തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച ദൃശ്യം തന്റെ സമൂഹ മാധ്യമങ്ങളില്‍ നീക്കം ചെയ്തതില്‍ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജെനീഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിശദീകരണം.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പോസ്റ്റ് ജെനീഷ് നീക്കം ചെയ്തതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ജെനീഷ് ഈ വിഷയത്തില്‍ വിശദീകരണം അറിയിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സംസ്ഥാന മന്ത്രിയുടെ പേരില്‍ ആ പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാല്‍ ആ പോസ്റ്റ് ഒഴിവാക്കാന്‍ തന്റെ ഓഫീസ് നിര്‍ദേശിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച ദൃശ്യം തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് പിന്‍വലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ വസ്തുതക്ക് നിരക്കാത്തതാണെന്നും ജെനീഷ് പറഞ്ഞു. പോസ്റ്റ് പിന്‍വലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ എന്റെ സോഷ്യല്‍ മീഡിയ ടീം അഡ്മിന്‍ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരില്‍ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാല്‍ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാന്‍ എന്റെ ഓഫീസ് നിര്‍ദേശിക്കുകയായിരുന്നു
പോസ്റ്റ് പിന്‍വലിച്ചത് ഞാന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നതിനാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു,’ ജെനീഷ് കുറിച്ചു.
‘തെറ്റിദ്ധാരണ പടര്‍ത്തുന്ന വാര്‍ത്തകളില്‍ നിന്നും മാധ്യമങ്ങള്‍ പിന്മാറണം എന്ന് അഭ്യര്‍ഥിക്കുന്നു. അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോര്‍ച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്.
പോസ്റ്റ് പിന്‍വലിച്ചതിന്റെ പേരില്‍ എന്നെ വിമര്‍ശിക്കുന്ന സി.പി.ഐ.എം ഡി.വൈ.എഫ്.ഐക്കാര്‍ കേരളത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തില്‍ ആയിരുന്നു എന്നത് പരിഹാസ്യമാണ്,’ ജെനീഷ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Kerala Minister OJ Jeneesh About Removing Video of Protest Against Amit Shah
