വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം; ആലിന്‍ ഷെറിന്റെ സംസ്‌കാരം നാളെ
Kerala
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം; ആലിന്‍ ഷെറിന്റെ സംസ്‌കാരം നാളെ
രാഗേന്ദു. പി.ആര്‍
Saturday, 14th February 2026, 8:14 am

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ചതിന് പിന്നാലെ അഞ്ച് കുരുന്നുകള്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്ത പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്റെ സംസ്‌കാരം നാളെ. മുല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സി.എസ്.ഐ ചര്‍ച്ചയില്‍ നാളെ (ഞായര്‍) വൈകീട്ട് മൂന്ന് മണിയോടെയാണ് സംസ്‌കാരം നടക്കുക.

ആലിന്റെ ഷെറിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിന്‍. കുഞ്ഞിന്റെ രണ്ട് വൃക്കകളും കരളും നേത്രപടലങ്ങളും ഹൃദയവാല്‍വുകളുമാണ് ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചത്.

നിലവില്‍ തിരുവനന്തപുരം എസ്.ഐ.ടിയില്‍ നടന്ന വൃക്കമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായി. പുലര്‍ച്ചെ നാല് മണിയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. എസ്.ഐ.ടിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകള്‍ നല്‍കിയത്.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടക്കുന്ന കരള്‍മാറ്റ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരള്‍ മാറ്റിവെക്കുന്നത്.

കുഞ്ഞുങ്ങളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം കരള്‍ സ്വീകരിക്കുന്ന കുഞ്ഞിന്റെ ചികിത്സക്കായി കുടുംബം സാമ്പത്തിക സഹായം തേടിയിട്ടുണ്ട്. ചികിത്സയ്ക്ക് പത്ത് ലക്ഷം രൂപ കൂടി വേണമെന്നാണ് കുടുംബം പറയുന്നത്.

റോഡപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായ ആലിന്‍ ഷെറിന്‍ എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അമൃത ആശുപത്രിയില്‍ തന്നെയാണ് കുഞ്ഞിന്റെ നേത്രപടലങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

ഹൃദയവാല്‍വ് എസ്.ഐ.ടിയിലും സൂക്ഷിച്ചിട്ടുണ്ട്. ഇത് രണ്ട് പേര്‍ക്കായി നല്‍കാനാണ് നിലവിലെ തീരുമാനം. സ്വീകര്‍ത്താവിനെ ലഭിച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി അവയവങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി അഞ്ചിന് തിരുവല്ലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുന്നതിനിടെയാണ് ആലിന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ആലിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത്.

Content Highlight: Kidney transplant surgery successful; Alin Sherin’s funeral tomorrow

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.