എന്നും നല്ല ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച ചരിത്രമുള്ള ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. മലയാള ചിത്രങ്ങള്‍ക്കൊപ്പം തന്നെ അന്യഭാഷാ ചിത്രങ്ങള്‍ക്കും കേരളത്തില്‍ മികച്ച കളക്ഷനാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ മാസം വമ്പന്‍ മലയാള ചിത്രങ്ങളൊന്നും റിലീസിനെത്താതിരുന്ന സാഹചര്യത്തിലും കേരളത്തിലെ തിയേറ്ററുകളില്‍ ആളെ നിറച്ചത് മൂന്ന് അന്യഭാഷാ ചിത്രങ്ങളായിരുന്നു. അതില്‍ ഒരെണ്ണം ദളപതി വിജയിയുടെ അവസാന ചിത്രമായ ജന നായകനാണെങ്കില്‍ മറ്റ് രണ്ടെണ്ണം ഹോളിവുഡ് ചിത്രങ്ങളാണെന്നും കാണാം.
ലോകപ്രശസ്ത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ ഒഡിസിയും സൂപ്പര്‍ ഹീറോസിലെ വമ്പന്‍ സ്‌പൈഡര്‍മാന്റെ ബ്രാന്‍ഡ് ന്യൂ ഡേയുമാണ് ഈ രണ്ട് ചിത്രങ്ങള്‍. നിലവില്‍ കേരളത്തിലെ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തുവരുമ്പോള്‍ ലിസ്റ്റില്‍ ആദ്യ സ്ഥാനത്തുള്ളതും ഈ മൂന്ന് ചിത്രങ്ങള്‍ തന്നെ. അതേസമയം റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ കൊണ്ട് വിജയ് ചിത്രം നേടിയ കളക്ഷന്‍ വെറും അഞ്ച് ദിവസം കൊണ്ട് സ്‌പൈഡര്‍മാന്‍ വെട്ടിച്ച് ബഹുദൂരം മുന്നിലെത്തിയതാണ് പലരിലും കൗതുകമുണര്‍ത്തുന്നത്.
ടോം ഹാളണ്ട് നായകനായ ചിത്രം 23.55 കോടിയാണ് ഇതുവരെ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നത്. വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചതോടെയാണ് ഇത്രയും കളക്ഷന്‍ കുറഞ്ഞ സമയം കൊണ്ട് ചിത്രത്തിന് നേടാന്‍ സാധിച്ചിരിക്കുന്നത്. ഇന്ത്യയിലൊട്ടാകെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏകദേശം 336 കോടിയിലധികമാണ് ചിത്രം ഇന്ത്യയില്‍ നിന്നും മാത്രമായി നേടിയിരിക്കുന്നത്.
കേരള ബോക്‌സ് ഓഫീസില്‍ രണ്ടാം സ്ഥാനത്താണെങ്കിലും 15.98 കോടിയോളമാണ് വിജയിയുടെ ജന നായകന്‍ നേടിയിരിക്കുന്നത്. എച്ച്.ഡി ദൃശ്യമികവുള്ള ചിത്രത്തിന്റെ പ്രിന്റ് ലീക്കായിട്ടും ജന നായകന്‍ ഇത്രയധികം കളക്ഷന്‍ നേടി എന്നതാണ് ഈ കളക്ഷനെ സ്‌പെഷ്യലാക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ ചിത്രം പെട്ടില്ലായിരുന്നെങ്കില്‍ ഇരട്ടിയിലധികമാകുമായിരുന്നു ജന നായകന്റെ കളക്ഷന്‍ എന്നതില്‍ സംശയമില്ല. എങ്കിലും വിജയ് എന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരത്തിന്റെ അവസാന ചിത്രമെന്ന ഇമോഷനാണ് ഇത്രയധികം പ്രതിസന്ധികളുണ്ടായിട്ടും ചിത്രത്തെ വലിയ കളക്ഷനിലേക്ക് നയിച്ചത്. ആഗോളതലത്തില്‍ ചിത്രം 300 കോടി മാര്‍ക്ക് പിന്നിടുകയും ചെയ്തിരുന്നു.
മൂന്നാം സ്ഥാനം നേടിയിരിക്കുന്ന ക്രിസ്റ്റഫര്‍ നോളന്റെ ഒഡീസി റിലീസ് ചെയ്ത് 18 ദിവസം പിന്നിട്ടപ്പോള്‍ 11.25 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ലിസ്റ്റില്‍ നാലാമതുള്ള മലയാളം സിനിമ ജോജു ജോര്‍ജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത വരവാണ്. 5.8 കോടിയോളം ചിത്രം നേടിയപ്പോള്‍ നാല് ദിവസം മുമ്പ് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ നായകനായ ഉന്‍മാദം മൂന്ന് കോടിയോളം നേടി അഞ്ചാം സ്ഥാനത്തുണ്ട്.
Content Highlight: Kerala Box Office collection Report including Spiderman and Jana Nayagan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.