ആര്യയും ഹാപ്പിയും പോലുള്ള സിനിമകള്‍ ചെയ്യാന്‍ മലയാളത്തില്‍ നടന്മാരില്ലായിരുന്നു, അല്ലു അര്‍ജുന്റെ സിനിമകള്‍ ഇവിടെ ഇറക്കാന്‍ ധൈര്യം അതായിരുന്നു: ഖാദര്‍ ഹസന്‍
Indian Cinema
ആര്യയും ഹാപ്പിയും പോലുള്ള സിനിമകള്‍ ചെയ്യാന്‍ മലയാളത്തില്‍ നടന്മാരില്ലായിരുന്നു, അല്ലു അര്‍ജുന്റെ സിനിമകള്‍ ഇവിടെ ഇറക്കാന്‍ ധൈര്യം അതായിരുന്നു: ഖാദര്‍ ഹസന്‍
അമര്‍നാഥ് എം.
Thursday, 11th June 2026, 4:10 pm

അന്യഭാഷാസിനിമകള്‍ മൊഴിമാറ്റം ചെയ്ത് അവതരിപ്പിക്കുകയും അത് പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുകയും ചെയ്തയാളാണ് ഖാദര്‍ ഹസന്‍. പ്രണയമായ്, ആര്യ, ഹാപ്പി, ബണ്ണി, ഹാപ്പിഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ മൊഴിമാറ്റ പതിപ്പ് നിര്‍മിച്ചത് ഖാദര്‍ ഹസനായിരുന്നു. ആന്ധ്രയില്‍ മാത്രം മാര്‍ക്കറ്റുണ്ടായിരുന്ന അല്ലു അര്‍ജുന് കേരളത്തില്‍ ഫാന്‍ ബെയ്‌സ് ഉണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഇദ്ദേഹമാണ്.

കേരളത്തില്‍ അല്ലു അര്‍ജുന്റെ ഏറ്റവും വലിയ ഹിറ്റായ ഹാപ്പി ബി ഹാപ്പി വീണ്ടും സ്‌ക്രീനുകളിലേക്കെത്തുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. കഴിഞ്ഞദിവസം റീ റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ പ്രസ് മീറ്റ് നടത്തിയിരുന്നു.

അന്യഭാഷാ സിനിമകള്‍ക്ക് അത്ര സ്വീകാര്യതയില്ലാത്ത സമയത്ത് മലയാളികള്‍ക്ക് ഒട്ടും പരിചയമില്ലാത്ത ഒരു നടന്റെ സിനിമ ഡബ്ബ് ചെയ്യാനിറക്കിയതിന്റെ കാരണം പറയുകയാണ് നിര്‍മാതാവ് ഖാദര്‍ ഹസന്‍. മറ്റ് തെലുങ്ക് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി അല്ലു അര്‍ജുന്‍ സിനിമകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നെന്നും അത് എല്ലാ തരം പ്രേക്ഷകര്‍ക്കും കണക്ടാകുന്ന ഒന്നാണെന്നും ഖാദര്‍ ഹസന്‍ പറഞ്ഞു.

‘മലയാളികളുടെ ടേസ്റ്റ് എന്താണെന്ന വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു. ഏത് സിനിമ ചെയ്താല്‍ വര്‍ക്കാകുമെന്ന് ഒരു ബോധ്യമുണ്ടായിരുന്നു. ആ സമയത്ത് അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ മലയാളത്തില്‍ ആര്‍ട്ടിസ്റ്റുകളില്ലായിരുന്നു. കഥയായാലും പെര്‍ഫോമന്‍സായാലും ഡാന്‍സ്, പാട്ട് അങ്ങനെ അന്നത്തെ യൂത്ത് ഓഡിയന്‍സിനെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഫ്‌ളേവറും അല്ലു അര്‍ജുന്റെ സിനിമയിലുണ്ടായിരുന്നു.

ഇവിടെ അങ്ങനെയുള്ള സിനിമകള്‍ ചെയ്യാനുള്ള കോസ്റ്റും ബാക്കി കാര്യങ്ങളുമൊക്കെ വളരെ കൂടുതലായിരുന്നു. അതിന് പകരം തെലുങ്കിലെ സിനിമകള്‍ ഇങ്ങോട്ട് മൊഴിമാറ്റി ഇറക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് അല്ലു അര്‍ജുനിലേക്കെത്തിയത്. അത് അദ്ദേഹത്തിന്റെ ഇവിടെയുള്ള മാര്‍ക്കറ്റ് വലുതാക്കാന്‍ സഹായിച്ചു. ആന്ധ്ര കഴിഞ്ഞാല്‍ കേരളത്തിലായിരുന്നു അല്ലു അര്‍ജുന് കൂടുതല്‍ ഫാന്‍സ്,’ ഖാദര്‍ ഹസന്‍ പറയുന്നു.

കരുണാകരന്‍ സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹാപ്പി ബി ഹാപ്പി. റോം കോം എന്റര്‍ടൈനറായൊരുങ്ങിയ ചിത്രം ആന്ധ്രയില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ മലയാള പതിപ്പ് റെക്കോഡ് വിജയമായി മാറി. 175 ദിവസത്തോളമാണ് ഹാപ്പി കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്.

Content Highlight: Khader Hassan about the release of Happy be Happy movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം