ഇന്ത്യന്‍ ടി-20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഫോമിനെക്കുറിച്ചും ക്രിസ് ശ്രീകാന്ത് സംസാരിച്ചു.
ലോകകപ്പിന് ശേഷം അഭിഷേക് ശര്‍മയുടെ ദൗര്‍ബല്യങ്ങള്‍ എന്താണെന്ന് എതിരാളികള്‍ കണ്ടെത്തിയെന്നും അതിനാല്‍ അഭിഷേകിന്റെ കാര്യത്തില്‍ കൃത്യമായ തീരുമാനമെടുക്കണമെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
‘ലോകകപ്പിന് ശേഷം മുതല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ അഭിഷേക് ശര്‍മയുടെ എതിരാളികള്‍ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ കൃത്യമായ തീരുമാനം എടുക്കേണ്ട സമയമാണ്. സഞ്ജു സാംസണിന് ടീമില്‍ വീണ്ടും അവസരം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തെ 100 ശതമാനം ടീമിലേക്ക് തിരിച്ചുവിളിക്കണം അതിന് വേണ്ടി സെലക്ടര്‍മാര്‍ നിര്‍ണായക തീരുമാനം എടുക്കണം,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.
സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ അഭിഷേക് നിരാശപ്പെടുത്തിയ പ്രകടനമാണ് നടത്തിയിരുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നും വെറും 11 റണ്‍സ് മാത്രമാണ് അഭിഷേകിന് നേടാനായത്.
മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ (ആദ്യ ഏഴ് ബാറ്റര്‍മാര്‍) ഏറ്റവും കുറവ് റണ്‍സ് നേടുന്ന ഇന്ത്യന്‍ താരവും അഭിഷേകാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ മറികടന്നുകൊണ്ടാണ് ഈ മോശം പട്ടികയില്‍ അഭിഷേക് ഒന്നാമനായത്. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയില്‍ 14 റണ്‍സായിരുന്നു ശ്രേയസ് നേടിയിരുന്നത്.
മറുഭാഗത്ത് സഞ്ജു സാംസണ്‍ സിംബാബ്‌വേ പരമ്പരയുടെ ഭാഗമായിരുന്നില്ല. അയര്‍ലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള പരമ്പരയിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമായിരുന്നു സഞ്ജു ഇറങ്ങിയത്.
Content Highlight: Kris Srikanth talks about Sanju Samson and Abhishek Sharma performance