28 ഓവറില്‍ അടിച്ചെടുത്തത് 250 റണ്‍സ്!! പടിക്കലിന്റെ ചിറകിലേറി കര്‍ണാടക
Ranji Trophy
28 ഓവറില്‍ അടിച്ചെടുത്തത് 250 റണ്‍സ്!! പടിക്കലിന്റെ ചിറകിലേറി കര്‍ണാടക
ഫസീഹ പി.സി.
Sunday, 1st February 2026, 6:49 pm

രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് കര്‍ണാടക. പഞ്ചാബിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ടീമിന്റെ മുന്നേറ്റം. ക്യാപ്റ്റന്‍ ദേവദത്ത് പടിക്കലിന്റെ സെഞ്ച്വറി കരുത്തിലാണ് കര്‍ണാടക വിജയവും ക്വാര്‍ട്ടര്‍ ഫൈനല്‍ സ്‌പോട്ടും സ്വന്തമാക്കിയത്.

ജയിക്കാന്‍ വേണ്ടിയിരുന്ന 250 റണ്‍സ് വെറും 28 ഓവറില്‍ അടിച്ചെടുത്താണ് കര്‍ണാടകയുടെ ജയം. ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാന്‍ 250 റണ്‍സ് 40 ഓവറിനുള്ളില്‍ വേണമെന്നിരിക്കെയായിരുന്നു ടീമിന്റെ ഈ ചെയ്സ്.

മത്സരത്തില്‍ കര്‍ണാടകക്കായി നാലാം ഇന്നിങ്‌സില്‍ പടിക്കല്‍ 85 പന്തില്‍ പുറത്താവാതെ 120 റണ്‍സെടുത്തു. അഞ്ച് സിക്സും ആറ് ഫോറുമടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഒപ്പം 36 പന്തില്‍ 53 റണ്‍സുമായി മായങ്ക് അഗര്‍വാളും 22 പന്തില്‍ 33 റണ്‍സുമായി ശ്രേയസ് ഗോപാലും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

പഞ്ചാബിനായി അന്‍മോല്‍ജീത് സിങ്ങും ഇമന്‍ജോത് സിങ് ചഹലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സുഖ്‌ദീപ് ബജ്വ ഒരു വിക്കറ്റും സ്വന്തമാക്കി.

മൂന്നാം ഇന്നിങ്‌സില്‍ പഞ്ചാബിനായി ഉദയ് സഹാറന്‍ 166 പന്തില്‍ 93 റണ്‍സുമായി തിളങ്ങിയിരുന്നു. താരത്തിനെ കൂടാതെ അന്‍മോല്‍പ്രീത് സിങ് (141 പന്തില്‍ 44), അഭിജിത് ഗാര്‍ഗ് (68 പന്തില്‍ 33) സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

കര്‍ണാടകക്കായി ശ്രേയസ് ഗോപാലും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ശിഖര്‍ ഷെട്ടി രണ്ടും മൊഹ്‌സിന്‍ ഖാന്‍, വിദ്യാധര്‍ പാട്ടീല്‍ ഓരോ വിക്കറ്റുകള്‍ വീതവുമെടുത്തു.

നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ പഞ്ചാബ് 309 റണ്‍സിന് പുറത്തായിരുന്നു. ഇമന്‍ജോത് (140 പന്തില്‍ 83) അഭിജിത് (133 പന്തില്‍ 81), സഹാറന്‍ (72 പന്തില്‍ 44) എന്നിവരാണ് തിളങ്ങിയത്.

കര്‍ണാടകക്കായി വിദ്യാധര്‍ നാല് വിക്കറ്റും ശ്രേയസ് ഗോപാല്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. മൊഹ്‌സിന്‍ രണ്ടും പ്രസിദ്ധ് ഒരു വിക്കറ്റും നേടി.

രണ്ടാം ഇന്നിങ്‌സില്‍ കര്‍ണാടകക്കായി ശ്രേയസ് 195 പന്തില്‍ 77 റണ്‍സെടുത്തപ്പോള്‍ കെ.എല്‍ രാഹുല്‍ 87 പന്തില്‍ 59 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവരുടെ പ്രകടത്തില്‍ തങ്ങളുടെ ആദ്യ ഇന്നിങ്‌സില്‍ ഏഴ് റണ്‍സിന്റെ ലീഡ് ടീം എടുത്തിരുന്നു.

 

Content Highlight: Karnataka Cricket team qualified for quarter final of Ranji  Trophy with Devdutt Padikkal century

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി