പണ്ടത്തെപ്പോലെയല്ല, ഇന്ന് സിനിമ കണ്ടുതീർക്കുന്ന പ്രേക്ഷകർ പെട്ടെന്ന് മറന്നുപോവുകയാണ്: കമൽ
Malayalam Cinema
പണ്ടത്തെപ്പോലെയല്ല, ഇന്ന് സിനിമ കണ്ടുതീർക്കുന്ന പ്രേക്ഷകർ പെട്ടെന്ന് മറന്നുപോവുകയാണ്: കമൽ
നന്ദന. ടി
Monday, 27th July 2026, 3:11 pm

മലയാളികൾ നെഞ്ചിലേറ്റിയ നിരവധി പ്രണയ-കുടുംബ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ സംവിധായകൻ കമൽ, സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ്. സിനിഗ്രാം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമൽ.

‘ഇന്നത്തെ കാലത്താണ് നൂറു കോടി, ഇരുനൂറ് കോടി ക്ലബ്ബ് ഒക്കെ വന്നത്. പണ്ടൊക്കെ ഒരു നൂറു ദിവസം ഓടുന്ന സിനിമ ഉണ്ടാകുക എന്നാണ് നമ്മളൊക്കെ ആഗ്രഹിച്ചിരുന്നത്. അത്തരത്തിൽ സിനിമകൾ നൂറു ദിവസം ഓടിയതിന്റെ ഷീൽഡുകൾ ഒക്കെ വീട്ടിൽ ഉണ്ട്. പക്ഷെ അതിനെല്ലാമുപരി, ഒരു നൂറു ദിവസം കഴിഞ്ഞും ആ സിനിമ പ്രേക്ഷകർ ഓർത്തിരിക്കുക എന്നതാണ് പ്രധാനം. ഒരു സിനിമാ പ്രവർത്തകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടവും അതുതന്നെയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

കമൽ.photo.screen grab/youtube

എന്ന് കരുതി ഒരു സിനിമ ഓടേണ്ട എന്നല്ല, സിനിമകൾ തിയേറ്ററുകളിൽ ഓടിയാൽ മാത്രമല്ലേ പ്രേക്ഷകർ ഓർത്തിരിക്കുക. അതല്ലാതെ എത്രയോ മോശം സിനിമകൾ ഇവിടെ നൂറു ദിവസം ഓടിയിട്ടുണ്ട്, അത് പിന്നെ എന്റെ സിനിമയാണെന്ന് പറയാൻ പോലും പല ആളുകൾക്കും മടിയാണ്. അപ്പോൾ ആ രീതിയിൽ നോക്കുമ്പോൾ, ഒരു നാല്പത് വർഷം കഴിഞ്ഞിട്ടും എന്റെ കുറെ സിനിമകളെക്കുറിച്ച് ആളുകൾ ഇന്നും ഓർത്തിരിക്കുന്നു എന്നത് സന്തോഷം തന്നെയാണ്.

പിന്നെ പണ്ട് ഒരു സിനിമ എ സ്റ്റേഷനിൽ മാത്രമായിരിക്കും റിലീസ് ചെയ്യുന്നത്. അവിടെത്തന്നെ ആകെ ഇരുപത്തിയഞ്ച് പ്രിന്റാണ് റിലീസ് ചെയ്യുക. പിന്നെ അവിടെ കുറച്ചു ദിവസം ഓടും, അതിനുശേഷം ബി ക്ലാസ്സിൽ ഓടും, പിന്നെ സി ക്ലാസ്സിൽ ഓടും. അങ്ങനെ ഏകദേശം ഒരു സിനിമ ആറു മാസം അല്ലെങ്കിൽ ഒരു കൊല്ലം കേരളത്തിൽ എവിടെയെങ്കിലുമൊക്കെ ഓടുന്നുണ്ടാവും. പിന്നെ ആ സിനിമയുടെ പോസ്റ്ററുകളും പല സ്ഥലത്തും ഉണ്ടാവും. അതുകൊണ്ടൊക്കെ പല മനുഷ്യരുടെയും മനസ്സിൽ അത് പതിഞ്ഞു കിടക്കുന്നുണ്ടാവും.

ഇന്ന് ഒരു സിനിമ എല്ലാ സ്ഥലത്തും ഒരുമിച്ചാണ് റിലീസ് ആകുന്നത്. അപ്പോൾ പ്രേക്ഷകർ സ്പ്ലിറ്റ് ആയിപ്പോവുകയാണ്. ലോകത്ത് എല്ലായിടത്തുമുള്ള പ്രേക്ഷകർ കാണുന്നതെല്ലാം പെട്ടെന്ന് കണ്ടുതീർക്കും, അത് കഴിഞ്ഞാൽ അവർ അത് മറക്കുകയും ചെയ്യും,’ കമൽ പറഞ്ഞു.

കമൽ.photo.screen grab/youtube

Content Highlight: Kamal shares that true success for a filmmaker is not box office numbers, but creating a film audiences remember forever

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം