ആറ് വര്‍ഷമല്ല അറുപത് വര്‍ഷം അയോഗ്യത കല്‍പ്പിച്ചാലും പ്രശ്‌നമായിരുന്നില്ല, എന്നാല്‍ വര്‍ഗീയവാദം നടത്തി എന്ന പരാമര്‍ശത്തേക്കാള്‍ വലിയ അപമാനം ഇല്ല: കെ.എം ഷാജി
kERALA NEWS
ആറ് വര്‍ഷമല്ല അറുപത് വര്‍ഷം അയോഗ്യത കല്‍പ്പിച്ചാലും പ്രശ്‌നമായിരുന്നില്ല, എന്നാല്‍ വര്‍ഗീയവാദം നടത്തി എന്ന പരാമര്‍ശത്തേക്കാള്‍ വലിയ അപമാനം ഇല്ല: കെ.എം ഷാജി
ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 11:52 am

തിരുവനന്തപുരം: കോടതി ആറ് വര്‍ഷമല്ല അറുപത് വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിച്ചാലും അത് തന്നെ വലിയ രീതിയില്‍ ബാധിക്കുമായിരുന്നില്ലെന്നും എന്നാല്‍ വര്‍ഗീയ വാദം നടത്തി എന്ന പരാമര്‍ശം തന്നെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനമാണെന്നും കെ.എം ഷാജി എം.എല്‍.എ.

വിലക്കും അയോഗ്യതയും എന്നെ സംബന്ധിച്ച് വിഷയമല്ല. ഞാന്‍ അതൊന്നും വലിയ കാര്യമായി കാണുന്നുമില്ല. ഞാന്‍ ആരാണ് എന്താണ് എന്ന് എനിക്ക് കൃത്യമായി അറിയാം. കോടതി വിധിയുടെ പേരിലൊന്നും എന്റെ ക്രഡിബിലിറ്റി തകരില്ല. വിശ്വാസ്യത എന്നത് എന്റെ കൈമുതലാണ്.

20 ശതമാനം മാത്രം മുസ്‌ലീം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ എങ്ങനെ വര്‍ഗീയ പ്രചരണം നടത്തി വിജയിക്കും. പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചതുപോലെയുള്ള ഒരു ലഘുലേഖയും ഞാന്‍ ഇറക്കിയിട്ടില്ല.

അതാണ് ഏറ്റവും വലിയ തട്ടിപ്പായി അവര്‍ കോടതിയില്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അത്തരമൊരു ലഘുലേഖ തിരുകിക്കയറ്റുകയായിരുന്നു. അങ്ങനെയൊരു ലഘുലേഖ ജീവിതത്തില്‍ അടിച്ചിട്ടില്ല. ഞാന്‍ അടിക്കുകയുമില്ല.

സ്വാഭാവികമായും അപ്പീല്‍ നല്‍കുകയും അല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്യും. ഈ കറ കഴുകിക്കളയേണ്ടതാണ്.


Also Read വോട്ടിനായി വര്‍ഗീയ പ്രചരണം: കെ.എം ഷാജി എം.എല്‍.എ ഹൈക്കോടതി അയോഗ്യനാക്കി


ആറ് വര്‍ഷത്തെ അയോഗ്യത ഞാന്‍ കണക്കാക്കുന്നില്ല. ഈ രാജ്യത്ത് വര്‍ഗീയവാദം നടത്തി എന്ന പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ അപമാനം ഇല്ല. ആറ് വര്‍ഷമോ അറുപത് വര്‍ഷമോ വിലക്കിയാലും പ്രശ്‌നമില്ല. – കെ.എം ഷാജി പറഞ്ഞു.

വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതിയാണ് അയോഗ്യനാക്കിയത്. അഴീക്കോട് മണ്ഡലത്തില്‍ കെ.എം ഷാജിയുടെ എതിരാളിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായി എം.വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.

ആറുവര്‍ഷത്തേക്കാണ് അയോഗ്യത. നികേഷ് കുമാറിന് കോടതി ചിലവ് ഇനത്തില്‍ 50,000 രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് പി.ഡി രാജനാണ് വിധി പ്രസ്താവിച്ചത്.

അതേസമയം, അഴീക്കോട് മണ്ഡലത്തില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി എം.എല്‍.എ പറഞ്ഞു. 2000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഴീക്കോട് കെ.എം ഷാജി ജയിച്ചത്.

ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാന്‍ കെ.എം ഷാജി ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയമായ പ്രചരണം നടത്തിയെന്നായിരുന്നു നികേഷ് കുമാറിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനു പിന്നാലെ നികേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.