സിനിമയില്ലേയെന്ന് ആളുകൾ ചോദിക്കുമ്പോൾ 'വെറുതെയിരിക്കുകയാണെന്ന്' പറയും, നമ്മളായിട്ട് എന്തിനാണ് ഒരാളുടെ സന്തോഷം കളയുന്നത്: കൃഷ്ണപ്രഭ
Malayalam Cinema
സിനിമയില്ലേയെന്ന് ആളുകൾ ചോദിക്കുമ്പോൾ 'വെറുതെയിരിക്കുകയാണെന്ന്' പറയും, നമ്മളായിട്ട് എന്തിനാണ് ഒരാളുടെ സന്തോഷം കളയുന്നത്: കൃഷ്ണപ്രഭ
നന്ദന. ടി
Tuesday, 28th July 2026, 4:30 pm

അഭിനേത്രി, നർത്തകി, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ ശ്രദ്ധേയയായ താരമാണ് കൃഷ്ണ പ്രഭ. മാടമ്പി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം കളേഴ്സ്, ലൈഫ് ഓഫ് ജോസുട്ടി, ദൃഢം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് . ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2-ലെ മേരി എന്ന കഥാപാത്രത്തിലൂടെ താരം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

കിരൺ ദാസിന്റെ സംവിധാനത്തിൽ ഈ മാസം 31-ന് തിയേറ്ററുകളിലെത്തുന്ന ഉന്മാദം ആണ് കൃഷ്ണ പ്രഭയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഉന്മാദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

കൃഷ്ണപ്രഭ.photo.Facebook

‘ദൃശ്യം സിനിമയ്ക്ക് ശേഷമാണ് ഞാൻ ഉന്മാദം ചെയ്യുന്നത്. ദൃശ്യം 2-ലാണ് എനിക്കൊരു ഇമോഷണൽ കഥാപാത്രം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത്. എന്നാൽ ഉന്മാദത്തിലേക്ക് വരുമ്പോൾ കഥാപാത്രം കുറച്ചുകൂടി ലൈറ്റ് ആണ്. ദൃശ്യം 2 ൽ ഞാൻ കരയുന്ന ആ സീനൊക്കെ കണ്ടിട്ട് എനിക്ക് ഒരുപാട് കോളുകൾ വന്നിട്ടുണ്ടായിരുന്നു. ആ കഥാപാത്രം ഞാൻ ചെയ്യുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ഭാഗ്യത്തിന് അത് വലിയ വിജയമായി.

അതിനുശേഷം ഇനി അത്തരം സീരിയസ് കഥാപാത്രങ്ങളായിരിക്കും എന്നെ തേടിയെത്തുക എന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്, ഉന്മാദത്തിൽ ഞാൻ പണ്ട് ചെയ്തിരുന്നതുപോലെയുള്ള ഒരു കഥാപാത്രമാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഡാൻസിലാണ് ഗ്രാജ്വേഷൻ ചെയ്തത്. പഠിച്ച മേഖല തന്നെയാണ് തൊഴിലായി സ്വീകരിച്ചിരിക്കുന്നത്. അതുപോലെ ആഗ്രഹിച്ച് തന്നെയാണ് ഞാൻ സിനിമയിലേക്കും എത്തിയത്. അതുകൊണ്ട് സിനിമയെ മാറ്റിനിർത്തിയുള്ള ഒരു ജീവിതം ഞാൻ ചിന്തിച്ചിട്ടില്ല, ഇനി അതിന് കഴിയുകയുമില്ല,’ കൃഷ്ണപ്രഭ പറഞ്ഞു

സിനിമാ ജീവിതത്തിലുണ്ടാകുന്ന ഇടവേളകളെയും ആളുകളുടെ ചോദ്യങ്ങളോടും തർക്കിക്കാൻ നിൽക്കാതെ, അവരുടെ സന്തോഷത്തിനായി ഒരു പണിയുമില്ല എന്ന് മറുപടി നൽകുന്നതാണ് തന്റെ രീതിയെന്ന് താരം രസകരമായി പറയുന്നു.

‘അഭിനയജീവിതത്തിൽ മനഃപൂർവ്വമല്ലാത്ത ഇടവേളകകൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ ചെയ്ത സിനിമകൾ റിലീസ് ആവാത്തതുകൊണ്ടാകാം, അല്ലെങ്കിൽ ഇറങ്ങിയ സിനിമകൾ ശ്രദ്ധിക്കപ്പെടാത്തതുകൊണ്ടാകാം. അങ്ങനെയുള്ള സമയത്ത് ആളുകൾ പറയുന്നത് ഇവർക്ക് പണി ഒന്നുമില്ല എന്നാണ്. ചിലപ്പോൾ നമ്മൾ അഭിനയിച്ച സിനിമ തിയേറ്ററിൽ ഓടുന്നുണ്ടാകും, എങ്കിലും ആളുകൾ ചോദിക്കും ഇപ്പോൾ സിനിമയൊന്നുമില്ലേ എന്ന്.

അത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പഠിച്ചാൽ കാര്യങ്ങൾ എളുപ്പമാണെന്നാണ് ഇപ്പോൾ ഞാൻ മനസ്സിലാക്കിയത്. ഇപ്പോൾ ആരെങ്കിലും സിനിമയൊന്നുമില്ലേ എന്ന് ചോദിച്ചാൽ, ഒരു പണിയുമില്ല, വെറുതെയിരിക്കുകയാണ് എന്ന് പറയും. അപ്പോൾ അവർക്കൊരു സന്തോഷവും സമാധാനവുമാണ്. നമ്മളായിട്ട് എന്തിനാണ് ഒരാളുടെ സന്തോഷം കളയുന്നത്. അനുഭവം കൊണ്ട് കാര്യങ്ങളെ പോസിറ്റീവായി കാണാനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്.

സിനിമയിൽ നല്ല കഥാപാത്രങ്ങൾ കിട്ടുക, അത് ചെയ്യുക എന്നതൊക്കെ നമ്മൾ കൊതിക്കുന്ന കാര്യങ്ങളാണ്. പിന്നെ വരുന്ന സിനിമകളിൽ നിന്നും തെരഞ്ഞെടുത്തു ചെയാനുള്ള കാരണം നല്ല പ്രൊഡക്ഷൻ, തിരക്കഥാകൃത്ത്, സംവിധായകൻ, അഭിനേതാക്കൾ എന്നിവരുടെ കൂടെ സിനിമ ചെയ്യുമ്പോഴേ ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ വളർച്ചയും സംതൃപ്തിയും ഉണ്ടാവുകയുള്ളൂ എന്നത് കൊണ്ടാണ് . പിന്നെ ചെയുന്ന സിനിമകൾ വിജയിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം,’ കൃഷ്ണ പ്രഭ പറഞ്ഞു.

കൃഷ്ണപ്രഭ.photo.samakalika Malayalam

 

Content Highlight:  Krishna prabha talks  about her new movie, addressing questions about career gaps, and keeping a positive outlook on life.

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം