'പ്രളയം വന്നാലും ഓഖി വന്നാലും രക്ഷിക്കാന്‍ മത്സ്യ തൊഴിലാളികള്‍ വേണം പക്ഷേ അവര്‍ക്കൊരു പ്രശ്‌നം വന്നാല്‍ രക്ഷിക്കാന്‍ ആരുമില്ല'
ന്യൂസ് ഡെസ്‌ക്

കാലാവസ്ഥാ വ്യതിയാനം മനുഷ്യേരോളം ഒരുപക്ഷേ അതിനേക്കാളും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് മറ്റ് ജീവജാലങ്ങളെയും അവരുടെ ആവാസ വ്യവസ്ഥയെയുമാണ്. കേരളത്തിലെ കൊടും ചൂടില്‍ കടല്‍ വെള്ളത്തിനും ചൂട് കൂടിയതോടെ മത്സ്യങ്ങള്‍ കൂട്ടത്തോടെ മറ്റ് സ്ഥങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഇതോടെ മത്സ്യത്തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്.

മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ വളരെ കഷ്ടത്തിലാണ്. കടലില്‍ മീനില്ല. ചൂടായതോട് കൂടി കടലില്‍ അധിക സമയം നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രളയം വന്നാലും ഓഖി വന്നാലും രക്ഷിക്കാന്‍ മത്സ്യ തൊഴിലാളികള്‍ വേണം പക്ഷേ മത്സ്യ തൊഴിലാളകള്‍ക്കൊരു പ്രശ്‌നം വന്നാല്‍ രക്ഷിക്കാന്‍ ആരുമില്ല എന്നാണ് കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയായ അഷ്‌റഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

ഗവണ്‍മെന്റ് പദ്ധതികളൊന്നും തങ്ങളെ സഹായിക്കുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. കടം വാങ്ങിയാണ് ഇതുവരെ ജീവിച്ചിരുന്നത്. ഇപ്പോള്‍ കടം തരാന്‍ പോലും ആളില്ലാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.

ഒരു വള്ളത്തില്‍ 35 പേര് പണിക്കു പോവും. പുറം കടലില്‍ പോയി തിരിച്ച് വരേണ്ടി വന്നാല്‍ ഏറ്റവും കുറഞ്ഞത് 1000 രൂപയാണ് ഒരു ദിവസത്തെ നഷ്ടം. അത് വള്ളത്തിന്റെ മുതലാളിക്കും വള്ളത്തില്‍ പോവുന്നവര്‍ക്കും വലിയ നഷ്ടം വരുത്തിവെക്കും.

കടല്‍വെള്ളം ചൂടാവുന്നത് കൊണ്ട് മീന്‍ തണുത്ത സ്ഥലങ്ങളിലേക്ക് പോയി കൂടുന്നതാണ് മീനില്ലാതാകാന്‍ കാരണം എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. സാധാരണ തങ്ങള്‍ക്ക് നല്ല കച്ചവടം ഉണ്ടാവേണ്ട സമയമാണിത് എന്നും അവര്‍ പറഞ്ഞു.