കുറഞ്ഞ സമയം കൊണ്ട് മികച്ച പ്രകടനത്തിലൂടെ സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് കയാദു ലോഹാര്‍. പത്തൊന്‍പതാം നൂറ്റാണ്ടെന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം വിനീത് ശ്രീനിവാസന്‍ നായകനായ ഒരു ജാതി ജാതകം, ടൊവിനോ തോമസ് നായകനായി ഈ വര്‍ഷം പുറത്തിറങ്ങിയ പള്ളിച്ചട്ടമ്പി തുടങ്ങിയ ചിത്രങ്ങളിലും പ്രധാനവേഷത്തിലെത്തിയിരുന്നു. താരത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐ ആം ഗെയിം.

വമ്പന്‍ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റില്‍ കയാദു സജീവമായി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ തമിഴ് സിനിമാ ഗ്രൂപ്പുകളില്‍ നിന്നും ഐ.ഡികളില്‍ നിന്നും താരത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജി.വി പ്രകാശ് നായകനായി ഇന്ന്(വെള്ളി)) തിയേറ്ററുകളിലെത്തുന്ന ഇമ്മോര്‍ട്ടല്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ കയാദു പങ്കെടുത്തില്ലെന്ന് പറഞ്ഞായിരുന്നു താരത്തിനെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഐ ആം ഗെയിം.Photo: DT Next

കയാദുവിനെ സ്റ്റാറാക്കിയ തമിഴ് സിനിമയെ മറന്നുവെന്നും തമിഴിന് പകരം മലയാളത്തിന് പ്രാധാന്യം നല്‍കിയെന്നുമായിരുന്നു ആരോപണം. വിഷയത്തില്‍ പ്രതികരണവുമായി എത്തിയ കയാദുവിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഡേറ്റിന്റെ പ്രശ്‌നമുള്ളതിനാലാണ് താന്‍ ഇമ്മോര്‍ട്ടലിന്റെ പ്രൊമോഷന് പങ്കെടുക്കാതിരുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോട് തനിക്ക് വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്നും താരം പറഞ്ഞത്.

‘ഐ ആം ഗെയിം സെപ്റ്റംബര്‍ മൂന്നിനും ഇമ്മോര്‍ട്ടല്‍ നാലിനുമാണ് റിലീസ് ചെയ്യുന്നത്. എങ്ങനെയാണ് ഈ വിവാദം ഉണ്ടായത് എന്ന് എനിക്കറിയില്ല. ഞാനായിട്ട് ഇതിന്റെ ഭാഗമായിട്ടുമില്ല. എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത് എന്ന് എനിക്കറിയില്ല. ഇതിനെ കുറിച്ച് ഞാന്‍ തല പുകച്ച് ആലോചിക്കാനും നിന്നിട്ടില്ല.

ഒരു ദിവസമായിരുന്നു ഞാന്‍ ഐ ആം ഗെയിം പ്രൊമോഷനായി ഉണ്ടായിരുന്നത്. ഇമ്മോര്‍ട്ടലിന് ആ സമയത്ത് പ്രൊമോഷന്‍ ഉണ്ടായിരുന്നില്ല. അതിന് ശേഷം ഞാന്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിനായി പോയി. ഷൂട്ടിങ്ങിന്റെ കാര്യം അറിയാമല്ലോ. അത് ഞാന്‍ മാത്രം ഉള്‍പ്പെടുന്ന ഒരു കാര്യമല്ല. ഒരുപാട് പേര്‍ സെറ്റില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് പ്രൊമോഷന്റെ ഭാഗമാകാന്‍ സാധിച്ചില്ല.

ഇമ്മോര്‍ട്ടല്‍. Photo: Moviebuff.com

പക്ഷേ ഇതൊന്നും തന്നെ ഒരാളോട് വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല കാരണം ആളുകള്‍ക്ക് അവരുടെതായ കാഴ്ചപ്പാടുകളുണ്ടാകും. ഈ ഫിലിം പ്രധാനപ്പെട്ടതാമെന്നും മറ്റേ ചിത്രം അത്രത്തോളം പ്രധാനപ്പെട്ടതല്ലെന്നും അവര്‍ക്ക് തോന്നും. ഇതെല്ലാം എനിക്ക് കേട്ടുമടുത്ത കാര്യങ്ങളാണ്. അവര്‍ അവരുടെ ഭാഗം ചെയ്യട്ടെ,’ കയാദു പറഞ്ഞു.

അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ഐ ആം ഗെയിമിന് ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുല്‍ഖറിന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയാണ് റിലീസിനെത്തിയത്.

Content Highlight: Kayadu Lohar talks about Promotion event issue