തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പുതുവത്സരാഘോഷം ഒഴിവാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. തീരദേശങ്ങളിലെ ജനങ്ങളുടെ ദുഖത്തില്‍ പങ്ക് ചേര്‍ന്ന് കോവളം അടക്കമുള്ള തീരങ്ങളിലെ പുതുവത്സരാഘോഷം ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളും ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഡ്യവും പ്രഖ്യാപിച്ച് കോവളത്ത് ആയിരം മണ്‍ചിരാതുകളും മെഴുക് തിരികളും തെളിയിക്കാനും തീരുനമാനമായി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദുരന്തബാധിതരെ സ്മരിച്ച് ആദ്യ തിരി തെളിക്കും.

അതേസമയം ഓഖി ദുരന്തത്തില്‍ 422 കോടി അടിയന്തിര ധനസഹായം കേരളം ആവശ്യപ്പെട്ടെങ്കിലും 133 കോടി പ്രാഥമികമായി അനുവദിച്ചതായി കേന്ദ്ര സംഘം അറിയിച്ചു. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുമെന്നും കേന്ദ്ര സംഘം വ്യക്തമാക്കി.

കഴിഞ്ഞദിവസമായിരുന്നു ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാന്‍ കേന്ദ്രസംഘം കേരളത്തിലെത്തിയത്. കേന്ദ്ര ആഭ്യന്തര അഡീ. സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായാണ് സംഘം തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നത്. ഇതിനു പിന്നാലെ കേന്ദ്രത്തിനു നന്ദി അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.