച്ച് G.O.A.T ചർച്ചയിൽ സജീവമായി രംഗത്തുണ്ട്.
എന്നാലിപ്പോൾ ഫുട്ബോളിലെ മികച്ച താരം ആരെന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് എംബാപ്പെ.
ഫിഫ ദ ബെസ്റ്റ് പുരസ്കാര ചടങ്ങിലെ ഫോട്ടോക്ക് ക്യാപ്ഷനായിട്ടാണ് ‘മെസി നിങ്ങളാണ് ഏറ്റവും മികച്ച താരം,’ എന്ന് എംബാപ്പെ കുറിച്ചിരിക്കുന്നത്.
എന്നാൽ റൊണാൾഡോയുടെ വലിയ ഫാനായ എംബാപ്പെ ഒടുവിൽ മെസിയാണ് മികച്ച താരം എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ചില ആരാധകർ എംബാപ്പെയുടെ ഫോട്ടോ ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ വാദിക്കുന്നത്.
റൊണാൾഡോയുടെ വലിയ ഫാനാണ് എംബാപ്പെ എന്ന് അദ്ദേഹത്തിന്റെ പിതാവ് തന്നെ തുറന്ന് സമ്മതിച്ചിട്ടുള്ള കാര്യമാണ്. ചെറുപ്പത്തിൽ മണിക്കൂറുകളോളം റൊണാൾഡോയുടെ വീഡിയോ കണ്ട് എംബാപ്പെ സമയം ചെലവഴിക്കുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പിതാവ് 2016ൽ ഒരു അഭിമുഖത്തിൽ വെച്ച് വെളിപ്പെടുത്തിയത്.

കൂടാതെ 2022ൽ മിററിന് നൽകിയ അഭിമുഖത്തിൽ എംബാപ്പെയുടെ പി.എസ്. ജിയിലെ സഹതാരമായിരുന്ന അബ്ദോ ഡിയാലൊ എംബാപ്പെ തന്നോട് മികച്ച താരം റൊണാൾഡോയാണ് എന്ന് പറഞ്ഞിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
“എംബാപ്പെയുടെ എല്ലാമെല്ലാം റൊണാൾഡോയാണ്. നിങ്ങൾ മെസിയാണ് റൊണാൾഡോയേക്കാൾ മികച്ചതെന്ന് പറഞ്ഞാൽ, മണിക്കൂറുകളോളം റൊണാൾഡോക്ക് വേണ്ടി പക്ഷം പിടിച്ച് എംബാപ്പെ നിങ്ങളോട് വാദിക്കും. എംബാപ്പെയെ സംബന്ധിച്ച് റൊണാൾഡോയാണ് ബെസ്റ്റ്,’ അബ്ദോ ഡിയാലൊ പറഞ്ഞു.

ഇക്കഴിഞ്ഞ ഫിഫ ദ ബെസ്റ്റ് പുരസ്കാര ചടങ്ങിൽ മികച്ച പുരുഷ താരമായി മെസിയായിരുന്നു തെരെഞ്ഞെടുക്കപ്പെട്ടത്. 52 വോട്ടുകളായിരുന്നു മെസി സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ എംബാപ്പെക്ക് 44 വോട്ടുകൾ ലഭിച്ചു.
