സെപ്റ്റംബറില്‍ ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാസ്ത്ര. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രം സെപ്റ്റംബര്‍ ഒമ്പതിനാണ് റിലീസ് ചെയ്യുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയി എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ബ്രഹ്മാസ്ത്ര പുറത്ത് വിടാതെ സസ്‌പെന്‍സാക്കി വെച്ച കഥാപാത്രമായിരുന്നു വാനരാസ്ത്ര. ഈ സസ്‌പെന്‍സ് ഇപ്പോള്‍ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുകയാണ്.

വാനാരാസ്ത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ ക്ലിപ്പ് സംവിധായകന്‍ കരണ്‍ ജോഹറും ആലിയ ഭട്ടും ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്. തീഗോളങ്ങളാല്‍ എതിരാളികളെ നേരിടുന്ന ഒരു അമാനുഷികനെയാണ് വീഡിയോയില്‍ കാണുന്നത്.

‘വാനരാസ്ത്രത്തിന്റെ അസാധാരണ ശക്തി കാണാന്‍ ഇനി എട്ട് നാള്‍ കൂടി,’ എന്നാണ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കരണ്‍ ജോഹര്‍ കുറിച്ചത്. അതേസമയം ഇത് കിങ് ഖാന്‍ ഷാരൂഖ് ആണെന്ന് ആരാധകര്‍ ഒന്നടങ്കം കമന്റില്‍ കുറിക്കുന്നു.

ഷാരൂഖ് ബ്രഹ്മാസ്ത്രയിലെത്തുമെന്ന റൂമറുകള്‍ നേരത്തെ തന്നെ ബോളിവുഡില്‍ പരന്നിരുന്നു. ചിത്രത്തിലെ ഷാരൂഖിന്റെ ഒരു ക്ലിപ്പ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു. ഒരു ഇന്റര്‍വ്യൂവില്‍ മൗനി റോയിയും ഷാരൂഖിന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. പ്രതിനായിക വേഷത്തിലാണ് മൗനി റോയി ചിത്രത്തിലെത്തുന്നത്.

സംവിധായകന്‍ എസ്. എസ്. രാജമൗലിയാണ് തെന്നിന്ത്യയില്‍ ബ്രഹ്മാസ്ത്ര അവതരിപ്പിക്കുന്നത്. സ്റ്റാര്‍ സ്റ്റുഡിയോസ്, ധര്‍മ പ്രൊഡക്ഷന്‍സ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്‌ച്ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മൂന്ന് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് റിലീസിന് ഒരുങ്ങുന്നത്.

ബള്‍ഗേറിയ, ലണ്ടന്‍, ന്യൂയോര്‍ക്ക്, എഡിന്‍ബര്‍ഗ്, വരാണസി എന്നിവടങ്ങളിലായാണ് ബ്രഹ്മാസ്ത്രയുടെ ചിത്രീകരണം നടന്നത്.

Content Highlight: karan johar and alia bhatt presenting vanarastra of sharook khan from brahmastra