ശ്രീനഗര്‍: പാഞ്ഞുവരുന്ന ട്രെയിനെ വകവെക്കാതെ റെയില്‍വേ ട്രാക്കില്‍ കിടന്ന് അഭ്യാസം കളിക്കുന്ന കാശ്മീരി യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

എന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമാകാത്ത വീഡിയോ ഇന്നലെ മുതലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ട്രെയിന്‍ കടന്നുപോകുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ കമഴ്ന്നുകിടന്നുകൊണ്ടായിരുന്നു യുവാവിന്റെ അഭ്യാസം.

അതേസമയം ഇത്തരം അഭ്യാസങ്ങള്‍ മറ്റുള്ളവരും അനുകരിക്കാതിരിക്കാന്‍ ഇയാള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

വലിയ മണ്ടത്തരമാണ് ഈ യുവാവ് കാണിക്കുന്നതെന്നും വിശ്വസിക്കാന്‍ ആവുന്നില്ലെന്നുമായിരുന്നു ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. ഇത്തരം സാഹസികത തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. പ്രസ്തുത വീഡിയോ ഇയാളുടെ സുഹൃത്ത് പകര്‍ത്തി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് യുവാവിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയത്.

അതേസമയം ഇത്തരം വീഡിയോകള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വീഡിയോയ്ക്കെതിരെ സര്‍ക്കാരില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.