മലയാള സിനിമയിലെ എവർഗ്രീൻ ഹീറോ കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് ഉന്മാദം. ഇപ്പോൾ സിനിമയുടെ തുടക്കകാലത്ത് താൻ നേരിട്ട പ്രതിസന്ധി ഘട്ടത്തെ കുറിച്ച് തുറന്ന് സംസാരികയുകയാണ് താരം. ഗലാട്ട പ്ലസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ചെയ്യുന്ന ജോലിയോട് എനിക്ക് വലിയ താല്പര്യമൊന്നും തോന്നിയിരുന്നില്ല. എന്തോ നിർബന്ധത്തിന് വഴങ്ങി ചെയ്യുന്നത് പോലെയായിരുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധ കൊടുക്കാനും പറ്റിയില്ല. ഒരേപോലെയുള്ള സിനിമകളും കഥാപാത്രങ്ങളും ചെയ്തു ചെയ്തു ഞാൻ അവിടെത്തന്നെ സ്റ്റിക്ക് ആയി പോയി. ചെയ്യുന്ന എല്ലാ സിനിമകളിലും ഒരേ ലൂക്കും രൂപവും.
കണ്ണാടിയിൽ നോക്കുമ്പോൾ എപ്പോഴും ഒരേ ലുക്ക് ആയിരുന്നു . യാതൊരു മാറ്റമൊന്നും തന്നെ ഇല്ല. ആ സമയത്ത് എന്റെ മീശയിൽ തൊടാൻ പോലും ഞാൻ ആരെയും സമ്മതിച്ചിരുന്നില്ല. അങ്ങനെ സ്വന്തം മുഖം കണ്ട് എനിക്ക് തന്നെ മടുത്തു. അപ്പോഴാണ് ചിന്തിച്ചത്, എനിക്ക് തന്നെ എന്നെ കണ്ടു മടുത്തെങ്കിൽ പ്രേക്ഷകരുടെ കാര്യം പിന്നെ പറയണോ ‘എന്റെ സമയം കഴിഞ്ഞു’ എന്ന് ഉറപ്പിച്ചു. ബിസിനസും പഠനവുമൊക്കെയായി വേറെ വഴി നോക്കാമെന്ന് കരുതി കല്യാണം കഴിഞ്ഞ് സിനിമയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു.
ആ ഇടവേളയിലാണ് ആളുകൾക്ക് എന്നോടും എന്റെ കഥാപാത്രങ്ങളോടുമുള്ള സ്നേഹം ഞാൻ തിരിച്ചറിയുന്നത്. സത്യത്തിൽ എന്നേക്കാൾ കൂടുതൽ അത് മനസിലാക്കിയത് എന്റെ ഭാര്യയാണ്. ‘ചാക്കോച്ചൻ’ എന്ന നടനെ ആളുകൾ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അവളാണ് എന്നെ പറഞ്ഞു മനസിലാക്കി തന്നത്. വീണ്ടും പൂജ്യത്തിൽ നിന്ന് തുടങ്ങാൻ എന്നെ നിർബന്ധിച്ചതും അവളാണ്.
അങ്ങനെ വീണ്ടും ചെറിയ റോളുകളും, ഗസ്റ്റ് റോളുകളും, നായകപ്രാധാന്യമുള്ള സിനിമകളുമൊക്കെ ചെയ്ത് ചെറുതായി തുടങ്ങി. എന്ത് റോൾ തന്നാലും ചെയ്യാൻ ഞാൻ തയ്യാറായിരുന്നു, നല്ല സിനിമകളുടെ ഭാഗമാകണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വ്യത്യസ്തമായ കഥകളും ലുക്കുകളുമായി കുറച്ച് ഡയറക്ടർമാരും റൈറ്റേഴ്സും വന്നു. രൂപം മാറ്റാൻ ഞാനും റെഡിയായി.
വളരെ പതുക്കെയാണെങ്കിലും ഓരോ ചുവടും ഞാൻ മുന്നോട്ട് തന്നെ വെച്ചു. അതിൽ നിന്നാണ് ഒരു കാര്യം ഞാൻ പഠിച്ചത് സ്റ്റാർഡം എന്നത് ഒറ്റ ദിവസം കൊണ്ട് കിട്ടുന്ന ഒന്നല്ല. അതിന് പിന്നിൽ വലിയ കഷ്ടപ്പാടുകളും തോൽവികളും മാറ്റിനിർത്തലുകളുമുണ്ട്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Content Highlight: Kunchacko Boban Speaks About His Early Struggles in the Film Industry