[share]

[] ന്യൂദല്‍ഹി: കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശരത് പവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ഭക്ഷ്യ മന്ത്രി കെ.വി തോമസിന്റെ പുസ്തകം.

1999 ല്‍ സോണി ഗാന്ധിയ്‌ക്കെതിരെ കോണ്‍ഗ്രസിലുണ്ടായ കലാപത്തെക്കുറിച്ചുള്ള സോണിയ ദ ബിലവഡ് ഓഫ് മാസസ് എന്ന പുസ്തകത്തിലാണ് പവാറിനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളുള്ളത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയയുടെ വിദേശ പൗരത്വത്തെ കുറിച്ച് ആദ്യ പരാമര്‍ശം നടത്തിയത് പി.എം സാഗ്മയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ സോണിയയ്ക്ക് കനത്ത ആഘാതമായി. സാഗ്മ നിര്‍ത്തിയിടത്ത് നിന്നാണ് പവാര്‍ തുടങ്ങിയത്.

പാര്‍ട്ടിയില്‍ ഐക്യം കൊണ്ടുവന്ന സോണിയയെ അദേഹം അഭിനന്ദിച്ചു. അതിന് പിന്നാലെ സോണിയ വിദേശിയാണെന്ന ആരോപണത്തെ പാര്‍ട്ടിയ്ക്ക് നേരിടാന്‍ കഴിയില്ലെന്നും പവാര്‍ പറഞ്ഞു- പുസ്തകത്തില്‍ കെ.വി തോമസ് കുറിച്ചതിങ്ങനെ.

താന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് നിര്‍ദേശിച്ച പവാറില്‍ നിന്നുണ്ടായ കുറ്റപ്പെടുത്തല്‍ സോണിയയെ നിരാശയാക്കിയെന്നും തോമസ് പുസ്‌കത്തില്‍ പറയുന്നുണ്ട്‌.

ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സോണിയയും പവാറും തമ്മില്‍ അകല്‍ച്ചയുണ്ടായിരുന്നതായും തോമസ് പരാമര്‍ശിക്കുന്നുണ്ട്.

എന്‍.സി.പി ബി.ജെ.പി പക്ഷത്തേക്ക് ചായുന്നെന്ന വാര്‍ത്തകള്‍ക്കിടയിലാണ് തോമസിന്റെ പുസ്തകം പുറത്ത് വന്നത്.

2006ല്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് കോണ്‍ഗ്രസ്-എന്‍.സി.പി ഭിന്നതകള്‍ക്ക് ആക്കം കൂട്ടി പുതിയ വിവാദം സൃഷ്ടിക്കുന്നത്.