ബെംഗളൂരു: കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിലുള്ള വിശ്വാസം കര്‍ണാടകയിലെ നല്ലവരായ വോട്ടര്‍മാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒന്നാമത്തെ പാര്‍ട്ടിയായി അവര്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുത്തെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്റെ വികസന നയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞെന്നും ബി.ജെ.പിയുടെ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും സുര്‍ജേവാല പ്രതികരിച്ചു.

2,662 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 982 സീറ്റുകളില്‍ കോണ്‍ഗ്രസും 929 സീറ്റുകളില്‍ ബി.ജെ.പിയും 375 സീറ്റുകളില്‍ ജനതാദള്‍ എസും വിജയിച്ചു.

ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയായി തെരഞ്ഞെടുപ്പുഫലമെന്ന് ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി പറഞ്ഞു.


പി.കെ ശശി എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗികപീഡന പരാതി; സി.പി.ഐ.എം കേന്ദ്രനേതൃത്വം ഇടപെടുന്നു


കോണ്‍ഗ്രസ്-ജെ.ഡി.എസ് അവിശുദ്ധ കൂട്ടുകെട്ടിനോടുള്ള ജനങ്ങളുടെ പ്രതികരണമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും ബി.ജെ.പി നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും വിശ്വാസത്തിനും കര്‍ണാടകയിലെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തുകയാണെന്നും ബി.ജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

കര്‍ണാടക ഭരണത്തില്‍ സഖ്യത്തിലാണെങ്കിലും കോണ്‍ഗ്രസും ജെഡിഎസും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് സഖ്യമില്ലാതെയാണ് മത്സരിച്ചത്. നിലവില്‍ വിജയിച്ച സീറ്റുകളുമായി തദ്ദേശ സ്ഥാപനങ്ങളില്‍ സഖ്യം തുടര്‍ന്നാല്‍ മിക്കയിടത്ത് നിന്നും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താനാകും.

നഗര പ്രദേശങ്ങളിലൊഴികെ ബി.ജെ.പിക്ക് വന്‍തിരിച്ചടിയാണ് ഉണ്ടായത്. തുംകൂര്‍, മൈസുരു കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി എറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കോണ്‍ഗ്രസും ജെ.ഡി.എസും കൈകോര്‍ത്താല്‍ ബി.ജെ.പിക്ക് പ്രതിപക്ഷത്തിരിക്കേണ്ടിവരും.

ബെല്ലാരി, ബിദാര്‍, ഗദാഗ്, ഹവേരി, കല്‍ബുര്‍ഗി, കൊപ്പല്‍, മൈസുരു, റെയ്ച്ചുര്‍, ഉത്തര കന്നഡ, യാദ്ഗിര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. പരമ്പരാഗത ശക്തികേന്ദ്രമായ ഹസന്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍ ജെ.ഡി.എസിന് മേധാവിത്വം നിലനിര്‍ത്താന്‍ സാധിച്ചു.

അതേസമയം പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഷിമോഗ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം ബി.ജെ.പിക്ക് ലഭിക്കും.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമല്ല ലഭിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസും ജെ.ഡി.എസും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.