[]തിരുവന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയെ എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് പ്രവര്‍ത്തകരെ പഠിപ്പിക്കാനായി കെ.പി.സി.സിയുടെ ഏകദിന സെമിനാര്‍.

സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് തിരുവനന്തപുരത്ത് കെ.പി.സി.സി സെമിനാര്‍ സംഘടിപ്പിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി സോഷ്യല്‍ മീഡിയ പ്രത്യേകിച്ച ഫെയ്‌സ് ബുക്ക് നന്നായി ഉപയോഗപ്പെടുത്താനുള്ള രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് സെമിനാര്‍ നടത്തിയത്.

പാര്‍ട്ടിയുടെ മാദ്ധ്യമവിഭാഗത്തോട് പ്രിന്റ് , ടെലിവിഷന്‍ ചാനലുകളോടൊപ്പം സോഷ്യല്‍ മീഡിയക്കും പ്രാധാന്യം നല്‍കാന്‍ രാഹുല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചായിരുന്നു സെമിനാര്‍.

എങ്ങിനെയാണ് കോണ്‍ഗ്രസിന് വേണ്ടി ഫലപ്രദമായി ഇത്തരം നവയുഗ മാധ്യമങ്ങള്‍ പ്രത്യേകിച്ച് ഫെയ്‌സ്ബുക്ക് ഉപയോഗപ്പെടുത്തുക, പോസ്റ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും മറ്റുമുള്ള വിഷയവും ലേഖനങ്ങള്‍ക്കുമായുള്ള ആധികാരികമായ ഉറവിടങ്ങള്‍ ഏതൊക്കെയാണ് എന്നതെല്ലാമായിരുന്നു  പ്രവര്‍ത്തകര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ചത്.

നാല്  സെക്ഷനുകളായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം, ആധികാരികമായ ഉറവിടങ്ങള്‍, എങ്ങിനെ ഫലപ്രദമായി സോഷ്യല്‍ മീഡിയ പാര്‍ട്ടി പ്രചാരണത്തിനായി ഉപയോഗിക്കാം, ഇന്ററാക്ഷന്‍ എന്നിങ്ങനെയായിരുന്നു അവ.

ദില്ലിയില്‍ നിന്നെത്തിയ നാല് പേരായിരുന്നു സെമിനാറിന് നേതൃത്വം നല്‍കിയത്. അവസാനം നടന്ന ഇന്ററാക്ഷനില്‍ ശശി തരൂര്‍, വി.ടി. ബല്‍റാം, പി.സി.വിഷ്ണുനാഥ് എന്നിവര്‍ പങ്കെടുത്തവരുമായി സംവദിച്ചു.

രാവിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. കെ.പി.സി.സി. അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സെമിനാറിനെത്തിയിരുന്നു.