തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി അഡ്വ. ബി.ഗോപാലകൃഷ്ണന്‍ പിന്നില്‍. കുട്ടന്‍കുളങ്ങരയില്‍ നിന്നും മത്സരിച്ച ഗോപാലകൃഷ്ണന് ലീഡ് നേടാനായിട്ടില്ല.

തപാല്‍ വോട്ടുകള്‍ എണ്ണി തീരുമ്പോള്‍ ബി. ഗോപാലകൃഷ്ണനെ പിന്നിലാക്കി യു.ഡി.എഫാണ് ഇവിടെ മുന്നേറുന്നത്. യു.ഡി.എഫിന് 31, ബി.ജെ.പിക്ക് 18, എല്‍.ഡി.എഫിന് 11 എന്ന നിലയിലാണ് നിലവിലെ വോട്ടുനില. തുടക്കത്തില്‍ ബി.ജെ.പി നേരിയ മുന്നേറ്റം കാണിച്ചെങ്കിലും പിന്നീട് പിന്തള്ളപ്പെടുകയായിരുന്നു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായി 13 വോട്ടിന്റെ പിറകിലുള്ള ഗോപാലകൃഷ്ണന് അട്ടിമറി വിജയം നേടാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ ഗോപാലകൃഷ്ണന്‍ തന്നെ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. തൃശൂര്‍ കോര്‍പ്പറേഷനില്‍ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ആരോപണം. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരെ സി.പി.ഐ.എം കോണ്‍ഗ്രസിന് വോട്ടു മറിച്ചെന്നും ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

‘ഞാന്‍ മത്സരിച്ച ഡിവിഷനില്‍ 283 വോട്ട് കോണ്‍ഗ്രസിന് നല്‍കി, മൂന്നാം ഡിവിഷനില്‍ സി.പി.ഐ.എമ്മിന് മറുപടിയായി 150 വോട്ട് കോണ്‍ഗ്രസ് കൊടുത്തതിനും തെളിവുകള്‍ ഉണ്ട്. സി.പി.ഐ.എം-കോണ്‍ഗ്രസ് വോട്ടു കച്ചവടമാണ് ഈ തെരഞ്ഞെടുപ്പില്‍ നടന്നതെങ്കില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ സഖ്യമായി മാറുമെന്ന് ഉറപ്പാണ്’ എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ്. 74899 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. കുറവ് വയനാട് ജില്ലയിലാണ്.

941 ഗ്രാമപഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും 86 മുനിസിപ്പാലിറ്റികളുടെയും 6 കോര്‍പ്പറേഷനുകളുടെയും വിധിയറിയാനാണ് കേരളം കാത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Local Body Election Counting 2020 Update, BJP B Gopalakrishnan is trailing in Thrissur