സീരിയല്‍ മാത്രമേ ഹിറ്റായിട്ടുള്ളൂ, രണ്ട് വട്ടം ബിഗ് സ്‌ക്രീനിലെത്തിയപ്പോഴും കത്തനാറിന് ഹിറ്റാകാനായിട്ടില്ല, ജയസൂര്യ ഈ ചരിത്രം തിരുത്തുമോ?
Malayalam Cinema
സീരിയല്‍ മാത്രമേ ഹിറ്റായിട്ടുള്ളൂ, രണ്ട് വട്ടം ബിഗ് സ്‌ക്രീനിലെത്തിയപ്പോഴും കത്തനാറിന് ഹിറ്റാകാനായിട്ടില്ല, ജയസൂര്യ ഈ ചരിത്രം തിരുത്തുമോ?
അമര്‍നാഥ് എം.
Wednesday, 1st April 2026, 8:32 pm

മോളിവുഡിന്റെ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തുമെന്ന് പലരും കരുതുന്ന ചിത്രമാണ് കത്തനാര്‍. ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മലയാളസിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ട്രീറ്റാകും കത്തനാരെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നുണ്ട്.

മലയാളികള്‍ കേട്ടുശീലിച്ച കത്തനാറില്‍ നിന്ന് വ്യത്യസ്തമാണ് ഈ ചിത്രമെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. എ.ഡി. അഞ്ചാം നൂറ്റാണ്ടില്‍ വേണാട് നാട്ടുരാജ്യത്തിലെ കാന്തള്ളൂര്‍ ശാലയെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നതെന്നും ട്രെയ്‌ലറിലുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് മറ്റൊരു കാര്യമാണ്.

കടമറ്റത്ത് കത്തനാരെ ആസ്പദമാക്കി വന്ന സിനിമകള്‍ ഇതുവരെ ബോക്‌സ് ഓഫീസില്‍ വിജയിച്ചിട്ടില്ലെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഐതിഹ്യമാലയിലെ കടമറ്റത്ത് കത്തനാരുടെ കഥയാണ് ഈ രണ്ട് സിനിമക്കും ആധാരം. 1966ല്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ നായകനായെത്തിയ കടമറ്റത്തച്ചന്‍ എന്ന ചിത്രം തിയേറ്ററിലെത്തി.

ഫാദര്‍ ജോര്‍ജ് തര്യന്‍ രചിച്ച നാടകത്തിന്റെ സിനിമാരൂപമായിരുന്നു ഈ ചിത്രം. എന്നാല്‍ നാടകത്തിന്റെ അതേ ക്വാളിറ്റി നിലനിര്‍ത്താന്‍ സാധിക്കാത്തതോടെ ചിത്രം തിയേറ്ററുകളില്‍ പരാജയമായി. പിന്നീട് 18 വര്‍ഷത്തിന് ശേഷമാണ് കടമറ്റത്ത് കത്തനാര്‍ ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനിലെത്തിയത്. കടമറ്റത്തച്ചന്‍ എന്ന് തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും പേര്.

കടമറ്റത്തച്ചന്‍ Photo: IMDB

പ്രേം നസീറിനെ നായകനാക്കി എന്‍.പി സുരേഷ് നിര്‍മിച്ച ചിത്രം അക്കാലത്ത് വലിയ ബജറ്റിലായിരുന്നു ഒരുങ്ങിയത്. പ്രേം നസീറിന് പുറമെ കെ.പി. ഉമ്മര്‍, എം.ജി സോമന്‍, ശ്രീവിദ്യ, ജനാര്‍ദനന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന ഈ ചിത്രവും ബോക്‌സ് ഓഫീസില്‍ പരാജയം രുചിച്ചു. പഴയ കാലഘട്ടത്തിന്റെ ഫീല്‍ കൊണ്ടുവരാന്‍ സാധിക്കാത്ത ആര്‍ട്ട് വര്‍ക്കായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ്.

എന്നാല്‍ കത്തനാരുടെ കഥയെ ആസ്പദമാക്കി ഒരുങ്ങിയ ടി.വി സീരിയല്‍ വന്‍ ഹിറ്റായി മാറി. ടി.എസ് സുരേഷ് ബാബുവിന്റെ തിരക്കഥയിലൊരുങ്ങിയ ഈ സീരിയല്‍ മലയാളികള്‍ ഏറ്റെടുത്തു. ഏഷ്യാനെറ്റിന്റെ എക്കാലത്തെയും മികച്ച സീരീയലുകളിലൊന്നാണിത്. പ്രകാശ് പോള്‍ എന്ന നടന്‍ കടമറ്റത്ത് കത്തനാറായി ഇന്നും മലയാളികളുടെ മനസില്‍ ഇടംപിടിച്ചിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ ലോകഃയിലും കത്തനാരുടെ സാന്നിധ്യമുണ്ടായിരുന്നു. സണ്ണി വെയ്‌നാണ് ഇത്തവണ കത്തനാരായി വേഷമിട്ടത്. അഞ്ച് മിനിറ്റ് മാത്രമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടു. സീരിയലായി വന്ന് ഹിറ്റാവുകയും ബിഗ് സ്‌ക്രീനില്‍ പ്രധാന കഥാപാത്രമായി വന്നപ്പോള്‍ പരാജയമാവുകയും ചെയ്ത കഥാപാത്രമാണ് കടമറ്റത്ത് കത്തനാര്‍. ഈ ചരിത്രം ജയസൂര്യക്ക് തിരുത്താനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Kathanar movies in Malayalam didn’t became hit in Mollywood

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം