കൊച്ചി: കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എം.എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത ശേഷം സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്.ഐയായി തരംതാഴ്ത്തി. എറണാകുളം റെയ്ഞ്ച് ഐ.ജിയാണ് തരംതാഴ്ത്തിക്കൊണ്ട് ഉത്തരവിട്ടത്.

തിരിച്ചെടുത്ത ഷിബുവിനെ ഇടുക്കിയിലേക്ക് മാറ്റും. ഷിബുവിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

കെവിന്റെ മരണമുണ്ടായത് എസ്.ഐ ഷിബുവിന്റെ കൃത്യ വിലോപം മൂലമാണെന്നും പരാതി നല്‍കിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാന്‍ ഷിബു തയ്യാറായില്ലെന്നും കെവിന്റെ അച്ഛന്‍ രാജന്‍ പറഞ്ഞു.

ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കാന്‍ ഇന്നലെ ഐ.ജി ഉത്തരവിട്ടത്. ഷിബു നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ കൊച്ചി റെയ്ഞ്ച് ഐജി തീരുമാനിച്ചത്.

കെവിന്‍ വധക്കേസ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജില്ലാ പൊലീസ് മേധാവി മുതല്‍ സിവില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു.

ഗാന്ധിനഗര്‍ എസ്.ഐ എം.എസ്. ഷിബു, എ.എസ്.ഐ ടി.എം. ബിജു, റൈറ്റര്‍ സണ്ണിമോന്‍, സിവില്‍ പൊലീസ് ഓഫിസര്‍ എം.എന്‍.അജയകുമാര്‍, എന്നിവരെ സസ്‌പെന്‍ഡ് ചെയ്തായിരുന്നു പൊലീസുകാര്‍ക്കെതിരായ നടപടികളുടെ തുടക്കം.

തൊട്ടുപിന്നാലെ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീക്ക്, കോട്ടയം ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫ് എന്നിവരെ സ്ഥലംമാറ്റി. മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചതിനായിരുന്നു എസ്.പി ക്കെതിരെ നടപടി.

അക്രമിസംഘത്തില്‍ നിന്ന് കൈക്കൂലിവാങ്ങിയ എ.എസ്.ഐ ബിജുവും സിവില്‍ പൊലീസ് ഓഫിസര്‍ അജയകുമാറും അന്വേഷണത്തിനിടയില്‍ അറസ്റ്റിലായിയിരുന്നു. കേസിലെ ഒന്നാംപ്രതി സാനുചാക്കോയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ച ഇയാളെ സ്റ്റേഷനിലെത്തിച്ചിരുന്നെങ്കില്‍ കെവിന്റെ മരണം പോലും ഒഴിവാക്കാമായിരുന്നു.

കൊല്ലപ്പെടുന്നതിന് തലേദിവസം കെവിന്‍ നീനുവിനോടൊപ്പം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. നീനുവിനെ കെവിന്‍ തട്ടിക്കൊണ്ടുപോയെന്ന പിതാവ് ചാക്കോയുടെ പരാതിയെ തുടര്‍ന്നാണ് ഷിബു കെവിനെ വിളിപ്പിച്ചത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ രേഖകളുമായെത്തിയ കെവിനെ സ്റ്റേഷനില്‍ വെച്ച് ഷിബു മര്‍ദിച്ചെന്നും നീനുവിനെ ബലംപ്രയോഗിച്ച് ബന്ധുക്കള്‍ക്ക് കൈമാറിയെന്നുമായിരുന്നു റിപ്പോര്‍ട്ട്.

നീനുവും കെവിന്റെ പിതാവും സ്റ്റേഷനില്‍ പരാതിയുമായെത്തിയിട്ടും കേസെടുക്കാന്‍ എസ്.ഐ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ അക്രമിസംഘം വിട്ടയച്ച അനീഷിന്റെ മൊഴിയില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. പക്ഷെ കെവിന്‍ എവിടെയെന്ന് കണ്ടെത്താന്‍ ശ്രമം ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നായിരുന്നു ഇതിന് പറഞ്ഞ കാരണം.

എസ്.ഐ.ക്കെതിരായുള്ള വകുപ്പുതല അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ മൊബൈലില്‍ വീഡിയോ കോളിലൂടെ ബന്ധുക്കളുമായി സംസാരിച്ചതിന്റെ പേരില്‍ ഏഴ് പൊലീസുകാരും നടപടി നേരിട്ടിരുന്നു. പ്രതികളുടെ സുരക്ഷയ്ക്കുപോയ എ.ആര്‍ ക്യാംപിലെ പൊലീസുകാര്‍ക്കെതിരെയായിരുന്നു നടപടി.