കൊല്‍ക്കത്ത: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റ്‌സ്മാന്മാരുടെ വിശ്വരൂപം കണ്ടപ്പോള്‍ പിറന്നത് ഐ.പി.എല്ലില്‍ ഈ സീസണിലെ ഏറ്റവും മികച്ച സ്‌കോര്‍. ആന്ദ്രേ റസ്സലും ശുഭ്മാന്‍ ഗില്ലും ക്രിസ് ലിന്നും മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും ബൗണ്ടറിയിലേക്കു പായിച്ചപ്പോള്‍ കൊല്‍ക്കത്ത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കുകയും മുംബൈയെ 34 റണ്‍സിനു പരാജയപ്പെടുത്തുകയും ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഒരുഘട്ടത്തില്‍പ്പോലും കൊല്‍ക്കത്തയ്ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല. എന്നാല്‍ 34 പന്തില്‍ 91 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ മുന്‍നിര ബാറ്റ്‌സ്മാന്മാരെ വെല്ലുവിളിക്കുന്ന പ്രകടനം പുറത്തെടുത്തതാണ് മത്സരത്തില്‍ മുംബൈയ്ക്ക് എടുത്തുകാണിക്കാനുള്ളത്. പാണ്ഡ്യ ഒറ്റയ്ക്കു നിന്നു പോരാടിയപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 198 റണ്‍സെടുക്കാനെങ്കിലും മുംബൈയ്ക്കായി.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തതു മുതല്‍ മുംബൈയുടെ നീക്കങ്ങള്‍ പാളുകയായിരുന്നു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (45 പന്തില്‍ 76), ക്രിസ് ലിന്‍ (29 പന്തില്‍ 54) എന്നിവര്‍ ഉറപ്പിച്ചുവെച്ച അടിത്തറയില്‍ നിന്നുകൊണ്ട് ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം ലഭിച്ച് മൂന്നാമതായി ഇറങ്ങിയ റസ്സല്‍ അടിച്ചുതകര്‍ത്തു. 40 പന്തില്‍ എട്ട് സിക്‌സറിന്റെയും ആറ് ഫോറിന്റെയും സഹായത്തോടെ റസ്സല്‍ നേടിയത് 80 റണ്‍സാണ്.

ക്രുണാള്‍ പാണ്ഡ്യ ഒഴികെയുള്ള മുംബൈ ബൗളര്‍മാരെല്ലാം പത്തിനു മുകളില്‍ റണ്‍നിരക്കില്‍ തല്ല് വാങ്ങി. രാഹുല്‍ ചഹാറും ഹാര്‍ദിക് പാണ്ഡ്യയുമാണ് മുംബൈക്കുവേണ്ടി ഓരോ വിക്കറ്റ് വീതമെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ റണ്‍സ് ചേര്‍ക്കുന്നതിനു മുന്‍പേ നഷ്ടപ്പെട്ടു. പിന്നീട് ആറാമനായി ഇറങ്ങിയ പാണ്ഡ്യയാണ് ഒറ്റയ്ക്ക് ടീമിനെ മുന്നോട്ടു കൊണ്ടുപോയത്. ഒമ്പത് സിക്‌സറും ആറ് ഫോറും അടങ്ങുന്നതാണ് പാണ്ഡ്യയുടെ ഇന്നിങ്‌സ്.

കൊല്‍ക്കത്തയ്ക്കു വേണ്ടി സുനില്‍ നരെയ്ന്‍, ഹാരി ഗേണി, റസ്സല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വിജയത്തോടെ കൊല്‍ക്കത്തയ്ക്ക് 13 കളികളില്‍ നിന്ന് 12 പോയന്റായി. മുംബൈയ്ക്ക് 13 കളികളില്‍ നിന്നുള്ളത് 14 പോയന്റാണ്. ഇന്നത്തെ മത്സരം ജയിച്ചതോടെ പ്ലേ ഓഫ് സാധ്യതകളിലേക്കു കൂടുതല്‍ അടുക്കാന്‍ കൊല്‍ക്കത്തയ്ക്കായി.