കോഴിക്കോട്: സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം’ റിലീസ് മാറ്റി. മെയ് മൂന്നിന് കേരളത്തിലും തമിഴ്‌നാട്ടിലും റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് ചിത്രം റിലീസ് ചെയ്യരുതെന്ന് ചില സംഘടനകളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് റിലീസ് നീട്ടി വെച്ചത്.

എന്നാല്‍ ഒരു മതത്തേയും ഇകഴ്ത്താനോ പുകഴ്ത്താനോ സിനിമ ഉദ്ദേശിച്ചിട്ടെന്നും ടീസര്‍ മാത്രം കണ്ട് ഒരു സിനിമയെ വിലയിരുത്തരുതെന്നും സിനിമാ സംഘാടകര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സിനിമക്കെതിരെ ശബ്ദമുയര്‍ത്തിയ ആര്‍ക്കുമെതിരെ നിയമനടപടിക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ആറ് ക്ലൈമാക്‌സുകളുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇത് വരെ സിനിമാ ലോകം ചര്‍ച്ച ചെയ്യാത്ത കഥയാണ് കുഞ്ഞിരാമന്റെ കുപ്പായമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്.പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത് തുടങ്ങി നിരവധി ചോദ്യങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍ , ലിന്റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പി.കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം ചെയ്യുന്ന ചിത്രത്തില്‍ സിതാരാ കൃഷ്ണകുമാര്‍, മഖ്ബൂല്‍ മന്‍സൂര്‍ എന്നിവരാണ് ഗാനമാലപിച്ചത്.