കാക്കൊത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, ഉള്ളടക്കം, മഴയെത്തും മുമ്പേ, ഈ പുഴയും കടന്ന്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, നിറം, നമ്മള്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് കമല്‍. കറുത്ത പക്ഷികള്‍, പെരുമഴക്കാലം, സെല്ലുലോയ്ഡ് എന്ന ചിത്രങ്ങളിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിലും സംവിധായകന്‍ വലിയ നേട്ടം സ്വന്തമാക്കിയിരുന്നു.

‘അയാള്‍ കഥ എഴുതുകയാണ്’. Photo: X.com
ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച് 1998ല്‍ കമല്‍ സംവിധാനം ചെയ്ത പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘അയാള്‍ കഥ എഴുതുകയാണ്’. കോമഡി-ഡ്രാമാ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായകനായി വേഷമിട്ടത് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലായിരുന്നു. താരത്തിന്റെ റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് കമലിന്റെ ഈ ചിത്രം.
ചിത്രത്തില്‍ മുഴുകുടിയനായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പ്രകടനത്തിന് വലിയ നിരൂപക പ്രശംസയായിരുന്നു സിനിമാ ലോകത്ത് നിന്നും ലഭിച്ചത്. മോഹന്‍ലാലിന് പുറമെ ശ്രീനിവാസന്‍, നന്ദിനി, ഇന്നസെന്റ്, സിദ്ദിഖ്, ദേവന്‍, ജഗദീഷ്, സുകുമാരന്‍. മാധവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.
ഷൂട്ടിനിടയില്‍ താരത്തിന്റെ പ്രകടനം കണ്ടപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് സംവിധായകന്‍ കമല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ മദ്യപിച്ചെത്തി കോളിങ് ബെല്‍ അടിക്കുമ്പോള്‍ ഷോക്കടിക്കുന്ന സീനില്‍ താരം കാഴ്ചവെച്ച പ്രകടനത്തെ കുറിച്ചാണ് കമല്‍ സംസാരിച്ചത്.
‘അയാള്‍ കഥയെഴുതുകയാണ് ചിത്രത്തില്‍ കോളിങ് ബെല്‍ അടിക്കുമ്പോള്‍ ഷോക്കടിക്കുന്ന സീനുണ്ട്. അതില്‍ ലാല്‍ പോയി കോളിങ് ബെല്‍ പ്രെസ് ചെയ്ത ശേഷം അദ്ദേഹത്തിന്റെ ഒരു കുടച്ചിലുണ്ടായിരുന്നു. എന്നിട്ട് താഴെ വീണ് കിടന്നു. ലാല്‍ വീഴുന്നത് കണ്ടപ്പോള്‍ ഞാനങ് ചിരിച്ചുപോയി. ചിരി എന്ന് പറഞ്ഞാല്‍ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല. ഞാന്‍ മാത്രമല്ല എന്റെ പിന്നില്‍ നില്‍ക്കുന്ന അസിസ്റ്റന്റ്‌സും ചിരിച്ചുപോയി.

‘അയാള്‍ കഥ എഴുതുകയാണ്’. Photo: Jio Hotstar
ചിരിക്കുന്നത് കണ്ടപ്പോള്‍ ലാലിന് മനസിലായി ഞാന്‍ കട്ട് പറഞ്ഞിട്ടില്ലെന്ന്. അവിടെ ഒരു സെക്കന്‍ഡ് കിടന്നതിന് ശേഷം ഒരു കുടച്ചിലുണ്ട്. അത് ഞാന്‍ പറഞ്ഞുകൊടുത്തതല്ല. ഞാന്‍ കട്ട് പറയാത്തത് കൊണ്ട് വന്നതാണ്. ആ കുടച്ചില്‍ കഴിഞ്ഞ് സ്റ്റഡി ആയതിന് ശേഷമാണ് ഞാന്‍ കട്ട് പറയുന്നത്. അത്രയും നേരം ഞാന്‍ ചിരിച്ചുകൊണ്ടിരിക്കുകയാണ്. കട്ട് പറഞ്ഞ ഉടനെ അത് ശരി നിങ്ങളെല്ലാവരും ചിരിച്ച് ഇരിക്കുകയാണല്ലേ എന്ന് ലാല്‍ ചോദിച്ചു. കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റിയില്ലെന്ന് ഞാന്‍ പറഞ്ഞു,’ കമല്‍ പറഞ്ഞു.
Content Highlight: Kamal talks about Mohanlal’s experience in Ayal kadha Ezthuthukayan
