മുംബൈ: സിനിമാ താരങ്ങളെ നേരില്‍ കണ്ടാല്‍ ആദ്യം അവരുമൊന്നിച്ച് ഒരു സെല്‍ഫിക്ക് ശ്രമിക്കുന്നവരാണ് പലരും. തങ്ങള്‍ ആരാധിക്കുന്ന താരങ്ങളാണെങ്കില്‍ എത്ര സാഹസം സഹിച്ചും അവര്‍ സെല്‍ഫി തരപ്പെടുത്തും.
സെല്‍ഫിക്ക് പോസ് ചെയ്യാന്‍ താരങ്ങള്‍ക്ക് താത്പര്യമുണ്ടോയെന്നൊന്നും ഇവര്‍ നോക്കില്ല. ചില സാഹചര്യങ്ങളില്‍ പല താരങ്ങളും എതിര്‍പ്പ് തുറന്ന് കാട്ടും. മറ്റുചിലരാകട്ടെ ഇഷ്ടമില്ലെങ്കില്‍ പോലും ആരാധകരെ പിണക്കേണ്ടെന്ന് കരുതി സെല്‍ഫിയ്ക്ക് പോസ് ചെയ്യും.
കഴിഞ്ഞ ദിവസം ദല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് ആരാധകന്റെ സെല്‍ഫി കടന്നാക്രമണത്തന് ഇരയായത് നടി കത്രീന കൈഫായിരുന്നു.
എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് വന്ന കത്രീനയെ ആരാധകര്‍ കൂട്ടത്തോടെ പൊതിഞ്ഞു. എല്ലാവരും സെല്‍ഫി എടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെ കത്രീനയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ തട്ടിമാറ്റി ഒരാള്‍ കത്രീനയ്ക്ക് തൊട്ടടുത്ത് നിന്ന് സെല്‍ഫിക്ക് ശ്രമിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇയാളെ പിടിച്ച് മാറ്റിയെങ്കിലും വീണ്ടും കത്രീനയ്ക്കരികിലേക്ക് ഇയാള്‍ ഓടിയെത്തി. ഇതോടെ ” നിങ്ങള്‍ അവിടെ നിന്ന് സെല്‍ഫിയെടുക്കൂ” എന്ന് പറഞ്ഞ് കത്രീന അവിടെ നിന്നു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സാഹചര്യത്തെ വളരെ കൂള്‍ ആയി കൈകാര്യം ചെയ്ത കത്രീനയെ അഭിനന്ദിച്ച് ആരാധകര്‍ എത്തി.
ദേഷ്യപ്പെട്ട് പ്രതികരിക്കേണ്ട ഒരു സാഹചര്യമായിട്ടുകൂടി താങ്കള്‍ മാന്യമായി പെരുമാറിയെന്നായിരുന്നു പലരും ട്വിറ്ററില്‍ കുറഇച്ചത്.
ഒരു റൗഡിയെപ്പോലെയായിരുന്നു അയാളുടെ പെരുമാറ്റമെന്നും എങ്കില്‍ പോലും താങ്കള്‍ അതിനെ മനോഹരമായി കൈകാര്യം ചെയ്തു എന്നും പറഞ്ഞാണ് ആരാധകര്‍ രംഗത്തെത്തിയത്.
സിനിമാ താരങ്ങളും മനുഷ്യരാണെന്നും അവര്‍ക്ക് അവരുടേതായ ഇടം നമ്മള്‍ കൊടുക്കേണ്ടതുണ്ടെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു. അവര്‍ക്ക് അവരുടെ സ്വകാര്യതയുണ്ട്. അത് മാനിക്കേണ്ടതുണ്ട്. അവരെ ബഹുമാനിക്കാന്‍ കൂടി നമ്മള്‍ പഠിക്കേണ്ടതുണ്ട്”- എന്നായിരുന്നു മറ്റൊരാള്‍ ട്വിറ്റര്‍ കുറിച്ചത്.
