മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥനാവുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടിയുടെ മുഖത്തിനൊപ്പം നാല് പേര്‍ ജീപ്പിന്റെ ഹെഡ് ലൈറ്റ് വെളിച്ചത്തില്‍ നടന്നു പോകുന്നതും പോസ്റ്ററില്‍ കാണാം. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പൂനെ, പാല എന്നീ സ്ഥലങ്ങള്‍ കൂടാതെ കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം നടന്‍ റോണി ഡേവിഡ് രാജ് സഹ തിരക്കഥാകൃത്താണ്.

മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിങ് പ്രവീണ്‍ പ്രഭാകറുമാണ്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ്.

റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയവയാണ് മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ നിര്‍മിച്ചതും മമ്മൂട്ടി കമ്പനിയാണ്.

ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബി.ഉണ്ണി കൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍.

Content Highlight: kannur squad first look poster