തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് കിഷോര്‍. കന്നഡ സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച കിഷോര്‍ മലയാളത്തിലടക്കം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളും ക്യാരക്ടര്‍ റോളുകളും എളുപ്പം വഴങ്ങുമെന്ന് താരം പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. അടുത്തിടെ തന്റെ പുതിയ സിനിമയായ മെല്ലിസൈയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്.

കിഷോര്‍ Photo: Screen grab/ Indiaglitz Tamil
ജീവിതത്തില്‍ പിന്നോട്ട് പോകാന്‍ ഒരു അവസരം ലഭിച്ചാല്‍ എന്ത് കാര്യമാകും ആദ്യം മാറ്റുക എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി. താന്‍ പറയാന്‍ പോകുന്ന കാര്യം ചാനലുകാര്‍ പബ്ലിഷ് ചെയ്യുമോ എന്ന് ചോദിച്ചുകൊണ്ടാണ് കിഷോര്‍ മറുപടി പറഞ്ഞുതുടങ്ങിയത്. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലൈഫില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാന്‍ അവസരം ലഭിച്ചാല്‍ നേരെ 2014ലേക്ക് പോയി നമ്മുടെ പ്രധാനമന്ത്രിയെ മാറ്റും. അതാണ് എന്റെ ആദ്യത്തെ ലക്ഷ്യം. ഞാന്‍ ഈ പറഞ്ഞത് നിങ്ങള്‍ കട്ട് ചെയ്യാതെ കൊടുക്കുമോ എന്നറിയില്ല. എന്നാലും പറയുകയാണ്. പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും. ഇന്ത്യ ഇപ്പോള്‍ കാണുന്നതിനെക്കാള്‍ മാറിയിട്ടുണ്ടാകും.

കിഷോര്‍ Photo: Screen grab/ Saina South Plus
ഇന്ന് നമ്മള്‍ കാണുന്ന വിദ്വേഷത്തിന്റെ അളവ് വളരെ വലുതാണ്. അത് വലിയ അപകടത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇത് ഇങ്ങനെ മുന്നോട്ടുപോവുകയാണെങ്കില്‍ മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. ഞങ്ങള്‍ ഇപ്പോള്‍ ചെയ്ത മെല്ലിസൈ എന്ന ഈ സിനിമ പറയുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹം എല്ലാകാലത്തും ആവശ്യമാണെന്ന് ഈ സിനിമയിലൂടെ പറയുകയാണ്.
അവിടെയാണ് ഒരു മനുഷ്യല്‍ വെറുപ്പിനെ ഇന്‍വെസ്റ്റ്‌മെന്റാക്കിക്കൊണ്ട് അധികാരത്തില്‍ വന്നിരിക്കുന്നത്. അത് മനുഷ്യര്‍ക്ക് വലിയ ആപത്താണ് ഉണ്ടാക്കിവെക്കുന്നത്. ആ വെറുപ്പ് ഒരു പ്രത്യേക വര്‍ഗത്തിന് നേരെയായാലും ഒരു നാടിന് നേരെയായാലും അപകടകരമാണെന്നേ പറയാനുള്ളൂ,’ കിഷോര്‍ പറയുന്നു.
