സിനിമയ്ക്ക് വേണ്ടി വലിയ നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല, എങ്കിലും ചില സ്വകാര്യ നഷ്ടങ്ങളുണ്ട്: കമൽ
Malayalam Cinema
സിനിമയ്ക്ക് വേണ്ടി വലിയ നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല, എങ്കിലും ചില സ്വകാര്യ നഷ്ടങ്ങളുണ്ട്: കമൽ
നന്ദന. ടി
Monday, 27th July 2026, 7:46 am

മലയാളികൾ നെഞ്ചിലേറ്റിയ നിരവധി പ്രണയ-കുടുംബ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ സംവിധായകനാണ് കമൽ. ഇപ്പോഴിതാ, തന്റെ സിനിമാജീവിതത്തിലെ വ്യക്തിപരമായ ഓർമകളും പ്രേക്ഷകർ നൽകുന്ന സ്നേഹത്തെക്കുറിച്ചും പങ്കുവെക്കുകയാണ് കമൽ. സിനിഗ്രാം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമൽ.

കമൽ.photo.Screen grab/Youtube

‘സിനിമയ്ക്ക് വേണ്ടി ഞാൻ വ്യക്തിപരമായി വലിയ നഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല, എങ്കിലും ചില സ്വകാര്യ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, എന്റെ രണ്ട് മക്കളും ജനിച്ച സമയത്ത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അതൊരു സ്വകാര്യ നഷ്ടമായിരുന്നു. കാരണം ആ സമയങ്ങളിലൊക്കെ ഞാൻ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു. ഞാൻ എത്തുമ്പോഴേക്കും ഭാര്യ പ്രസവിച്ചിട്ടുണ്ടായിരുന്നു. കുഞ്ഞിനെ അപ്പോൾ കാണാൻ കഴിഞ്ഞില്ല. അതിനുവേണ്ടി ലീവ് എടുക്കാനോ അല്ലെങ്കിൽ ഭാര്യയുടെ പ്രസവത്തിനായി കുറച്ചു ദിവസം മാറിയിരിക്കാനോ പറ്റുന്ന ഒരു അവസ്ഥയിലായിരുന്നില്ല അന്ന് ഞാൻ.

ഇങ്ങനെയുള്ള ചില വ്യക്തിപരമായ നഷ്ടങ്ങളെ മാറ്റിനിർത്തിയാൽ സിനിമ എനിക്ക് ഒരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല. മറിച്ച് നേട്ടങ്ങൾ മാത്രമാണ് തന്നിട്ടുള്ളത്. കാരണം, ഇന്ന് ഞാൻ ‘കമൽ’ എന്ന പേരിൽ അറിയപ്പെടുന്നുണ്ടെങ്കിൽ അത് എനിക്ക് സിനിമ തന്നതാണ്. അതുപോലെ എന്റെ മറ്റു സമ്പാദ്യങ്ങളും എനിക്ക് സിനിമ തന്നതാണ്.

ചിലപ്പോൾ സിനിമ എന്നോട് പുലർത്തിയ നീതി ഞാൻ തിരിച്ചുകൊടുത്തിട്ടില്ല എന്നതാണ് സത്യം. പലരും ധരിച്ചുവെച്ചിരിക്കുന്നത് സാമ്പത്തികമായ നേട്ടങ്ങൾ മാത്രമാണ് സിനിമയിലെ വിജയം എന്നാണ്. സിനിമയിൽ വന്ന് വീടുവെച്ചു, കാർ വാങ്ങി എന്നതൊക്കെ തീർച്ചയായും വേണം, പക്ഷെ അതിനുപരിയായി നമുക്ക് സംതൃപ്തി തരുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരു നാല്പത് വർഷം കഴിഞ്ഞിട്ടും എന്റെ സിനിമയെക്കുറിച്ച് ആളുകൾ സംസാരിക്കുന്നത് വലിയൊരു കാര്യമായി തോന്നാറുണ്ട്. പുതിയ തലമുറയിൽപ്പെട്ട കുട്ടികളൊക്കെ എന്റെ പഴയ സിനിമകൾ യൂട്യൂബിലൊക്കെ കണ്ടിട്ട്, ‘ആ സിനിമ വളരെ നന്നായിരുന്നു, എന്തുകൊണ്ട് ഈ സിനിമ മുൻപേ കാണാതെ പോയി’ എന്നൊക്കെ പറയാറുണ്ട്.

എന്നെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം, ചിലർ എന്റെ സിനിമകളുടെ റിലീസ് തീയതി അടക്കം ഓർത്തുവെച്ച് എനിക്ക് മെസ്സേജ് അയക്കാറുണ്ട് എന്നതാണ്. ഇന്ന വർഷം ഇറങ്ങിയ ചിത്രം അന്ന് ഞാൻ തീയേറ്ററിൽ പോയി കണ്ടിരുന്നു എന്ന് പറഞ്ഞ് സിനിമയിലെ സീനുകളെക്കുറിച്ചും പാട്ടുകളെക്കുറിച്ചും എനിക്ക് മെസ്സേജ് വരുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. കാരണം, ആ സിനിമയുടെ റിലീസ് തീയതി ഒക്കെ നമ്മൾ തന്നെ മറന്നുപോയിട്ടുണ്ടാവും. എങ്കിലും പ്രേക്ഷകർ അതൊക്കെ ഇന്നും ഓർത്തുവെച്ച് നമ്മുടെ സിനിമയെ ചേർത്തുനിർത്തുന്നു എന്ന് പറയുന്നത് വലിയൊരു സന്തോഷമാണ്,’ കമൽ പറഞ്ഞു.

കമൽ.photo.screen grab/youtube

Content Highlight: Kamal shares that cinema brought him fame without major professional losses

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം