അടുത്തിടെയാണ് നടി കീര്‍ത്തി പാണ്ഡ്യനും നടന്‍ അശോക് സെല്‍വനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് സെപ്റ്റംബര്‍ 13നാണ് കഴിഞ്ഞത്.

വിവാഹത്തിന് ശേഷം താന്‍ നേരിട്ട അധിക്ഷേപ കമന്റുകളെ പറ്റി സംസാരിക്കുകയാണ് കീര്‍ത്തി. വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് സിനിമാ വികടന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തി ദുരനുഭവം പങ്കുവെച്ചത്.

‘എന്റെ നിറത്തെ പറ്റിയും എന്റെ ലുക്കിനെ പറ്റിയും ധാരാളം ആളുകള്‍ കമന്റ് ചെയ്തിരുന്നു,’ എന്ന് സിനിമാ വികടന്‍ പുറത്ത് വിട്ട പ്രൊമോ വീഡിയോയിലാണ് കീര്‍ത്തി പറഞ്ഞത്.

ലോകത്തിലെ ഏറ്റവും അഴകുള്ള പെണ്ണ് എന്ന് ഇതിനോട് അശോക് പ്രതികരിക്കുന്നതും പ്രൊമോ വീഡിയോയില്‍ കാണാം.

വിവാഹത്തിന് പിന്നാലെ പുറത്ത് വിട്ട ചിത്രത്തിനൊപ്പവും ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയോടൊപ്പം എന്നായിരുന്നു അശോക് സെല്‍വന്‍ കുറിച്ചത്.

പോര്‍തൊഴിലാണ് ഒടുവില്‍ പുറത്ത് വന്ന അശോക് സെല്‍വന്റെ ചിത്രം. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി എത്തിയ ചിത്രത്തില്‍ നിഖില വിമല്‍, ശരത്കുമാര്‍ എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

വിഗ്നേഷ് രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ശരത് ബാബു, സുനില്‍ സുഗത, സന്തോഷ് കീഴാറ്റൂര്‍, പി.എല്‍. തേനപ്പന്‍ എന്നിവരും അഭിനയിച്ചിരുന്നു.

അന്‍ബിര്‍ക്കിനിയല്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ കീര്‍ത്തിയുടെ ചിത്രം. സൂപ്പര്‍ ഹിറ്റ് മലയാളം ചിത്രം ഹെലന്റെ തമിഴ് റീമേക്കായിരുന്നു ഇത്. ഗോകുല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അരുണ്‍ പാണ്ഡ്യന്‍, പ്രവീണ്‍ രാജ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Keerthy Pandian talks about the abusive comments she faced