ഇതുപോലൊരു പ്രതിഭയെ ലഭിക്കുന്നത് അസാധ്യം; സൂപ്പര്‍ താരത്തെ ഇന്ത്യന്‍ ടീമിലെടുക്കൂവെന്ന് ശ്രീകാന്ത്
Cricket
ഇതുപോലൊരു പ്രതിഭയെ ലഭിക്കുന്നത് അസാധ്യം; സൂപ്പര്‍ താരത്തെ ഇന്ത്യന്‍ ടീമിലെടുക്കൂവെന്ന് ശ്രീകാന്ത്
ഫസീഹ പി.സി.
Monday, 27th April 2026, 10:10 am

യുവതാരം വൈഭവ് സൂര്യവംശി ഒരു വണ്ടര്‍ കിഡാണെന്നും താരത്തെ ഉടനെ തന്നെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കണമെന്നും മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. വൈഭവ് ഒരു ജനറേഷണല്‍ ടാലന്റാണെന്നും അത്തരമൊരു പ്രതിഭയെ എപ്പോഴും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു സമ്മര്‍ദമില്ലാതെയാണ് വൈഭവ് കളിക്കുന്നതതെന്നും ജസ്പ്രീത് ബുംറയടക്കമുള്ള ലോകോത്തര താരങ്ങളെ അനായാസമായാണ് താരം സിക്‌സടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്. Photo: lndian Sports Netwrk/x.com

‘വൈഭവ് സൂര്യവംശി ഒരു യഥാര്‍ത്ഥ വണ്ടര്‍ കിഡാണ്. അവന്റെ ബാറ്റിങ്ങില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകം മുഴുവനും. ജസ്പ്രീത് ബുംറ, ജോഷ് ഹെയ്സല്‍വുഡ്, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ് തുടങ്ങിയ ലോകോത്തര ബൗളര്‍മാര്‍ക്കെതിരെ അവന്‍ അനായാസമായാണ് സിക്‌സുകള്‍ അടിക്കുന്നത്. എങ്ങനെയാണ് ഇത്ര അനായാസമായി കളിക്കാന്‍ സാധിക്കുന്നതെന്ന് എനിക്ക് അറിയില്ല.

എത്രയും വേഗം വൈഭവിനെ ഇന്ത്യന്‍ ടി – 20 ടീമിലെടുക്കണമെന്ന് ഞാന്‍ ആവര്‍ത്തിക്കുകയാണ്. ഇന്ത്യയുടെ അടുത്ത ടി – 20 മത്സരത്തില്‍ തന്നെ അവന്‍ കളിക്കട്ടെ. ഇതുപോലൊരു പ്രതിഭയെ നമുക്ക് എപ്പോഴും ലഭിക്കില്ല. അവനൊരു ‘ജനറേഷണല്‍ ടാലന്റാണ്. എല്ലാ ബൗളര്‍മാരും അവനെ പേടിക്കുന്നു.

യാതൊരു സമ്മര്‍ദവുമില്ലാതെയാണ് സൂര്യവംശി ബാറ്റ് ചെയ്യുന്നത്. സെഞ്ച്വറിയോ ഫിഫ്റ്റിയോ അടിച്ചാലും അവന്‍ വലിയ ബഹളങ്ങളുണ്ടാക്കുന്നില്ല. ക്രോസ് ഷോട്ടുകള്‍ കളിക്കുന്നില്ല എന്നതാണ് അവന്റെ ഏറ്റവും വലിയ പ്രത്യേകത. അവന്റെ റിസ്റ്റ് വര്‍ക്ക് അസാമാന്യമാണ്,’ ശ്രീകാന്ത് പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: RajasthanRoyals/x.com

സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുളള മത്സരത്തില്‍ വൈഭവ് സെഞ്ച്വറി നേടിയിരുന്നു. 37 പന്തില്‍ 103 റണ്‍സായിരുന്നു താരം സ്‌കോര്‍ ചെയ്തത്. വെറും 15 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച താരം നേരിട്ട 36ാം പന്തിലായിരുന്നു തന്റെ സെഞ്ച്വറി പൂര്‍ത്തീകരിച്ചത്.

ഇതിന് പുറമെ ഈ സീസണില്‍ വൈഭവ് രണ്ട് അര്‍ധ സെഞ്ച്വറികളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടിലും താരം 15 പന്തുകള്‍ നേരിട്ടാണ് ഫിഫ്റ്റിയിലെത്തിയത്. ഇതുവരെ എട്ട് മത്സരങ്ങളില്‍ കളിച്ച താരം 357 റണ്‍സ് എടുത്തിട്ടുണ്ട്.

 

Content Highlight: Kris Srikkanth says Vaibhav Suryavanshi is a generational talent

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി