മഹാമാരിക്കും പ്രകൃതിദുരന്തങ്ങള്‍ക്കും നടുവില്‍ പകച്ചുനില്‍ക്കുന്ന കേരളത്തിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യയുടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി താഴേക്ക് പതിച്ച് നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ട വന്‍ദുരന്തമുണ്ടായത്. പെട്ടിമുടിയിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം കൂടിവരുന്നതിനിടെ, മണ്ണിനടിയില്‍ കുടങ്ങിപ്പോയവര്‍ക്കായുള്ള തിരിച്ചില്‍ തുടരുന്നതിനിടെ ആയായിരുന്നു രാത്രിയോടെ കരിപ്പൂര്‍ വിമാനാപകടത്തിന്റെ നടുക്കുന്ന വാര്‍ത്തയെത്തിയത്.
പെട്ടിമടയും കരിപ്പൂരും കേരളത്തിന്റെ കണ്ണീര്‍കാഴ്ചയാകുമ്പോഴും ആശ്വാസത്തിന്റെ മുഖമായി മാറാന്‍, എല്ലാം മറന്ന് ദുരന്തമുഖത്തേക്ക് ഓടിയെത്തിയ ഇരു പ്രദേശങ്ങളിലെയും നാട്ടുകാര്‍ക്കായി.
കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ടവര്‍.വന്ദേ ഭാരത് മിഷനിന്റെ ഭാഗമായി വരുന്നവരായിരുന്നു. ക്വാറന്റൈനില്‍ പോകേണ്ടവരായിരുന്നു. കൊവിഡ് സാധ്യതയുള്ളവരായിരുന്നു. ഇതിനെല്ലാം പുറമേ, കൊണ്ടോട്ടി എന്ന പ്രദേശം കണ്ടയ്ന്‍മെന്റ് സോണിലായിരുന്നു.കൂട്ടംകൂടിയാല്‍ രോഗം പകരുമെന്ന ഭീതിയിലായിരുന്നു. പക്ഷെ അതൊന്നും നാട്ടുകാരെ പിന്തിരിപ്പിച്ചില്ല.

എല്ലാവിധ പ്രതിസന്ധികളെയും അതിജീവിച്ച് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ചുറ്റിലുമുള്ളവര്‍ ഓടിയെത്തി. മനുഷ്യത്വത്തിന്റെയും കരുതലിന്റെയും പര്യായമായി മാറിയ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം ദുരന്തത്തിന്റെ ആക്കം കുറച്ചു. ദുരന്തമുഖത്തേക്ക് കൊവിഡിനെയും പേമാരിയെയും ഒന്നും പേടിക്കാതെ ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
‘ആ സമയം കൊവിഡും മാസ്‌കും സാമൂഹിക അകലവുമൊന്നും പാലിക്കാനുള്ള സമയമായിരുന്നില്ല. ജീവന്‍ രക്ഷിക്കണം, അതുമാത്രമാണ് തോന്നിയത്.’ – രക്ഷാപ്രവര്‍ത്തനത്തിലെത്തിയ പ്രദേശവാസിയുടെ വാക്കുകളാണിത്.
ആംബുലന്‍സിനും അഗ്നിശമനസേനക്കുമൊന്നും കാത്തുനില്‍ക്കാതെ നാട്ടുകാര്‍ തന്നെ വാഹനങ്ങള്‍ സംഘടിപ്പിച്ച് അപകടത്തില്‍പ്പെട്ടവരെ അടുത്തുള്ള ആശുപത്രികളിലേക്ക് എത്തിച്ചു. അധികൃതരെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. 2 മണിക്കൂറിനുള്ളില്‍ അപകടത്തില്‍ പെട്ട 190 പേരെയും ആശുപത്രികളിലെത്തിക്കാനായതില്‍ സേനക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ഏറെ പ്രധാനപ്പെട്ടതായിരുന്നു നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം.
ഇവിടെയും തീരുന്നില്ല കേരളത്തെ ആശ്വസിപ്പിച്ച ഒരു നാടിന്റെ കരുതല്‍…

അപകടത്തില്‍ പെട്ടവര്‍ക്ക് രക്തം ആവശ്യമുണ്ടെന്ന അറിയിപ്പുകള്‍ വന്നതോടെ വിവിധ ആശുപത്രികളിലേക്കായി ചുരുങ്ങിയ സമയം കൊണ്ടെത്തിയത് അനേകം പേരാണ്. ബ്ലഡ് ബാങ്കുകള്‍ക്ക് മുന്നില്‍ വലിയ ക്യൂ തന്നെയുണ്ടായി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആവശ്യമായ രക്തം ലഭ്യമായെന്ന് ഔദ്യോഗിക അറിയിപ്പ് വന്നു.
‘കൊണ്ടോട്ടി ചേപ്പിലക്കുന്ന് പ്രദേശത്ത് ഉരുള്‍പൊട്ടലിന്റെ ആശങ്കയുണ്ടായിരുന്നു. അതുകൊണ്ട് അവിടെ നിന്നും ആളുകളെ ക്യാംപുകളിലേക്ക് മാറ്റാനും മറ്റുമായാണ് അവിടെ ചെന്നത്. ക്യാംപില്‍ ജനറേറ്ററും മറ്റും ഒരുക്കുന്നതിനിടക്കാണ് പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടത്. ഉരുള്‍പൊട്ടിയതാണെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് വിമാനം തകര്‍ന്നതാണെന്ന് മനസ്സിലായത്. പിന്നെ അങ്ങോട്ട് ചെന്നു. കുറെ പേരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. അതിനിടയിലാണ് അപകടത്തില്‍ പെട്ട ഒരു കുട്ടിക്ക് പെട്ടെന്ന് അപസ്മാരം വന്നത്. അപ്പോള്‍ ഓക്‌സിജന്‍ ഉള്ള ആംബുലന്‍സ് ലഭിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. ആ നിമിഷങ്ങള്‍ ഒരിക്കലും മറക്കില്ല.’ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന നാട്ടുകാരനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ഷഫീഖ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ലോറിയിലും പിക്കപ്പ് വാനുകളിലും കിട്ടുന്ന വാഹനങ്ങളിലുമെല്ലാമായാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രികളിലെത്തിച്ചത്. എങ്ങനെയെങ്കിലും ആളുകളുടെ ജീവന്‍ രക്ഷിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അതുമാത്രമാണ് തങ്ങളുടെ മുന്‍പില്‍ ആ സമയത്ത് ഉണ്ടായിരുന്ന ഒരേ ഒരു ലക്ഷ്യമെന്നും രക്ഷാപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നു.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നാട്ടുകാരോട് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്വാറന്റൈനില്‍ പോകാന്‍ ഔദ്യോഗിക നിര്‍ദേശം വരുന്നതിന് മുന്‍പേ തന്നെ പലരും ക്വാറന്റൈനില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയും തയ്യാറെടുപ്പുകള്‍ തുടങ്ങുകയും ചെയ്തിരുന്നു.
പെട്ടിമുടിക്കും പറയാനുള്ളത് സമാനമായ അനുഭവം തന്നെ. ബുധനാഴ്ച രാത്രിയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ പെട്ടിമുടിയിലെ റോഡുകളും ചെറുപാലങ്ങളും അടക്കമുള്ള മുഴുവന്‍ ഗതാഗതസംവിധാനങ്ങളും തകര്‍ന്നടിഞ്ഞിരുന്നു. മുന്‍പേ തന്നെ ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ കുറവായ അവിടെ നിറുത്താതെ പെയ്ത മഴയിലും ഉരുള്‍പൊട്ടലിലും ഈ ഉള്ള സൗകര്യങ്ങളെല്ലാം പാടെ നിലച്ചിരുന്നു. ഉരുള്‍പൊട്ടലിന്റെ വാര്‍ത്ത പോലും മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറംലോകമറിഞ്ഞത്.
ആ മണിക്കൂറുകളിലെല്ലാം അവിടെ ഓടിയെത്തി കഴിയാവുന്നവരെയെല്ലാം രക്ഷപ്പെടുത്തിയത് പ്രദേശവാസികളായിരുന്നു. വിവരമറിഞ്ഞ് അധികൃതരും രക്ഷാസേനയും സ്ഥലത്തെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും തകര്‍ന്നടിഞ്ഞ റോഡുകള്‍ രക്ഷാദൗത്യം ദുഷ്‌കരമാക്കി.

ഉരുള്‍പൊട്ടലില്‍ മണ്ണോടുമണ്ണായ തീര്‍ന്ന ആ പ്രദേശത്തിന്റെ ദൃശ്യങ്ങള്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തിയിരുന്നു. എന്നാല്‍ ആ ദൃശ്യങ്ങളില്‍ എല്ലാ ഭയവും മാറ്റിവെച്ച്, രക്ഷാസേനക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന നാട്ടുകാരെ കാണാമായിരുന്നു.
രക്ഷാപ്രവര്‍ത്തകരായ നാട്ടുകാരോടുള്ള സ്‌നേഹവും നന്ദിയും പ്രകടപ്പിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിനൊപ്പം ഒരേ ഒരു ഓര്‍മ്മപ്പെടുത്തല്‍ എല്ലാവരും ആവര്‍ത്തിക്കുന്നുണ്ട്.
‘ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ്. പെട്ടന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ പലരും കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാന്‍ സാധിക്കാതെയാണ് ദുരന്തമുഖത്തേയ്ക്ക് ഇറങ്ങിയത്. പരമാവധി ആള്‍ക്കാരെ രക്ഷിക്കാനും സാധിച്ചു. അതേസമയം കണ്ടൈന്‍മെന്റ് സോണായ എയര്‍പോര്‍ട്ട് പരിസരത്ത് രക്ഷാദൗത്യവുമായിറങ്ങിയ എല്ലാവരും സ്വരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കണം.’- ആരോഗ്യ മന്ത്രി കെ.കെ ഷൈലജയുടെ വാക്കുകള്‍
നമ്മള്‍ ഇപ്പോഴും ഒരു മഹാമാരിക്ക് നടുവിലാണ്. കരിപ്പൂരിലും പെട്ടിമുടിയിലും ഇന്നലെ ജീവനുകള്‍ രക്ഷിക്കാനായി ഓരോരുരത്തരും നടത്തിയ അതേ കരുതല്‍ കൊവിഡിനെതിരയെും തുടരേണ്ടതുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
