കര്‍ണാടക വിവാഹ സ്വാതന്ത്ര്യവും ആചാരങ്ങളുടെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ തടയലും നിരോധനവും- 2026 എന്ന ബില്‍ സംസ്ഥാന നിയമസഭയിലെ ചര്‍ച്ചയ്ക്ക് ശേഷം ശബ്ദവോട്ടോടെ അംഗീകരിച്ചു.
പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നിയമം ഉറപ്പ് നല്‍കുന്നു.
ദമ്പതികള്‍ക്കെതിരായ അക്രമത്തിലേക്ക് നയിക്കുന്ന ആചാരങ്ങളെ തടയുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്ന് നിയമ പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്. കെ. പാട്ടീല്‍ പറഞ്ഞു.
‘സാമൂഹിക മാറ്റം കൊണ്ടുവരാനും ഒരു തരത്തില്‍ സാമൂഹിക വിപ്ലവം സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണിത്,’ അദ്ദേഹം പറഞ്ഞു.
വിവാഹം കഴിക്കാന്‍ തീരുമനിക്കുന്ന രണ്ട് വ്യക്തികള്‍ക്ക് യാതൊരു തടസവും എതിര്‍പ്പുമില്ലാതെ ഇഷ്ടമുള്ള ആരേയും വിവാഹം കഴിക്കാനുള്ള അവകാശം ബില്ല് ഉറപ്പ് നല്‍കുന്നു.
‘എല്ലാ വ്യക്തികള്‍ക്കും സ്വന്തം ജീവിതത്തില്‍ സ്വയംഭരണാവകാശം ഉണ്ടായിരിക്കും, അതില്‍ സ്വാതന്ത്ര്യത്തിനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം, ഇഷ്ടമുള്ള ഒരാളെ വിവാഹം കഴിക്കാനുള്ള അവകാശം എന്നിവ ഉള്‍പ്പെടുന്നു,’ അദ്ദേഹം പറഞ്ഞു.
ഭീഷണി നേരിടുന്ന ദമ്പതികള്‍ക്ക് പരാതി നല്‍കി ആറ് മണിക്കൂറിനുള്ളില്‍ പൊലീസ് സംരക്ഷണം നല്‍കിയിരിക്കണമെന്നും ബില്ലില്‍ പറയുന്നു.
പ്രതിപക്ഷം ബില്ലിന്റെ ഉദ്ദേശത്തെ സ്വാഗതം ചെയ്തു. എങ്കിലും നിയമങ്ങള്‍ നടപ്പിലാക്കുന്നതിലെ പരാജയമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണമെന്നും പറഞ്ഞു.
കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് നിലവിലുള്ള കേന്ദ്ര നിയമപ്രകാരം ജീവപര്യന്തമോ വധ ശിക്ഷയോ ലഭിക്കാം എന്നിരിക്കേ പുതിയ ബില്ലില്‍ കുറഞ്ഞ ശിക്ഷ 5 വര്‍ഷമായി നിശ്ചയിച്ചത് കുറ്റവാളികളെ സഹായിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആര്‍. അശോക പറഞ്ഞു.
Content Highlight: Karnataka Assembly passes bill to prevent honour killings
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.