ആര്‍ച്ചര്‍ അദ്ദേഹത്തിനെതിരെ പന്തെറിയുമ്പോള്‍ ചിരിക്കുന്നുണ്ടാവും: ക്രിസ് ശ്രീകാന്ത്
Cricket
ആര്‍ച്ചര്‍ അദ്ദേഹത്തിനെതിരെ പന്തെറിയുമ്പോള്‍ ചിരിക്കുന്നുണ്ടാവും: ക്രിസ് ശ്രീകാന്ത്
ശ്രീരാഗ് പാറക്കല്‍
Thursday, 9th July 2026, 1:56 pm

ഇന്ത്യന്‍ മധ്യനിര താരം ശിവം ദുബെയെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തില്‍ ദുബെയ്ക്ക് മുന്നേ ഹര്‍ഷിത് റാണയെ പറഞ്ഞയച്ചെന്നും പേസും ബൗണ്‍സും ഉള്ള സാഹചര്യങ്ങളില്‍ ശിവം ദുബെയുടെ പ്രകടനം വളരെ മോശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല പിച്ച് കണ്ടതുമുതല്‍ എങ്ങനെയെങ്കിലും വേഗം പുറത്തായി രക്ഷപ്പെടണമെന്ന ചിന്തയായിരിക്കും ദുബെയ്ക്ക് ഉണ്ടായതെന്നും ശ്രീകാന്ത് പറഞ്ഞു. കൂടാതെ ജോഫ്ര ആര്‍ച്ചര്‍ അദ്ദേഹത്തിനെതിരെ പന്തെറിയുമ്പോള്‍ ചിരിക്കുന്നുണ്ടാകുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

ശിവം ദുബെ

‘അവര്‍ ശിവം ദുബെയ്ക്ക് മുമ്പ് ഹര്‍ഷിത് റാണയെ ബാറ്റിങ്ങിന് അയച്ചു. ടീം തിങ്ക് ടാങ്ക് എന്താണ് ചെയ്യുന്നത്? പേസും ബൗണ്‍സും ഉള്ള സാഹചര്യങ്ങളില്‍ ശിവം ദുബെയുടെ കഥ കഴിഞ്ഞതാണെന്ന് നമുക്കെല്ലാം അറിയാം. പിച്ച് കണ്ടതുമുതല്‍ എങ്ങനെയെങ്കിലും വേഗം പുറത്തായി രക്ഷപ്പെടാമെന്ന അവസ്ഥയിലായിരുന്നു അദ്ദേഹം എന്നുതോന്നി.

ഫ്‌ളാറ്റായ പിച്ചില്‍ സ്പിന്നര്‍മാര്‍ ബൗളിങ്ങിനെത്തി ലെങ്ത്തില്‍ പന്തെറിയുമ്പോഴാണ് ദുബെയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുക. എന്നാല്‍ വേഗവും ബൗണ്‍സും ഉള്ള പിച്ചില്‍ അദ്ദേഹത്തിന് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. ജോഫ്ര ആര്‍ച്ചര്‍ അദ്ദേഹത്തിനെതിരെ പന്തെറിയുമ്പോള്‍ ചിരിക്കുന്നുണ്ടാവും,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തില്‍ എട്ടാമനായി ഇറങ്ങിയ ശിവം ദുബെ നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു നേടിയത്. വാഭവ് സൂര്യവംശിയും ഇഷാന്‍ കിഷനുമായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സായിരുന്നു ഇരുവരും നേടിയത്. മറ്റാര്‍ക്കും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

അതേസമയം ഇന്ത്യയ്ക്കെതിരായ മൂന്നാം മത്സരത്തില്‍ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്.

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ബ്രിസ്റ്റലില്‍ നടക്കുന്ന മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. നിലവില്‍ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് 2-0ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.

Content Highlight: Kris Srikkanth Criticize Shivam Dube And Indian Cricket Management

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ